
രാജ്യത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയര്‍വേസ്. നല്ല സര്‍വീസിന് പേരു കേട്ട കമ്പനി. സമയനിഷ്ഠയുടെ കാര്യത്തിലും നിലവാരത്തിലുമെല്ലാം രാജ്യത്ത് മുന്‍നിരയില്‍ നിന്നിരുന്ന വിമാനകമ്പനികളിലൊന്ന്. 2019-വരെ ഏതാണ്ട് 18% വിപണിവിഹിതവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയുമായിരുന്നു ജെറ്റ് എയര്‍വേസ്. ഒരു ആഭരണ വ്യാപാരിയുടെ മകനായി ജനിച്ച് എളിയ രീതിയില്‍ ജീവിതമാരംഭിച്ച നരേഷ് ഗോയല്‍ എന്ന വ്യവസായ പ്രമുഖന്‍ കെട്ടിപ്പെടുത്ത വിമാനക്കമ്പനി. 1993-ലാണ് ജെറ്റ് എയര്‍വേസ് സ്ഥാപിതമാകുന്നത്. എയര്‍ ടാക്സി ഓപ്പറേഷന്‍ പെര്‍മിറ്റുമായിട്ടായിരുന്നു തുടക്കം. 1996-ഓടെ ഷെഡ്യൂള്‍ഡ് എയര്‍ലൈനായി സര്‍വീസ് ആരംഭിച്ചു. വിപണിയില്‍ മത്സരം കൂടിയതോടെ ടിക്കറ്റ് നിരക്കുകള്‍ വലിയ തോതില്‍ കുറഞ്ഞു, പണക്കാരന്റെ മാത്രം വാഹനം സാധാരണക്കാരന്റേത് കൂടിയായി. പക്ഷേ, പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് 2019 ഏപ്രില്‍ 17-ന് പ്രവര്‍ത്തനം നിര്‍ത്തി.
ചെലവ് കുറഞ്ഞ വിമാനയാത്രയായിരുന്നു ജെറ്റ് ലൈറ്റിന്റെ പ്രധാന ആകര്‍ഷണവും വാഗ്ദാനവും. അതിനായി അവര്‍ സ്പൈസ് ജെറ്റുമായും ഇന്‍ഡിഗോയുമായും മത്സരിച്ചു. സഹാറയുമായുള്ള ലയനമായിരുന്നു ജെറ്റിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി പല വിദഗ്ധരും പറയുന്നത്. ഏകദേശം 1,450 കോടി രൂപയ്ക്കാണ് സഹാറയെ ജെറ്റ് വാങ്ങിയത്. സഹാറയെ അവര്‍ ജെറ്റ് ലൈറ്റാക്കി. നടത്തിപ്പിലെ കെടുകാര്യസ്ഥതയും ജെറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. കടം പെരുകിയതോടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായത്. പക്ഷേ, കേസും നടപടികളും അവിടെ അവസാനിച്ചില്ല. വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഗോയലിനെതിരേ കേസെടുത്തു. പിന്നാലെ കള്ളപ്പണനിരോധന നിയമപ്രകാരവും കേസ്. ഒടുവില്‍ കഴിഞ്ഞ ദിവസം ഗോയലിനെ ഇ.ഡി.അറസ്റ്റ് ചെയ്തു. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്നു പന്തലിച്ച നരേഷ് ഗോയലിന്റെ പതനം. എന്തായിരുന്നു ആ തകര്‍ച്ചയ്ക്ക് പിന്നില്‍? നരേഷ് ഗോയലിനും അദ്ദേഹം കെട്ടിപ്പടുത്ത ജെറ്റ് എയര്‍വേസിനും സംഭവിച്ചത് എന്താണ്?
ആഭരണ വ്യാപാരിയുടെ മകനായി ജനനം
1949-ല്‍ പഞ്ചാബിലെ ചെറിയ പട്ടണമായ സംഗ്രൂരില്‍ ഒരു ആഭരണ വ്യാപാരിയുടെ മകനായിട്ടായിരുന്നു നരേഷ് ഗോയലിന്റെ ജനനം. കുട്ടിയായിരുന്നപ്പോള്‍ തന്നെ പിതാവ് മരിച്ചു. അദ്ദേഹത്തിന് പതിനൊന്ന് വയസ്സുള്ളപ്പോള്‍ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും വീട് ലേലം ചെയ്യുകയും ചെയ്തു. പിന്നീട് അമ്മയുടെ അമ്മാവനൊപ്പമായിരുന്നു താമസം. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമായിരുന്നു സമയമായിരുന്നു അത്. ദിവസേന കിലോ മീറ്ററുകള്‍ നടന്നാണ് അദ്ദേഹം സ്‌കൂളിലേക്ക് പോയിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ നരേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സാമ്പത്തിക പരിമിതികള്‍ കാരണം ബിരുദത്തിന് ചേരാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പട്യാലയിലെ ബിക്രം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. 18-ാം വയസ്സില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് മാറി.
അമ്മാവന്‍ ചരണ്‍ദാസ് രാംലാലിന്റെ ഈസ്റ്റ്-വെസ്റ്റ് ഏജന്‍സി എന്ന ട്രാവല്‍ കമ്പനിയില്‍ 1967-ല്‍ കാഷ്യറായാണ് ഗോയല്‍ തന്റെ സംരംഭകയാത്ര ആരംഭിച്ചത്. പ്രതിമാസം 300 രൂപയായിരുന്നു ശമ്പളം. പിന്നീട് ലെബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ജനറല്‍ സെയില്‍സ് ഏജന്റായി അദ്ദേഹം ട്രാവല്‍ ബിസിനസില്‍ പങ്കാളിയായി. പതിയെ ലോകമെമ്പാടുമുള്ള എയര്‍ലൈന്‍ എക്‌സിക്യൂട്ടീവുകളുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം ഒരു സ്വതന്ത്ര ജനറല്‍ സെയില്‍സ് ഏജന്റായി വളര്‍ന്നു. ജനറല്‍ സെയില്‍സ് ഏജന്റുമാര്‍ ശക്തരായിരുന്ന കാലമായിരുന്നു അത്. പ്രാദേശിക വിപണിയില്‍ അന്താരാഷ്ട്ര എയര്‍ലൈനുകളുടെ പ്രതിനിധികളായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ജോലിയിലെ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം ഓഫീസില്‍ തന്നെയാണ് നരേഷ് കിടന്നുറങ്ങിയത് പോലും. ഇതിനിടെ 1969-ല്‍ ഇറാഖി എയര്‍വേയ്സിന്റെ പബ്ലിക് റിലേഷന്‍സ് മാനേജരായി ഗോയല്‍ നിയമിതനായി. 1971 മുതല്‍ 1974 വരെ റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സിന്റെ റീജ്യണൽ മാനേജരായിരുന്നു. മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സിന്റെ ഇന്ത്യന്‍ ഓഫീസുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. അവിടെ ടിക്കറ്റിംഗ്, റിസര്‍വേഷന്‍, സെയില്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പരിചയം നേടി. ഇക്കാലത്ത് നിരവധി വിദേശ എയര്‍ലൈനുകളുമായുള്ള ബന്ധത്തിലൂടെ ട്രാവല്‍ ബിസിനസില്‍ വലിയ പ്രവര്‍ത്തനപരിചയം അദ്ദേഹം നേടിയെടുത്തു. ബിസിനസ്സുമായി ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകളും ഗോയല്‍ നടത്തി. 1974-ല്‍ അമ്മയില്‍നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അദ്ദേഹം ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്വന്തം ഏജന്‍സി സ്ഥാപിച്ചു. എയര്‍ ഫ്രാന്‍സ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, കാഥേ പസഫിക് എന്നിവയെ പ്രതിനിധീകരിച്ചാണ് 'ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്' പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ വിദേശ എയര്‍ലൈനുകള്‍ക്ക് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് പ്രാതിനിധ്യം നല്‍കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. 1975-ല്‍ ഇന്ത്യയിലെ ഫിലിപ്പീന്‍സ് എയര്‍ലൈന്‍സിന്റെ റീജ്യണൽ മാനേജരായി നിയമിതനായി.

ജെറ്റ് എയര്‍വേയ്സ് ആരംഭിക്കുന്നു
1953-ലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് എയര്‍ലൈന്‍ വ്യവസായത്തെ ദേശസാല്‍ക്കരിക്കുന്നത്. അതോടെ ആഭ്യന്തര സര്‍വീസുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും അന്താരാഷ്ട്ര സര്‍വീസുകള്‍ എയര്‍ ഇന്ത്യയുടേയും മാത്രം കുത്തകയായി. എന്നാല്‍ തൊണ്ണൂറുകളില്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. 1991-ല്‍ എയര്‍ലൈന്‍ വിപണി തുറക്കാന്‍ തുടങ്ങി. എയര്‍ ടാക്‌സികള്‍ എന്ന് വിശേഷിപ്പിച്ച സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍, ഷെഡ്യൂല്‍ പ്രകാരം പ്രവര്‍ത്തിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. നരേഷ് ഗോയല്‍ ഇതില്‍ വലിയ അവസരം കണ്ടെത്തി. 1993 മെയ് അഞ്ചിന് ജെറ്റ് എയര്‍വേസ് തങ്ങളുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഗള്‍ഫ് എയര്‍, കുവൈറ്റ് എയര്‍ എന്നിവയുള്‍പ്പെടെ ഗള്‍ഫില്‍ നിന്നുള്ള ഒരുകൂട്ടം നിക്ഷേപകരുടെ പിന്തുണയോടെയാണ് എയര്‍ലൈന്‍ ആരംഭിച്ചത്. ഗള്‍ഫ് വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തം യാദൃച്ഛികമായിരുന്നില്ല. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ ആ മേഖലയില്‍ ജോലി ചെയ്തിരുന്നിട്ടും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് മാത്രമായിരുന്നു ആക്കാലത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുകയും വലിയ വിമാനകമ്പനികളുടെ പരസ്യങ്ങളുടെ ഭാഗമാകുകയുമായിരുന്നു നരേഷിന്റെ ആശയം. ഗള്‍ഫ് എയറിന്റെയും കുവൈറ്റ് എയറിന്റെയും പിന്തുണയോടെ നാല് വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസുകള്‍ ആരംഭിച്ചത്. ഒപ്പം വിവിധ എയര്‍ലൈനുകളില്‍നിന്ന് മികച്ച ജീവനക്കാരെ വാടകയ്ക്കെടുത്താണ് ഗോയല്‍ ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിന്റെ പരിമിതികള്‍ മറികടന്നത്.
ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ജെറ്റ് എയര്‍വേയ്സിന് രാവിലെ ഏഴ് മണിക്ക് ഒരു ഫ്ളൈറ്റ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍മിച്ചു. 'നിങ്ങള്‍ക്കറിയാമോ, ഇന്ത്യയിലെ ആളുകള്‍ക്ക് സാധാരണയായി പ്രഭാതഭക്ഷണം വൈകിയാണ് കഴിക്കുന്നത്. അതിനാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റ് ഫ്ളൈറ്റ് (ഏകദേശം 7 മണിക്ക്) ഉണ്ടാകുമെന്ന് ഞങ്ങള്‍ പത്രത്തിലൂടെ അറിയിച്ചു. ഒരു ലേറ്റ് ബ്രേക്ക്ഫാസ്റ്റ് ഫ്ളൈറ്റ് ഉണ്ടെന്ന് ഞങ്ങള്‍ അറിയിച്ചു. അത് 9.25 ആയിരുന്നു. പിന്നീട് ഒരു ഫ്ളൈറ്റ് ലേറ്റ് ലഞ്ച് ടൈം ഉണ്ടെന്നും ഞങ്ങള്‍ ജനങ്ങളെ അറിയിച്ചു. അത് ഏകദേശം 13.50-നായിരുന്നു. അതുപോലെ തന്നെ ഞങ്ങള്‍ക്ക് ഫ്ളൈറ്റ് ഹൈ ടീ ടൈം (അഞ്ച് മണി) ഉണ്ടെന്നും പരസ്യം ചെയ്തു. സര്‍ക്കാര്‍ നയം മാറ്റം വരുത്തുകയും ഷെഡ്യൂള്‍ ചെയ്ത സ്വകാര്യ എയര്‍ലൈനുകളെ അനുവദിക്കുകയും ചെയ്യുന്നതുവരെ ഇത് നീണ്ടുനിന്നു, ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിന്റെ പരിമിതികള്‍ മറികടന്നതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം വിശദീകരിച്ചു.
മലയാളിയായ തഖിയുദ്ദീന്‍ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ്-വെസ്റ്റ് എയര്‍ലൈന്‍സ്, ദമാനിയ എയര്‍വേസ്, സഹാറ ഇന്ത്യ എയര്‍ലൈന്‍സ്, മോഡിലുഫ്ത് എന്നിങ്ങനെ അക്കാലത്ത് മറ്റ് ചില ആഭ്യന്തര എയര്‍ലൈനുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിന്നീട് എയര്‍ സഹാറ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സഹാറ ഒഴികെ, മറ്റ് മൂന്ന് എയര്‍ലൈനുകളും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമായി. അക്കാലത്തെ വ്യോമയാന കമ്പനികള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ബാക്കിപത്രമായിരുന്നു തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകം. അതിനെച്ചൊല്ലി വലിയ വിവാദങ്ങളും അക്കാലത്തുണ്ടായിരുന്നു.

ഒരു വിമാനക്കമ്പനിയുടെ ഉയര്‍ച്ചയും താഴ്ചയും
ജെറ്റ് എര്‍വേസ് സര്‍വീസ് ആരംഭിച്ചുള്ള പ്രാരംഭ വര്‍ഷങ്ങള്‍ ശ്രമകരമായിരുന്നു. നരേഷ് ഉള്‍പ്പെടെ എല്ലാവര്‍ക്കും കഠിനാധ്വാനത്തിന്റെ ദിനങ്ങളായിരുന്നു. പൈലറ്റിന് പോലും ടോയ്ലറ്റ് വൃത്തിയാക്കേണ്ടി വന്നിരുന്നുവെന്നും അക്കാലം ഓര്‍മിച്ചുകോണ്ട് നരേഷ് പറഞ്ഞിരുന്നു. 'വിമാനം വൃത്തിയായി സൂക്ഷിക്കാന്‍ പൈലറ്റ് പോലും ടോയ്ലറ്റ് വൃത്തിയാക്കിയിരുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു ടോയ്ലറ്റ് വൃത്തിയാക്കിയിട്ടില്ല. പക്ഷേ, ആ സമയത്ത് എനിക്കും അത് ചെയ്യേണ്ടി വന്നു, നരേഷ് ഓര്‍മിച്ചു.
പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷത്തില്‍ 7,30,000 യാത്രക്കാരെ വരെ ജെറ്റ് എയര്‍വേയ്സിന് ലഭിച്ചു! സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികളായ ഇന്ത്യന്‍ എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യയ്ക്കും പ്രധാന വെല്ലുവിളിയായി ജെറ്റ് എയര്‍വേസ് പതിയെ ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. ഈഘട്ടത്തില്‍ സര്‍ക്കാരിലും രാഷ്ട്രീയക്കാര്‍ക്കിടയിലുമുള്ള ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ച് ജെറ്റ് എയര്‍വേസ് ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗോയല്‍ ശ്രമിച്ചിരുന്നു. നരേഷ് ഗോയലിന്റെ വളര്‍ച്ചയില്‍ അധോലോകത്തിന്, പ്രത്യേകിച്ച് ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദാവൂദിന്റെയും ഛോട്ടാ ഷക്കീലിന്റെയും നേതൃത്വത്തിലുള്ള അധോലോക സംഘങ്ങളുടെ സഹായത്തോടെയാണ് ഗോയലിന്റെ നിക്ഷേപത്തിന്റെ ഭാഗങ്ങള്‍ സ്വരൂപിച്ചതെന്ന സംശയമാണ് ഇക്കാര്യത്തില്‍ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചത്.
2004 അവസാനത്തോടെ ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര റൂട്ടുകള്‍ ഉദാരവല്‍ക്കരിക്കപ്പെട്ടു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ജെറ്റ് എയര്‍വേയ്സ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുകയും ആഭ്യന്തര വിപണി വിഹിതം അതിവേഗം വര്‍ധിപ്പിക്കുകയും ചെയ്തു. 2004-ല്‍ ജെറ്റ് അവരുടെ ആദ്യവിമാനം മുംബൈയ്ക്കും ലണ്ടനും ഇടയില്‍ ആരംഭിച്ചു. 2005-ല്‍ ഡല്‍ഹി-ലണ്ടന്‍ സര്‍വീസും തുടങ്ങി. അതേ വര്‍ഷം തന്നെ കമ്പനി ഐ.പി.ഒ. ആരംഭിച്ചു. മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന ജെറ്റ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സിനേക്കാളും എയര്‍ ഇന്ത്യയേക്കാളും ഇന്ത്യക്കാരുടെ വിമാനയാത്രക്കാരുടെ ഇഷ്ട വിമാനക്കമ്പനിയായി മാറിയിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികള്‍ നഷ്ടത്തിലാകുകയും ജെറ്റ് എയര്‍വേസിന്റെ വിപണിവിഹിതം കുതിച്ചുയരുകയും ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ പുതിയ എതിരാളികള്‍ ഉയര്‍ന്നുവന്നു. എയര്‍ ഡെക്കാന്‍, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ (പിന്നീട് ഗോ ഫസ്റ്റ്), വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികള്‍ ഇന്ത്യന്‍ വ്യോമയാനമേഖലയിടെ തലവര തന്നെ മാറ്റിമറിച്ചു. എന്നാല്‍, എയര്‍ ഡക്കാന്റെ വളര്‍ച്ച തടയുന്നതില്‍ ഗോയലിന് പങ്കുണ്ടായിരുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു.2007-ല്‍, കമ്പനി 1,450 കോടി രൂപയ്ക്ക് 'എയര്‍ സഹാറ' സ്വന്തമാക്കി. സഹാറയെ അവര്‍ ജെറ്റ് ലൈറ്റാക്കി പുനരവതരിപ്പിച്ചു. 2010-ന്റെ മൂന്നാം പാദമായപ്പോഴേക്കും 22.6 % പാസഞ്ചര്‍ മാര്‍ക്കറ്റ് ഷെയറുമായി ജെറ്റ് എയര്‍വേസ് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ആയി മാറി.

കേന്ദ്രസര്‍ക്കാരിന്റെ വിദേശനിക്ഷേപ നയം പ്രയോജനപ്പെടുത്തി, 2013-ല്‍ ഇത്തിഹാദ് എയര്‍വേയ്സുമായി തന്ത്രപരമായ പങ്കാളിത്ത കരാര്‍ വിജയകരമായി അവസാനിപ്പിക്കാനും നരേഷിന് സാധിച്ചു. ഇത്തിഹാദിന് 379 മില്യണ്‍ ഡോളറിന് ജെറ്റ് എയര്‍വേസില്‍ 24% ഓഹരി നല്‍കി. ഈ കരാര്‍ ജെറ്റ് എയര്‍വേയ്സിന് സാമ്പത്തികനേട്ടം മാത്രമല്ല, ആഗോള വ്യോമയാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ ഇത്തിഹാദിന്റെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്താന്‍ സാധിച്ചു. 2013 ഫെബ്രുവരിയില്‍, ഓഹരി വില ഇടിഞ്ഞതിനാല്‍ എയര്‍ലൈനിന്റെ വിപണി മൂല്യം 4.84 ബില്യണായി കുറഞ്ഞു. 2016-ലും ഇന്‍ഡിഗോയ്ക്ക് പിന്നില്‍ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയര്‍വേസ്. എന്നാല്‍ 2018-ല്‍ കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമായി. 2019-ല്‍ പ്രതിസന്ധി രൂക്ഷമാകുകയും കമ്പനിയുടെ നിയന്ത്രണം എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ആ വര്‍ഷം മാര്‍ച്ചില്‍ നരേഷ് ഗോയലും ഭാര്യ അനിതയും ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചു. ഏപ്രില്‍ 17-ന് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
നരേഷ് ഗോയലിന്റെ തെറ്റുകള്‍, ജെറ്റിന്റെ പതനം
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ആയി മാറുമ്പോഴും ജെറ്റ് എയര്‍വേയ്സിന് യാത്ര പൂര്‍ണമായും സുഗമമായിരുന്നില്ല. 2006-ല്‍ 46% വരെ എത്തിയ വിപണി വിഹിതം പിന്നീട് ഇടിഞ്ഞുകൊണ്ടിരിക്കുന്നു. അതേസമയം, മറ്റ് വിമാനകമ്പനികളും വിപണിയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ കാര്യമായ ശ്രമം നടത്തുകയും ചെയ്തു. എതിരാളികളായ സഹാറ എയര്‍വേസിനെ ഏറ്റെടുത്തതാണ് ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണങ്ങളിലൊന്നെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. 2007-ലാണ് 1,450 കോടി രൂപയ്ക്ക് എയര്‍ സഹാറയെ ഗോയല്‍ വാങ്ങുന്നത്. സാമ്പത്തികവും നിയമപരവുമായ നിരവധി പ്രശ്നങ്ങള്‍ ജെറ്റിന് സമ്മാനിച്ച ഒരു ഇടപാടായിരുന്നു ഇത്. കിങ്ഫിഷര്‍, എയര്‍ ഡെക്കാന്‍, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് എന്നിവരടക്കമുള്ള എതിരാളികളെ നേരിടാനാണ് ഗോയല്‍ സഹാറയെ വാങ്ങിയത്. ഇതോടെ ഫലപ്രദമായി വിപണിയില്‍ മത്സരിക്കാനും അധിക പണം ചെലവഴിക്കാനുള്ള ജെറ്റിന് സാധിക്കാതെ വന്നു. മറ്റൊന്ന് നരേഷ് ഗോയലിന്റെ തെറ്റായ തീരുമാനങ്ങളും നയങ്ങളുമായിരുന്നു. ബോയിങ്ങിൽനിന്നും എയര്‍ബസില്‍നിന്നും രണ്ട് ഡസനോളം വിമാനങ്ങള്‍ക്ക് എയര്‍ലൈന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. മാത്രമല്ല, കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്തു.

കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനികള്‍ നേട്ടമുണ്ടാക്കിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കിടയില്‍ യാത്രാക്കൂലി യുദ്ധം തുടങ്ങി. ഈ സമ്മര്‍ദത്തിനിടയില്‍ ജെറ്റ് എയര്‍വേസും കിങ് ഫിഷര്‍ എയര്‍ലൈന്‍സും വന്‍തോതില്‍ വായ്പയെടുത്തു. പ്രതിസന്ധികള്‍ക്കൊടുവില്‍ 2012-ല്‍ കിങ്ഫിഷറിന് അടച്ചുപൂട്ടേണ്ടി വന്നു. ജെറ്റ് എയര്‍വേയ്സിലും പ്രതിസന്ധി ഒഴിഞ്ഞിരുന്നില്ല. ഫണ്ടുകള്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടി അവര്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ 2008-ല്‍ ആഗോള എണ്ണവില കുതിച്ചുയര്‍ന്നതും പിന്നീട് ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയും ചെയ്തതും കാര്യങ്ങള്‍ വഷളാക്കി. ഇവ രണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമഗതാഗത മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു.
എണ്ണയ്ക്കൊപ്പം വിമാന ഇന്ധനവിലയും കുതിച്ചുയര്‍ന്നതോടെ വിമനക്കമ്പനികള്‍ പ്രതിസന്ധിയിലായി. 2011-12 കാലത്ത് ജെറ്റ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ഇതോടെ നരേഷ് ഗോയല്‍ ഇത്തിഹാദുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഏകദേശം അന്‍പതോളം ചര്‍ച്ചകള്‍ക്ക് ശേഷം 2013-ല്‍ ഇത്തിഹാദിന് 24% ഓഹരികള്‍ 379 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ ഗോയലിന് കഴിഞ്ഞു. ജെറ്റിന്റെ അന്നത്തെ അപകടാവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇത് അസാധ്യമായിരുന്ന വിലയാണെന്നാണ് കരുതപ്പെടുന്നത്.
2014-ന്റെ മധ്യത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപണിക്കായി ഇന്‍ഡിഗോയോടുള്ള മത്സരം നഷ്ടം വരുത്തിവെച്ചെങ്കിലും 2015-2017 കാലയളവില്‍ ഇന്ധനവില കുറഞ്ഞത് ജെറ്റ് എയര്‍വേയ്സിനെ മുന്നോട്ട് നയിച്ചു. ആഗോളതലത്തില്‍ ഇന്ധനത്തിന്റെ വില കുതിച്ചുയരാന്‍ തുടങ്ങിയ 2018-ഓടെ കാര്യങ്ങള്‍ പിടിവിട്ടു. പ്രതിസന്ധി നേരിട്ടതോടെ, ആ വര്‍ഷം ഓഗസ്റ്റില്‍ കമ്പനി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും വിമാനക്കമ്പനിയില്‍ നിന്ന് ഗോയല്‍ പണം വക മാറ്റുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ ജെറ്റ് എയര്‍വേസില്‍ നിക്ഷേപം നടത്താന്‍ ടാറ്റയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും ഫലവത്തായില്ല. 85,000 കോടി കടബാധ്യതയായിരുന്നു അവസാനഘട്ടത്തില്‍ കമ്പനിക്കുണ്ടായിരുന്നത്.
ഇതോടെ കിട്ടാക്കടം ഓഹരിയാക്കിമാറ്റാന്‍ എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലിനെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കിയത്. അതും ഫലം കണ്ടില്ല. ഇതിനിടെ വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയ കമ്പനികള്‍ അത് തിരിച്ചുവിളിക്കുകയും കുടിശ്ശികയുടെ പേരില്‍ എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കാതെ വരികയും ചെയ്തതോടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. 2019 മുതല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമായി. ഇതിനിടെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. അതോടെ 2019 ഏപ്രിലില്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കല്‍ കേസും അറസ്റ്റും
ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും കേസുകള്‍ നരേഷ് ഗോയലിനെ വിടാതെ പിന്തുര്‍ന്നിരുന്നു. 2019 അവസാനം ഗോയല്‍ ഇന്ത്യ വിടുന്നത് വിലക്കപ്പെട്ടു. പിന്നാലെ, ജെറ്റ് എയര്‍വേസിലെ ഗോയല്‍ ഉള്‍പ്പെടെയുള്ള ഉന്നതരും ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായി. 2019 മെയ് മാസത്തില്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡിലെ ഇത്തിഹാദ് എയര്‍വേയ്സിന്റെ നിക്ഷേപത്തെക്കുറിച്ച് ഇ.ഡി. അന്വേഷിക്കാന്‍ തുടങ്ങി. സെപ്റ്റംബറില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗോയലിനെതിരായ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് കേസെടുത്തു. ഫെമ കേസുമായി ബന്ധപ്പെട്ട് ജെറ്റ് എയര്‍വേസിന്റെ ഏതാനും മുന്‍ ഉന്നത ഉദ്യോഗസ്ഥരെയും ഏജന്‍സി ചോദ്യം ചെയ്തു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എം.സി.എ.) നടത്തിയ പരിശോധനയില്‍ വിമാനക്കമ്പനിയില്‍ ഫണ്ട് വകമാറ്റം ഉള്‍പ്പെടെ വന്‍തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ആദായനികുതി വകുപ്പും അവരുടെ ഓഫീസുകളില്‍ പരിശോധന നടത്തി പൊരുത്തക്കേടുകള്‍ കണ്ടെത്തി. പിന്നാലെ 2020-ല്‍ കള്ളപ്പണനിരോധന നിയമപ്രകാരവും ഇ.ഡി. പുതിയ കേസെടുത്തു.
2020-ല്‍, സംരംഭകനായ മുരാരി ലാല്‍ ജലാനും അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കല്‍റോക്കും വിമാന പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനായി ശ്രമിച്ചിരുന്നു. 2022-ല്‍ ആഭ്യന്തര വിമാനക്കമ്പനിയായി ജെറ്റ് എയര്‍വേസ് പറന്നുയരുമെന്ന് പ്രതീക്ഷിച്ചു. 2022 മെയ് 20-ന് ജെറ്റ് എയര്‍വേയ്സിന് അതിന്റെ എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പക്ഷേ, സര്‍വീസ് പുനഃരാരംഭിക്കാനായില്ല. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ജലാന്‍-കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് കമ്പനി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, എസ്ബിഐയുടെ നേതൃത്വത്തിലുള്ള കാരിയര്‍ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ജെ.കെ.സിക്ക് ഇപ്പോഴും എയര്‍ലൈനിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് ഈമാസം ആദ്യം നരേഷ് ഗോയലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. കനറ ബാങ്കില്‍ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസിലെ റിപ്പോര്‍ട്ടിലാണ് കള്ളപ്പണ ആരോപണം ഉയര്‍ന്നത്. മുംബൈയിലെ .ഇഡി. ഓഫീസില്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരമാണ് ഗോയലിനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: How Jet Airways founder Naresh Goyal built a successful airline and then destroyed
Published: 06 Sept 2023, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented