വർക്കല: യുനെസ്‌കോ പൈതൃക സാധ്യതാപ്പട്ടികയിൽ ഇടംനേടിയത് പാപനാശം കുന്നുകളുടെ സംരക്ഷണത്തിനു പുതിയ പ്രതീക്ഷയാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് പട്ടികയിൽ ഇടംനേടാനായത്. അതിനാൽ പൈതൃകസമ്പത്ത് കാത്തുസൂക്ഷിച്ച് നിലനിർത്തുന്നതിനുള്ള കാര്യക്ഷമമായ നടപടികൾ ഇനിയുണ്ടാകും. പ്രത്യേക പദവി ലഭിക്കുന്നതിലൂടെ കേന്ദ്രസർക്കാരിനു കീഴിലുള്ള വകുപ്പുകളുടെ നേരിട്ടുള്ള ഇടപെടലുണ്ടാകും. കുന്നിടിക്കലും അനധികൃത നിർമാണവും ഉൾപ്പെടെ കുന്നിനു ദോഷംചെയ്യുന്ന പ്രവൃത്തികളിൽ ശക്തമായ ഇടപെടലുകളും ഉണ്ടാകും.
പാപനാശം കുന്നുകളെ യുനെസ്‌കോ ജിയോ പാർക്ക് ആക്കുന്നതിനായി യുനെസ്‌കോ ഡൽഹി റീജണൽ ഓഫീസിൽ വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ(വിവിഡ്) പ്രൊപ്പോസൽ നൽകിയിരുന്നതായി എംഡി വി. രാമചന്ദ്രൻപോറ്റി അറിയിച്ചു. പാപനാശം കുന്ന് സംരക്ഷണത്തിനായി മിനിസ്ട്രി ഓഫ് എർത്ത് സയൻസ് ശാസ്ത്രീയപഠനം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇനി സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡിവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ പഠനം നടത്തേണ്ടതുണ്ട്.
രണ്ടു പഠനങ്ങൾ ചേർത്ത് റിപ്പോർട്ടാക്കി കേന്ദ്രസർക്കാരിനു നൽകും. അതനുസരിച്ച് കുന്ന് സംരക്ഷണത്തിനു തുക അനുവദിക്കുമെന്നും രാമചന്ദ്രൻപോറ്റി പറഞ്ഞു. നടത്തിയ പഠനങ്ങളിലെല്ലാം പാപനാശം കുന്ന് തകർച്ചാഭീഷണി നേരിടുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും (എൻസിഇഎസ്എസ്), ദേശീയ തീരദേശ ഗവേഷണകേന്ദ്രം(എൻസിസിആർ) ചെന്നൈയും നടത്തിയ പഠനത്തിൽ വർക്കല ക്ലിഫ് വലിയ നാശം നേരിടുന്നതായി കണ്ടെത്തിയിരുന്നു. ഭൂമിശാസ്ത്രപരമായ കാര്യങ്ങളും അനധികൃത നിർമാണങ്ങളും മനുഷ്യരുടെ ഇടപെടലുകളുമാണ് കുന്നിന്റെ ശോഷണത്തിനു കാരണമായി കണ്ടെത്തിയത്.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ക്ലിഫിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും സൗന്ദര്യവും നിലനിർത്തി സംരക്ഷിക്കുന്നതിന് ഒരു കൺസോർഷ്യത്തെ ഏൽപ്പിക്കാമെന്ന് ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര എർത്ത് സയൻസ് മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചിരുന്നു. വർക്കല കുന്നുകളുടെ സംരക്ഷണത്തിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് അഹമ്മദാബാദ് നിയമ സർവകലാശാലയിലെ ഫീൽഡ് സർവേയിൽ കണ്ടെത്തിയിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിലെ 55 വിദ്യാർഥികളുടെ ആർക്കിടെക്ചർ ബിരുദപഠന തീസിസിന്റെ ഭാഗമായാണ് വർക്കലയിൽ ഫീൽഡ് സർവേ നടത്തിയത്. യുെനസ്‌കോ സാധ്യതാപ്പട്ടികയിൽ ഇടംനേടിയതോടെ പാപനാശം കുന്നുകൾ കൂടുതൽ ആധികാരികമായ പഠനങ്ങൾക്കു വേദിയാകും.
അനന്യമായ കാഴ്ചകൾ
പ്രകൃതിയുടെ വരദാനമാണ് വർക്കല ഫോർമേഷൻ എന്നറിയപ്പെടുന്ന പാപനാശം കുന്നുകൾ(ക്ലിഫ്). പാപനാശം കടൽത്തീരത്തെ ചുറ്റി അർധവൃത്താകൃതിയിൽ കാവിപുതച്ചു നിൽക്കുന്ന കുന്നുകൾ അനന്യമായ കാഴ്ചയാണ്. പ്രകൃതിയുടെ ഈ മിശ്രിതമാണ് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ചത്.
ലിഗ്‌നൈറ്റ്, കാർബണേഷ്യസ് ക്ലേ ചേർന്ന ലിഗ്‌നൈറ്റ്, ചൈനാ ക്ലേ എന്നിവയുള്ള ഭൂഘടനയാണ് പാപനാശം കുന്നുകൾക്ക്. ഭൗമശാസ്ത്രത്തിൽ വർക്കല ഫോർമേഷൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
വർക്കലയ്ക്ക് തുടർച്ചയായി തെക്കും വടക്കും കളിമൺ ചേർന്ന ഭൂമിരൂപവത്കരണത്തെ വർക്കല സീരീസ് എന്നാണു വിളിക്കുന്നത്. വൻതോതിൽ ധാതുനിക്ഷേപമാണ് ഈ കുന്നുകളിലുള്ളത്.
1882-ൽ തിരുവിതാംകൂറിലെത്തിയ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഡോ. കിങ് ആണ് വർക്കല ഫോർമേഷൻ കണ്ടെത്തിയത്. അതിനു മുൻപ് റസിഡന്റായിരുന്ന ജനറൽ കല്ലൻ ഇതു ശ്രദ്ധിച്ചിരുന്നു.സമുദ്രയാത്ര ചെയ്ത ചില ബ്രിട്ടീഷ് കോമേഴ്‌സ്യൽ ഏജന്റുമാരുടെ നിരീക്ഷണങ്ങളാണ് കല്ലന് സഹായകരമായത്. വർക്കലയിലെ ധാതുനിക്ഷേപം ലണ്ടനിലെ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രാസപരിശോധന നടത്തിയിരുന്നു. നിരവധി ധാതുലവണങ്ങളുടെ സങ്കലനം ഇവയിലുണ്ടെന്ന് അന്നു കണ്ടെത്തിയിരുന്നു.
നേരിടുന്നത് വലിയ വെല്ലുവിളി, കുന്നിടിച്ചിലും കുന്നിടിക്കലും തുടരുന്നു, ആരും തടയുന്നില്ല
പ്രകൃതിയൊരുക്കിയ ഭൂമിശാസ്ത്രസവിശേഷതയാണ് വർക്കല പാപനാശം കുന്നുകൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2015-ൽ ഭൗമ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ച പാപനാശം കുന്നുകൾ, യുനെസ്‌കോയുടെ ലോക പൈതൃക സാധ്യതാ പട്ടികയിലും ഇടംനേടിയിരിക്കുന്നു. ലോക ടൂറിസം ഭൂപടത്തിൽ ഇവിടം ഇടംനേടുന്നതിനു കാരണമായത് വർക്കല ഫോർമേഷൻ എന്നറിയപ്പെടുന്ന മനോഹരമായ കുന്നുകളാണ്. ആലിയിറക്കം മുതൽ ഇടവ വെറ്റക്കട വരെ 6.14 കിലോമീറ്റർ ദൂരത്തിലാണ് കുന്നുള്ളത്. സമുദ്രനിരപ്പിൽനിന്ന് 15 മുതൽ 25 മീറ്റർ വരെ ഉയരമുണ്ട്.
സഞ്ചാരികളെ ആകർഷിക്കുന്ന പാപനാശം കുന്നുകൾ നേരിടുന്നത് വലിയ വെല്ലുവിളികളാണ്. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കുന്നിടിയലും പലവിധ നിർമാണങ്ങൾക്കായി മനുഷ്യൻ കുന്നിടിച്ചു നിരത്തുന്നതും തുടരുകയാണ്. അനധികൃത നിർമാണങ്ങളും മനുഷ്യരുടെ ഇടപെടലുകളുമാണ് കുന്നിനെ ദുർബലപ്പെടുത്തുന്നത്. എല്ലാ കാലവർഷത്തിലും കുന്നിടിയാറുണ്ട്. കുന്നിനോടു ചേർന്നും അനധികൃത നിർമാണം നടക്കുന്നു. നീന്തൽക്കുളമുൾപ്പെടെ കുന്നിന്റെ അഗ്രഭാഗത്തു നിർമിക്കുന്നു. കുന്ന് തുരന്ന് കടൽതീരത്തേക്കിറങ്ങാൻ വഴി നിർമിച്ചിട്ടുമുണ്ട്.
തീരത്തേക്ക് പടിക്കെട്ടുകൾ നിർമിച്ചും മാലിനജലം ഒഴുക്കിവിട്ടും കുന്നിനെ കാലങ്ങളായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരമാലകൾ കുന്നിന്റെ അടിഭാഗത്ത് ശക്തമായി അടിക്കുന്നതു കാരണം മണ്ണൊലിച്ചുപോകുന്നു. കുന്നിനു മുകളിൽ ഇരുന്നൂറിലധികം റിസോർട്ടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്. അതിൽനിന്നെല്ലാമുള്ള വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി മഴവെള്ളവും കൂടിച്ചേർന്ന് കുന്നിന്റെ മുകൾഭാഗത്തെ മണ്ണിടിയുന്നു. കുന്നുസംരക്ഷണത്തിന് പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല.
ആലിയിറക്കം മുതൽ കാപ്പിൽ വരെ അനധികൃത റിസോർട്ടുകളുടെ നിർമാണം തുടർന്നുകൊണ്ടേയിരിക്കുന്നു. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില മാത്രമാണ്. പാപനാശം കുന്നിനോടു തൊട്ടുചേർന്നുവരെ നിർമാണം നടക്കുന്നു. തീരദേശപരിപാലന നിയമം പൂർണമായും ലംഘിച്ചാണ് സ്ഥിരസ്വഭാവമുള്ള ബഹുനിലക്കെട്ടിടങ്ങളും നീന്തൽക്കുളവും നിർമിക്കുന്നത്. ഉന്നതബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ചാണ് നിർമാണങ്ങൾ നടത്തുന്നത്. അനധികൃത നിർമാണം പരിശോധിക്കാനെത്തുന്ന നഗരസഭാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണ്.
നഗരസഭ നൽകുന്ന സ്റ്റോപ്പ് മെമ്മോയ്ക്കെതിരേ കെട്ടിട ഉടമകൾ കോടതിയിൽനിന്ന് ഉത്തരവ് സമ്പാദിക്കും. നിർമാണം പൊളിക്കരുതെന്നും തൽസ്ഥിതി തുടരണമെന്നുമുള്ള ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് നിർമാണം തുടരും. അനധികൃത നിർമാണങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും. അടുത്തിടെ ചിലക്കൂർ ഭാഗത്ത് പാപനാശം പൈതൃകകുന്നുകളുടെ ഭാഗമായ കടൽ പുറമ്പോക്ക് അനധികൃതമായി സ്വകാര്യവ്യക്തി ഇടിച്ചുനിരത്തി വഴി വെട്ടി.
ചിലക്കൂരിലും ചെമ്മൺകുന്ന് ഭാഗികമായി ഇടിച്ചുനിരത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തൽ പാപനാശം കുന്നുകളിൽ സ്ഥിരമാണ്. പൈതൃകസമ്പത്തായ കുന്നുകളുടെ ശോഷണത്തിന് ഇതു കാരണമാകുന്നു.
ലിഗ്‌നൈറ്റ് ശേഖരം; ഉറവകളിലെ വെള്ളത്തിന് ഔഷധഗുണം
വർക്കല ഭാഗത്ത് 500 ചതുരശ്രമൈൽ വിസ്തൃതിയിൽ 100 മില്യൺ ടൺ ലിഗ്‌നൈറ്റ് ശേഖരം അന്നുണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്. പാപനാശം കുന്നുകളിലെ നിരവധി ഉറവകളിലെ വെള്ളത്തിന് ഔഷധഗുണമുണ്ടായതും ഇതു മൂലമാണ്.
പാപനാശത്തിനു തെക്ക് ചിലക്കൂർ മുതൽ വടക്ക് വെറ്റക്കട വരെ കടലിനു മുകളിൽ കോട്ട പോലെ നിൽക്കുകയാണ് കുന്നുകൾ. 50 മുതൽ 76 അടി വരെ ഉയരം ഇവയ്ക്കുണ്ട്. പ്രസിദ്ധമായ പാപനാശം കോടി(മുനമ്പ്) നേരത്തേ കടലെടുത്തു. കടൽത്തീരത്ത് 30 അടിയോളം ദൂരം കുന്നുകൾ കടലിലായിക്കഴിഞ്ഞു. ശേഷിച്ചവ അനുദിനം തിരകൾക്കു കീഴടങ്ങുകയാണ്. വേലിയേറ്റസമയത്ത് കടൽത്തിരകൾ ക്ലിഫിന്റെ ചുവടുവരെയെത്തും. ലവണാംശമുള്ള കടൽക്കാറ്റ് നേരിട്ടാണ് ക്ലിഫിൽ പതിക്കുന്നത്. മഴയുംകൂടിയാകുമ്പോൾ ക്ലിഫിലെ പാളികൾ ഓരോന്നായി ഇളകിവീഴുന്നു.
കടലാക്രമണം തടയാൻ കരിങ്കല്ലുകൊണ്ടുള്ള കടൽഭിത്തി നിർമിച്ചിരുന്നു. കൂറ്റൻ പാറക്കഷണങ്ങൾ കുന്നിനു മുകളിൽനിന്നു താഴേക്ക് ഉരുട്ടിത്തള്ളുകയായിരുന്നു. ഇതിന്റെ ആഘാതത്താലും കുന്ന് തകർന്നിട്ടുണ്ട്. കുന്നിനു മുകളിലെ റിസോർട്ടുകളും അനധികൃത നിർമാണവും കുന്നിനെ തകർച്ചയിലേക്കു നയിച്ചിട്ടുണ്ട്.
വലപോലുള്ള കയർ ഉത്പന്നം കൊണ്ട് മണ്ണ് സംരക്ഷിക്കുന്ന കയർ-ജിയോടെക്‌സ്റ്റ് (കയർ ഭൂവസ്ത്രം) രീതി വർക്കല കുന്നുകളുടെ സംരക്ഷണത്തിൽ സ്വീകരിക്കണമെന്ന നിർദ്ദേശമുയർന്നിരുന്നു. മണ്ണിൽ ദ്രവിച്ചുചേരുന്ന പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത വിദ്യയാണിത്.അഞ്ച് മുതൽ 10 വർഷംവരെ ഈട് നില്ക്കുന്ന ഈ സാങ്കേതികവിദ്യ പരീക്ഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല ചരിത്രസംസ്‌കൃതിയുടെ തിരുശേഷിപ്പായ പാപനാശം ക്ലിഫിന്റെ സംരക്ഷണം ഇനി യുനെസ്‌ക്കോയുടെ പൈതൃകപ്പട്ടികയിലൂടെ സാധ്യമാകുമെന്ന വിശ്വാസമാണുള്ളത്.
രേഖകൾ ലഭിച്ചാൽ പുരാവസ്തു വകുപ്പ് ഇടപെടും
യുനെസ്‌കോയുടെ വിവിധ വിഭാഗങ്ങളിലാണ് പൈതൃക പട്ടിക വരുന്നത്. വർക്കല കുന്നുകൾ പ്രകൃതിദത്ത പാരമ്പര്യത്തിൽ ഉൾപ്പെടുന്നവയാണ്. അതിനു ചേർന്ന സംരക്ഷണമാണ് നൽകേണ്ടത്. ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചാൽ പുരാവസ്തു വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കും.
ജി.ദിനേശൻ
പുരാവസ്തു വകുപ്പ് ഡയറക്ടർ
Content Highlights: Papanasam Hills in Varkala, Kerala, featuring the unique Varkala Formation UNESCO
Published: 14 Sept 2025, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented