ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ദീർഘകാല ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിച്ചേക്കും.

To advertise here,

അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും പതിവിൽ അധികം മഴ ലഭിക്കും. ജൂൺ മാസത്തിലും സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

മധ്യ ഇന്ത്യയിലും തെക്കൻ ഇന്ത്യയിലും മൺസൂൺ സാധാരണയേക്കാൾ കൂടുതലായിരിക്കുമെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിൽ സാധാരണയിലും താഴെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ സാധാരണ ലഭിക്കാറുള്ള രീതിയിലും മഴ ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു.

വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
27-05-2024: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
28-05-2024: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം
29-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍
30-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍
31-05-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5  മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് തിങ്കളാഴ്ച ഉച്ചക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കന്‍ഡില്‍ 45 സെ.മീയ്ക്കും 71 സെ.മീയ്ക്കും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

തെക്കന്‍ തമിഴ്‌നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) തിങ്കളാഴ്ച രാത്രി 11.30 വരെ 2.8 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കന്‍ഡില്‍ 50 സെ.മീയ്ക്കും 81 സെ.മീയ്ക്കും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.