
അഫ്ഗാനിസ്ഥാനിലേക്കുള്ള സാമഗ്രികള് വിമാനത്താവളത്തില് | Photo : X / @MEAIndia
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്ക് ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും മറ്റ് മാനുഷിക സഹായങ്ങളും അയച്ച് ഇന്ത്യ. അഫ്ഗാനെതിരെ അതിർത്തി കടന്ന് പാകിസ്താൻ ബോംബാക്രമണങ്ങൾ നടത്തിവരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ അടിയന്തരസഹായം നൽകുന്നത്. 73 ടൺ ജീവൻരക്ഷാ മരുന്നുകളും വാക്സിനുകളും മറ്റ് മാനുഷിക സഹായങ്ങളുമാണ് വെള്ളിയാഴ്ച ഇന്ത്യ അയച്ചത്. മൂന്ന് ദിവസം മുമ്പ് പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാൻ-പാക് ബന്ധം എക്കാലത്തെയും ഏറ്റവും മോശമായ സ്ഥിതിയിലാണുള്ളത്. പാക് ആക്രമണങ്ങളിൽ അഫ്ഗാനിൽ ഒട്ടേറെ സാധാരണക്കാർക്ക് ജീവൻ നഷ്ടമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാൻ്റെ അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾ പരിഹരിക്കാനാണ് ഈ മാനുഷിക സഹായം ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി. ഏപ്രിലിലും സെപ്റ്റംബറിലും സഹായം അയച്ചതിനു ശേഷം, ഈ വർഷം അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അയക്കുന്ന മൂന്നാമത്തെ സഹായമാണിത്. ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളാണിവ. ഇന്ത്യയുടെയും അഫ്ഗാന്റയും പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളായ സൈഡസ് ലൈഫ് സയൻസസും അഫ്ഗാനിസ്ഥാൻ്റെ റോഫീസ് ഇൻ്റർനാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസും തമ്മിൽ 100 മില്യൺ ഡോളറിൻ്റെ ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയാണിത്. താലിബാൻ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി കൂടുതൽ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ തേടി ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ദിവസങ്ങൾക്കകമാണ് ഈ കരാർ.
ഇന്ത്യ- അഫ്ഗാൻ ബന്ധം ഊഷ്മളമാകുന്നതിനിടെ ദീർഘകാല സൗഹൃദബന്ധം പുലർത്തിയിരുന്ന പാകിസ്താനുമായുള്ള അഫ്ഗാൻ ബന്ധത്തിൽ വലിയ വിള്ളലാണ് ഉടലെടുത്തിരിക്കുന്നത്. അഫ്ഗാൻ താലിബാൻ സർക്കാരിൻ്റെ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദിൻ്റെ പ്രസ്താവന പ്രകാരം, നവംബർ 24-25 രാത്രിയിൽ പാക് യുദ്ധവിമാനങ്ങൾ അഫ്ഗാൻ്റെ കിഴക്കൻ പ്രവിശ്യകളായ ഖോസ്ത്, കുനാർ, പക്തിക എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾക്കുനേരെ ആക്രമണം നടത്തി. പാക് വ്യോമസേന വർഷിച്ച ബോംബിൽ ഖോസ്ത് പ്രവിശ്യയിലെ ഒരു വീട് തകർന്നു. ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും ചെയ്തു. കുനാറിലും പക്തികയിലും നടന്ന ആക്രമണങ്ങളിൽ നാല് സാധാരണക്കാർക്ക് കൂടി പരിക്കേറ്റതായി മുജാഹിദ് എക്സിൽ പറഞ്ഞു. "നിരപരാധികളായ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള ഈ ക്രൂരമായ പ്രവൃത്തി വെടിനിർത്തലിൻ്റെ വ്യക്തമായ ലംഘനമാണ്," അദ്ദേഹം പറഞ്ഞു, ഇത്തരം കടന്നുകയറ്റങ്ങൾ തുടർന്നാൽ അഫ്ഗാൻ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ ആരോപണങ്ങളെക്കുറിച്ച് പാക് സൈന്യം മൗനം പാലിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ. വ്യോമാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, നവംബർ 24-ന് രാവിലെ, രണ്ട് ചാവേറുകളും ഒരു തോക്കുധാരിയും ചേർന്ന് പെഷവാറിലെ പാകിസ്താൻ ഫെഡറൽ കോൺസ്റ്റാബുലറിയുടെ ആസ്ഥാനം ലക്ഷ്യമാക്കി നടത്തിയ സംയോജിത ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാൽ പാക് ഉദ്യോഗസ്ഥർ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.
ഇതിന് പ്രതികാരമായി, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലെ ഒരു ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിൽ ഇന്ത്യയുടെ പിന്തുണയുള്ള 22 വിമതരെ വധിച്ചതായി നവംബർ 25-ന് പാക് സൈന്യം അറിയിച്ചു. ഇവരെ "ഖവാരിജ്" എന്നാണ് സൈന്യം വിശേഷിപ്പിച്ചത്. ഒക്ടോബർ 9-ന് കാബൂളിൽ പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലുകൾ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട്, ഒക്ടോബർ 19-ന് ഖത്തറും തുർക്കിയും മധ്യസ്ഥത വഹിച്ച വെടിനിർത്തലിനിടെയാണ് ഈ സംഭവങ്ങൾ. ഡ്രോൺ ആക്രമണം നിരവധി അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയിരുന്നു. ഖോസ്തിലെ ഗുലാം ഖാൻ പോലുള്ള പ്രധാന അതിർത്തികൾ അടച്ചിടാനും ഇത് കാരണമായി.
Content Highlights: India delivers life-saving medicines, vaccines, and humanitarian aid to Afghanistan, strengthening ties amidst regional instability and Pakistan`s alleged border attacks.
Published: 29 Nov 2025, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented