ചണ്ഡീഗഢ്: കോൺഗ്രസിനെ സ്ത്രീ വിരുദ്ധ പാർട്ടിയെന്ന് വിളിച്ച് ബിജെപി. ഹരിയാണയിൽ പാർട്ടി പരിപാടിക്കിടയിൽ വനിതാ കോൺഗ്രസ് പ്രവർത്തകയെ അപമാനിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിൽ വേദിയിൽ വച്ച് വനിതാ കോൺഗ്രസ് പ്രവർത്തക അപമാനിക്കപ്പെട്ടിട്ടും മൗനം ഭജിക്കുന്നതിനെ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ചോദ്യം ചെയ്തു.
പകൽ വെളിച്ചത്തിൽ, ദീപേന്ദർ ഹൂഡയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് വേദിയിൽ ഒരു വനിതാ നേതാവിനെ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കോൺഗ്രസിലെ സ്ത്രീകൾ പകൽ സമയത്ത് പൊതുവേദികളിൽ സുരക്ഷിതരല്ലെങ്കിൽ, സംസ്ഥാനത്തെ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വമുണ്ടാകുമെന്നും പൂനവല്ല ചോദിച്ചു.
കോൺഗ്രസിലെ മോശം പെരുമാറ്റം കാരണം പല വനിതാ നേതാക്കളും പാർട്ടി വിട്ടുപോയി. എന്നിട്ടും, സ്ത്രീ ശാക്തീകരണത്തിൻ്റെ മുദ്രാവാക്യം ഉയർത്തുന്ന പ്രിയങ്ക വാദ്ര മൗനം പാലിക്കുന്നു. ഹൂഡ അനുകൂലികൾക്കെതിരെ പ്രിയങ്ക വാദ്രയും രാഹുൽ ഗാന്ധിയും നടപടിയെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകളെയും ദരിദ്രരെയും ദളിതരെയും ബഹുമാനിക്കാത്തത് കോൺഗ്രസിൻ്റെ സംസ്കാരത്തിലും ഡിഎൻഎയിലുമുള്ളതാണെന്ന് ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനിയും വിമർശിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ സർക്കാർ കർശന നടപടിയെടുക്കുമെന്നും ആരെയും വെറുതെവിടില്ലെന്നും സൈനി പറഞ്ഞു.
അതേസമയം, ദുരനുഭവമുണ്ടായ യുവതിയുമായി സംസാരിച്ചതായി കോൺഗ്രസ് എംപി കുമാരി സെൽജ പറഞ്ഞു. ആളുകൾ തന്നെ മോശമായി സ്പർശിച്ചതായി യുവതി തന്നോട് വെളിപ്പെടുത്തിയതായി പറഞ്ഞ കുമാരി ഒരു സ്ത്രീക്ക് ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അത് അങ്ങേയറ്റം അപലപനീയമാണെന്നും എഎൻഐയോട് പറഞ്ഞു.
Content Highlights: Haryana Congress worker molested at event Anti women party criticised BJP
Published: 05 Oct 2024, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented