ന്യൂഡല്‍ഹി: ഹാരപ്പന്‍ സംസ്കാരത്തിലെ അതിപുരാതന പട്ടണമായ ധോലാവിര യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടി. ഇപ്പോഴത്തെ ഗുജറാത്തിലാണ് ധോലാവിര സ്ഥിതി ചെയ്യുന്നത്. ധോലാവിര പൈതൃകപട്ടികയില്‍ ഇടം നേടിയ വിവരം യുനെസ്കോ തങ്ങളുടെ ഔദ്യോഗ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.
ചൈനയിലെ ഫുസോഹുവില്‍ ചേര്‍ന്ന 44-ാമത് യുനെസ്കോ ലോക പൈതൃക സമിതിയുടെ യോഗത്തില്‍ തെലങ്കാനയില്‍നിന്നുള്ള കക്കാത്തിയ രുദ്രേശ്വര(രാമപ്പ) ക്ഷേത്രവും പട്ടികയില്‍ ഇടം നേടി. ഇതോടെ രാജ്യത്തുനിന്ന് യുനെസ്കോ പൈതൃകപട്ടികയില്‍ ഇടം നേടിയവയുടെ എണ്ണം 40 ആയി ഉയര്‍ന്നു.

'ഇന്ത്യയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. ഇതോടെ ലോക പൈതൃകപട്ടികയില്‍ സൂപ്പര്‍ 40 ക്ലബിലേക്ക് ഇന്ത്യയും എത്തിച്ചേര്‍ന്നിരിക്കുന്നു. 2014 ശേഷം രാജ്യത്തുനിന്നും 10 പൈതൃക സ്ഥാപനങ്ങള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്'-കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു. ബി.സി. മൂന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയില്‍ തെക്കന്‍ ഏഷ്യയില്‍ നിലനിന്നിരുന്ന സവിശേഷവും പരിരക്ഷിക്കപ്പെട്ടതുമായ പുരാതനനഗരമാണ് ധോലാവിരയെന്ന് യുനെസ്കോ പറഞ്ഞു.
1968-ലാണ് ധോലാവിര കണ്ടെത്തുന്നത്. ജലവിതരണ സംവിധാനം, വിവിധ തലങ്ങളായുള്ള സുരക്ഷാ സംവിധാനം, കല്ലറകളുടെയുള്‍പ്പടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കല്ലുകളുടെ വിശാലമായ ഉപയോഗം എന്നിവയിലെല്ലാം ഈ അതിപുരാതന നഗരം വ്യത്യസ്ത പുലര്‍ത്തുന്നു. ചെമ്പ്, കല്ല്, വിശേഷപ്പെട്ട കല്ലുകളുപയോഗിച്ചുള്ള ആഭരണങ്ങള്‍, സ്വര്‍ണം, ആനക്കൊമ്പ് എന്നിവ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Harappan city Dholavira in Gujarat gets unesco world heritage site tag
Published: 27 Jul 2021, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented