
Photo : X / @Rajan_Pethani
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചിരുന്ന ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നതായി എൻഐഎ. ഇതു സംബന്ധിച്ച ഹവാല ഇടപാടുമായി ബന്ധമുള്ള ചിലരെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഭീകരർ രാജ്യത്ത് സ്ഫോടനപരമ്പര നടത്തുന്നതിന് പദ്ധതിയിട്ടിരുന്നെന്നെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ഉമർ മുഹമ്മദ് ഹരിയാനയിലെ നൂഹിൽനിന്ന് പണം വലിയ അളവിൽ വളം സംഭരിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിർമിക്കാനുപയോഗിക്കാവുന്ന എൻപികെ വളമാണ് വാങ്ങിക്കൂട്ടിയത്. ലൈസൻസില്ലാതെ വളം വിൽപ്പനനടത്തിയിരുന്ന ദിനേശ് എന്നയാളെ നൂഹിൽനിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തു.
സ്ഫോടനദിവസം വസീർപുർ വ്യവസായ മേഖലയിൽ ഡോ. ഉമർ നബി കാർ നിർത്തി ഇറങ്ങിപ്പോയ ചായക്കടയിലെ ആളെയും ചോദ്യംചെയ്തു. വന്നയാൾ ഒന്നും വാങ്ങിയിരുന്നില്ലെന്നും കുറച്ചുസമയത്തിനുശേഷം മടങ്ങിയെന്നും മൊഴിനൽകി.
ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ബംഗാളിൽനിന്ന് പിടിയിലായ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ജാനിസുർ ആലം എന്ന നിസാറും ഭീകരസംഘത്തിലെ കണ്ണിയാണെന്ന് എൻഐഎ സംശയിക്കുന്നു. കശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭീകരസംഘത്തെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. തുടർന്ന് ഫരീദാബാദിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി. അതിനുശേഷമാണ് ഡൽഹി ചെങ്കോട്ടയ്ക്കടുത്ത് കാർസ്ഫോടനമുണ്ടായത്.
ഭീകരാക്രമണശ്രമങ്ങൾക്കിടെ പ്രതികൾ രാജ്യംവിടാൻ പദ്ധതിയിട്ടതായും സൂചനയുണ്ട്. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് ഈയടുത്താണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. പോലീസ് വെരിഫിക്കേഷൻ നവംബർ മൂന്നിനായിരുന്നു.
ഹരിയാണയിലെ നൂഹിൽനിന്ന് പിടിയിലായ മുഹമ്മദ്, മുസ്തകിം എന്നീ ഡോക്ടർമാരിലൊരാൾ നവംബർ രണ്ടിനാണ് അൽ ഫലാഹിൽനിന്ന് അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയത്. മറ്റേയാൾ നൂഹിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്നു. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലുമായും ചാവേർ ഡോ. ഉമറുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇതിലൊരാൾ, സ്ഫോടനമുണ്ടാകുമ്പോൾ ഡൽഹിയിലുണ്ടായിരുന്നതായി കണ്ടെത്തി. എയിംസിൽ അഭിമുഖത്തിന് പോയതാണെന്നാണ് മൊഴിനൽകിയത്.
അതിനിടെ, ഫരീദാബാദ് സംഘവുമായി ബന്ധമുണ്ടെന്നുകരുതുന്ന 45-കാരനായ സർജനെ പഞ്ചാബിൽനിന്ന് കസ്റ്റഡിയിലെടുത്തു. പഠാൻകോട്ടിലെ മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന ഇയാൾ നേരത്തേ ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലുണ്ടായിരുന്നു.
Published: 16 Nov 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented