മുംബൈ: തന്റെ കഥ കഴിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയിലെ എതിരാളികള്‍ക്ക് മേല്‍ക്കൈ നല്‍കാനുള്ള അവസരമുണ്ടാക്കരുതെന്നും ബി.ജെ.പി. ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ അനുയായികളോട് വ്യക്തമാക്കി. ഇത് പാര്‍ട്ടി വിടാനുള്ള സമയമല്ലെന്നും അനുയോജ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും പറഞ്ഞ പങ്കജ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പാര്‍ട്ടിക്കകത്ത് തന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച പങ്കജ മുണ്ടെ കേന്ദ്രനേതൃത്വത്തെ പുകഴ്ത്തി. നരേന്ദ്രമേദിയും അമിത് ഷായും തന്റെ നേതാക്കളാണെന്നും അവര്‍ വ്യക്തമാക്കി.

To advertise here,

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ സഹോദരി പ്രിതം മുണ്ടെയ്ക്ക് അവസരം നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന പങ്കജ തന്നെ കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തരോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രീതം മുണ്ടെയ്ക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ബീഡ്, അഹമ്മദ് നഗര്‍ ജില്ലകളില്‍നിന്ന് നൂറിലധികം പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയ രാജിക്കത്ത് പങ്കജ തള്ളി.

''ഞാന്‍ അവസാനിച്ചിട്ടില്ല. ഇവിടെത്തന്നെയുണ്ട്. അനുയായികളുടെ പിന്തുണയാണ് എന്റെ ശക്തി. ഞാന്‍ ആരെയും ഭീഷണിപ്പെടുത്തുന്നില്ല. എന്റെ ശക്തി കാണിക്കാന്‍ ഈ സ്ഥലം മതിയാവില്ല.'' പങ്കജ മുണ്ടെ വിശദമാക്കി. കേന്ദ്രനേതൃത്വം തന്നെ ബഹുമാനിച്ചിട്ടുണ്ടെന്നും മോദിയും അമിത് ഷായും തന്റെ വേദന മനസ്സിലാക്കുന്നുണ്ടെന്നും പങ്കജ കൂട്ടിച്ചേര്‍ത്തു.
 
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും പങ്കജ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുറിവേറ്റ പാര്‍ട്ടി പ്രവര്‍ത്തരെ താന്‍ സമാശ്വസിപ്പിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന് ആത്മവിശ്വസമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

''ഞാന്‍ നിസ്സഹായയല്ല. എനിക്ക് അരക്ഷിതാവസ്ഥയില്ല. സ്ഥാനമാനങ്ങള്‍ക്കും മന്ത്രിപദത്തിനും വേണ്ടി കെഞ്ചുന്ന വ്യക്തിയല്ല ഞാന്‍. അതെല്ലാം നിസ്സാരമാണ്. ഗോപിനാഥ് മുണ്ടെയുടെ മരണശേഷം പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കാനാണ് ഞാന്‍ സംഘര്‍ഷ യാത്ര നടത്തിയത്. പാര്‍ട്ടിയില്‍ തുടരാന്‍  എനിക്ക്  മന്ത്രിപദത്തിന്റെ ആവശ്യമില്ല.'' മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരെടുത്തു പറയാതെ പങ്കജ മുണ്ടെ പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട നേതാവായിരുന്നു ഗോപിനാഥ് മുണ്ടെ. എന്നാല്‍, തന്റെ സഹോദരിയെ തഴഞ്ഞ് മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു ഒ.ബി.സി. നേതാവായ ഭഗവത് കാരാടിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചതോടെയാണ് പങ്കജ് മുണ്ടെ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞത്.   

Content Highlights: I am not finished, workers are my strength, says dissident BJP leader Pankaja Munde