ഷിംല: ഹിമാചൽ പ്രദേശിൽ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് 13 പേർക്ക് ദാരുണാന്ത്യം. ടാക്‌സിയിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്ത്. ലാഹോൾ-സ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലെ കാഡു നാളയ്ക്ക് സമീപമാണ് അപകടം. പരിക്കേറ്റ ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കുന്നിന്റെ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

To advertise here,

മണ്ണിടിച്ചിലിനെത്തുടർന്ന് ഒരുദിവസം അടച്ചിട്ടശേഷം റോഡ് വീണ്ടും തുറന്നപ്പോഴാണ് അപകടം. വാഹനത്തിൽ 15 യാത്രികരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തേ റോഡ് അടച്ചിട്ടതിനെത്തുടർന്ന് ഈ യാത്രാസംഘം ടിൻഡിയിൽ കുടുങ്ങിയിരുന്നു. വെള്ളിയാഴ്ച റോഡ് തുറന്നതോടെ ഇവർ പംഗി താഴ്‌വരയിലേക്ക് യാത്ര പുനരാരംഭിക്കുകയായിരുന്നു.

മലഞ്ചെരുവിന്റെ ഒരു വലിയ ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നെന്നും പാറകളും മണ്ണും ടാക്‌സിക്ക് മുകളിലേക്ക് പതിച്ചെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിൽ വാഹനം പൂർണമായും മണ്ണിനടിയിലാവുകയും യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗംപേരും പംഗി താഴ്‌വരയിലേക്കുള്ള യാത്രക്കാരാണെന്നാണ് റിപ്പോർട്ടുകൾ.