
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം ലോക്സഭാ സ്പീക്കര്‍മാരെ തിരഞ്ഞെടുക്കുന്നത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമവായത്തിലൂടെയായിരുന്നു. എന്നാല്‍ ചരിത്രം ബുധനാഴ്ച പതിനൊന്ന് മണിയോടെ മാറ്റിയെഴുതപ്പെടും. 18-ാം ലോക്‌സഭയുടെ നാഥനെ കണ്ടെത്തുക വോട്ടെടുപ്പിലൂടെയാകും. നിലവിലെ അംഗബലം ഉപയോഗിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെങ്കിലും 18-ാം ലോക്‌സഭ എങ്ങനെയായിരിക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇതിലൂടെ വെളിപ്പെട്ടുവരുന്നത്. അംഗബലംകൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപിയുടെ അപ്രമാദിത്യമായിരുന്നു പാര്‍ലമെന്റിലെങ്കില്‍ ഇത്തവണ സഭയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതിപക്ഷത്തിന്റേതാണ്. അംഗ ബലത്തിന്റെ ആത്മവിശ്വാസം സഭയുടെ ആദ്യദിനം മുതല്‍ പ്രതിപക്ഷം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അംഗ സംഖ്യ കുറഞ്ഞെങ്കിലും വിട്ടുവീഴ്ചകള്‍ക്കും പ്രതിപക്ഷത്തിന്റെ സമ്മര്‍ദങ്ങള്‍ക്കും ഒരുതരത്തിലും വഴങ്ങി കൊടുക്കാന്‍ തയ്യാറാകില്ലെന്ന നിലപാടാണ് ബിജെപി എടുത്തിട്ടുള്ളത്. പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കൂട്ട സസ്‌പെന്‍ഷന്‍ നടപടികളിലൂടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ ഓം ബിര്‍ളയെ വീണ്ടും സ്പീക്കറായി അവരോധിക്കുന്നതിലൂടെ ബിജെപി അവരുടെ തുടര്‍ന്നുള്ള നയം വ്യക്തമാക്കുന്നുണ്ട്.
കീഴ്‌വഴക്കങ്ങളൊന്നും പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്ന് പ്രോടെം സ്പീക്കറെ തിരഞ്ഞെടുത്തതിലൂടെ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്സഭയില്‍ പ്രോടെം സ്പീക്കറെ നിശ്ചയിക്കുന്നതിന് അംഗത്തിന്റെ സീനിയോറിറ്റി കണക്കിലെടുക്കാന്‍ ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. എട്ടുതവണ ലോക്സഭാംഗമായിത്തുടരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് പാര്‍ലമെന്ററി കാര്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോഴും ഇതേ നിലപാട് തന്നെയാണ് ബിജെപി ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കണമെന്ന് എവിടെയും ചട്ടമില്ലെന്ന് ബിജെപി എംപി പിയൂഷ് ഗോയല്‍ വ്യക്തമാക്കുകയുണ്ടായി.
'ആദ്യം ഡെപ്യൂട്ടി സ്പീക്കറുടെ പേര് തീരുമാനിക്കുക, തുടര്‍ന്ന് ഞങ്ങള്‍ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് അവര്‍ പറയുന്നത്. അത്തരം രാഷ്ട്രീയത്തെ ഞങ്ങള്‍ അപലപിക്കുന്നു. സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതാണ് നല്ല പാരമ്പര്യം. സ്പീക്കര്‍ ഒരു പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ആളല്ല;. അതുപോലെ, ഡെപ്യൂട്ടി സ്പീക്കറും ഏതെങ്കിലും പാര്‍ട്ടിയിലോ ഗ്രൂപ്പിലോ ഉള്‍പ്പെടുന്നില്ല, അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു പ്രത്യേക വ്യക്തി അല്ലെങ്കില്‍ ഒരു പ്രത്യേക പാര്‍ട്ടിയില്‍ നിന്ന് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് നിബന്ധന ലോക്‌സഭയുടെ പാരമ്പര്യത്തിന് യോജിച്ചതല്ല' പിയൂഷ് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു തവണയും ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഭരണപക്ഷത്തോട് ബലാബലം പിടിക്കാനുള്ള കരുത്ത് നേടിയിരിക്കെ വിട്ടുവീഴ്ചകള്‍ ഒരുതരത്തിലുള്ള വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ സഖ്യവും. കീഴ് വഴക്കങ്ങള്‍ പാലിക്കപ്പെട്ടും സമവായങ്ങളില്‍ പരിഹാരവും കണ്ടിരുന്ന മുന്‍കാലങ്ങളെ മാറ്റിനിര്‍ത്തി ശക്തമായ ഏറ്റുമുട്ടലുകള്‍ക്കാകും പാര്‍ലമെന്റ് സാക്ഷ്യംവഹിക്കുക എന്നതാണ് 18-ാം ലോക്‌സഭയുടെ തുടക്കനാളുകള്‍ തന്നെ നല്‍കുന്ന സൂചന.
ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചരിത്രം
ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് അവസാനമായി നടന്നത് രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പാണ്. 1946 ജനുവരി 24-ന് നടന്ന സെന്‍ട്രല്‍ അസംബ്ലി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജി.വി.മാവലങ്കര്‍ കൊവാസ്ജി ജഹാംഗിറിനെ മൂന്ന് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മാവലങ്കര്‍ക്ക് 66 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജഹംഗിര്‍ക്ക് 63 വോട്ടുകളാണ് കിട്ടിയത്. 1950 ജനുവരി 26 ന് ഭരണഘടന നിലവില്‍ വന്നതിന് ശേഷം നിലവില്‍ വന്ന ഭരണഘടനാ അസംബ്ലിയുടെയും താല്‍ക്കാലിക പാര്‍ലമെന്റിന്റെയും സ്പീക്കറായി മാവലങ്കര്‍ നിയമിതനായി.
1952 ഏപ്രില്‍ 17-ന് ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയും രാജ്യസഭയും രൂപീകരിക്കുന്നത് വരെ മാവലങ്കര്‍ താല്‍ക്കാലിക പാര്‍ലമെന്റിന്റെ സ്പീക്കറായി തുടര്‍ന്നു. അതിന് ശേഷം 2024-ജൂണ്‍ 26-നാണ് ലോകസഭ സ്പീക്കര്‍ സ്ഥാനത്തേക്ക് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എം.എ.അയ്യങ്കാര്‍, ജി.എസ്.ധില്ലന്‍, ബല്‍റാം ജാഖര്‍, ജിഎംസി ബാലയോഗി എന്നിവര്‍ക്ക് ശേഷം തുടര്‍ സഭകളില്‍ സ്പീക്കറാകുന്ന അഞ്ചാമത്തെ ആളാകും അദ്ദേഹം.
Content Highlights: glimpse of how the 18th Lok Sabha will be-speaker election
Published: 25 Jun 2024, 02:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented