ന്യൂഡല്‍ഹി: എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും നാമാവശേഷമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്‍സിപിയെ പുനരുജ്ജീവിപ്പിക്കുമെന്നും ശരദ് പവാര്‍. അജിത് പവാറിന്റെ ചുവടുമാറ്റത്തിന് തന്റെ പിന്തുണയുണ്ടെന്ന കിംവദന്തികളെ ശരദ് പവാര്‍ തള്ളി. എന്‍സിപിയെ പിളര്‍ത്തിക്കൊണ്ട് മരുമകന്‍ അജിത് പവാര്‍ മറുകണ്ടം ചാടിയതിനേത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരിക്കുകയായിരുന്നു ശരദ് പവാര്‍. 

To advertise here,

മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയരംഗം കലുഷിതമാക്കുകയാണ് ബിജെപി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയാണ്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം ആരംഭിച്ചുകഴിഞ്ഞതായും എന്‍സിപിയെ വീണ്ടെടുക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാകരുത്. ഇപ്പോള്‍ ആവശ്യം പ്രവര്‍ത്തകരുടെ ശക്തിയും പിന്തുണയുമാണ്. നാം ഇപ്പോള്‍ ആര്‍ക്കെതിരേയും നടപടി എടുക്കാന്‍ പോകുന്നില്ല. സമയമാകുമ്പോള്‍ എല്ലാവരുടെയും പിന്തുണ എന്‍സിപിക്ക് ലഭിക്കും. ഏതാനും നേതാക്കളുടെ നടപടിയില്‍ തളരാതെ പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനവ്യാപകമായി പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഞായറാഴ്ചയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ അജിത് പവാറിന്റെ നേതൃത്വത്തില്‍ 29 എന്‍.സി.പി. എം.എല്‍.എ.മാര്‍ ബി.ജെ.പി. സര്‍ക്കാരിനൊപ്പം ചേര്‍ന്നത്. തുടർന്ന് അജിത് പവാർ ഉമുഖ്യമന്ത്രിയായും എട്ട് എംഎൽഎമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. തനിക്ക് 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും അജിത് പവാർ അവകാശപ്പെട്ടിരുന്നു.