തന്റെ ജീവിതത്തിലെ സവിശേഷ സാന്നിധ്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ലളിതമെങ്കിലും അസാധാരണജീവിതം നയിച്ച ശക്തയായ വനിതയാണ് നരേന്ദ്രമോദിക്ക് അമ്മ. അതുകൊണ്ടുതന്നെ മോദി ആരാധകര്‍ക്കും ഹീരാബെന്‍  പ്രിയപ്പെട്ട വ്യക്തിയായി. വിശേഷാവസരങ്ങളില്‍, നിര്‍ണായക ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി അമ്മയ്ക്കരികിലെത്തി അനുഗ്രഹം വാങ്ങി. തെരഞ്ഞെടുപ്പില്‍ ജയിച്ച് കയറുമെന്ന്, തീരുമാനങ്ങള്‍ ശരിയാകുമെന്ന് ഓരോ തവണയും അവര്‍ മകനെ അനുഗ്രഹിച്ചു. ചിലപ്പോഴെങ്കിലും അവര്‍ വാര്‍ത്താതലക്കെട്ടുകളായി. നോട്ടുനിരോധനസമയത്ത് നോട്ട് മാറാന്‍ വരിനിന്ന, മകനൊപ്പം ചായകുടിക്കുന്ന, വോട്ടുചെയ്യുന്ന ഹീരാബെൻ ക്ഷണനേരംകൊണ്ട് വൈറലായി. 

To advertise here,

അമ്മയുടെ പാദപൂജ ചെയ്താണ് ഹീരബെന്നിന്റെ നൂറാം ജന്മദിനം ഇക്കഴിഞ്ഞ ജൂണില്‍ മോദി ആഘോഷിച്ചത്. അന്ന് അമ്മയെക്കുറിച്ച് വികാരഭരിതനായി മോദി എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 'വഡ്നഗറിലെ മണ്‍വീട്ടിലെ ജീവിതത്തിലൂടെ അമ്മ പഠിപ്പിച്ച പാഠങ്ങള്‍ ഏറെയാണ്. ഒറ്റമുറിവീട് ചോരുമ്പോള്‍ ആ വെള്ളവും ശേഖരിക്കുന്ന, ഭക്ഷണത്തിന്റെ ഒരു വറ്റുപോലും കളയാന്‍ അനുവദിക്കാത്ത, അയല്‍വീടുകളില്‍ പാത്രംകഴുകി പണമുണ്ടാക്കി ഭര്‍ത്താവിനെ സഹായിക്കുന്ന അമ്മ.... ചര്‍ക്കയില്‍ നൂല്‍നൂറ്റ് തുണിനെയ്യുമ്പോഴും പരുത്തി മുള്ളുകള്‍ ഞങ്ങളെ കുത്താതിരിക്കാന്‍ ജാഗ്രതകാണിക്കുന്ന അമ്മ...അകാലത്തില്‍ മരിച്ച സുഹൃത്തിന്റെ മകന്‍ അബ്ബാസിനെ അച്ഛന്‍ വീട്ടിലേക്കു കൊണ്ടുവന്നപ്പോള്‍ ഞങ്ങളെപ്പോലെ അബ്ബാസിനെയും അമ്മ കണ്ടു. ഈദിന് അവനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിക്കൊടുത്തു. ഓട വൃത്തിയാക്കാന്‍ വരുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് ചായ നല്‍കിയിരുന്ന അമ്മയില്‍ നിന്നാണ് ശുചിത്വത്തിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയത്. വ്യത്യസ്തമായ വഴിയാണ് തന്റേതെന്നു മനസ്സിലാക്കിയപ്പോള്‍ അതിന് സ്വാതന്ത്ര്യം തന്നതും അമ്മയാണ്', അമ്മയെക്കുറിച്ച് കുറിപ്പില്‍ മോദി സ്മരിച്ചു. അമ്മയ്ക്ക് ഒരു ഷാള്‍ ആണ് നൂറാം ജന്മദിനത്തില്‍ സമ്മാനമായി മോദി നല്‍കിയത്.

മാതൃസ്‌നേഹം അറിയാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത തന്റെ അമ്മ ആ സ്‌നേഹവും സാമിപ്യവും മക്കള്‍ക്ക് ആവോളം നല്‍കിയിട്ടുണ്ടെന്ന് മോദി എഴുതി. വീട്ടിലെ മൂത്തമകളും ഭർത്താവിന്‍റെ വീട്ടിലെ മൂത്ത മരുമകളുമായപ്പോള്‍ അവര്‍ പ്രായത്തേക്കാള്‍ വെല്ലുന്ന പക്വത പ്രകടിപ്പിച്ച് ഉത്തരവാദിത്തങ്ങള്‍ ഓരോന്നായി തോളിലേറ്റി. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത, എഴുതാനും വായിക്കാനുമറിയാത്ത, ആഭരണങ്ങള്‍ ധരിക്കാനിഷ്ടമില്ലാത്ത, പട്ടിണിയെന്തന്നറിഞ്ഞ അമ്മയെക്കുറിച്ച്, ആ സ്‌നേഹത്തേയും ത്യാഗത്തേയും കുറിച്ച് മോദി പലപ്പോഴും വാചാലനായി. ലളിത ജീവിതം നയിച്ച ഹീരാബെന്നിന്റെ പേരിൽ യാതൊരു സ്വത്തുവകകളുമില്ലായിരുന്നുവെന്നും മോദി തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്ത് തിരക്കുണ്ടെങ്കിലും സ്വന്തം പിറന്നാള്‍ ദിനത്തിലും മോദി അമ്മയുടെ അരികിലെത്താറുണ്ടായിരുന്നു. എന്നാല്‍ 72-ാം പിറന്നാളിന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ തുറന്നുവിടാനായിരുന്നു മോദിയെത്തിയത്. 'സാധാരണയായി ഈ ദിവസം എന്റെ അമ്മയുടെ അരികിലെത്താന്‍ ശ്രമിക്കാറുണ്ട്, അമ്മയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ ഇന്ന് എനിക്ക് അമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല... എങ്കിലും മധ്യപ്രദേശിലെ ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എനിക്ക് കിട്ടുന്നു', ഭോപ്പാലില്‍ അന്ന് സ്വയംസഹായ സംഘങ്ങളിലെ വനിതാഅംഗങ്ങളെ അഭിസംബോധനചെയ്യവേ മോദി വികാരാധീനനായി.

പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കല്‍ മാത്രമാണ് ഹീരാബെൻ മോദിയുടെ വസതിയിലെത്തിയത്, 2016-ല്‍. പൂന്തോട്ടത്തിലൂടെ വീല്‍ചെയറില്‍ അമ്മയും കൂടെ മോദിയുമുള്ള ചിത്രം അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മോദിക്കൊപ്പം രണ്ടു പൊതു പരിപാടികളില്‍മാത്രമാണ് അമ്മ പങ്കെടുത്തത്. ശ്രീനഗറില്‍ ഏകതായാത്ര കഴിഞ്ഞ് വന്നപ്പോഴും ആദ്യം മുഖ്യമന്ത്രിയായപ്പോഴും. മുഖ്യമന്ത്രിയായപ്പോള്‍ 'കൈക്കൂലി വാങ്ങരുത്' എന്ന ഉപദേശമാണ് ഹീരാബായ് മകനു നല്‍കിയത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഹീരാബെൻ
 കൃത്യമായി വോട്ടുചെയ്യും. മോദിയുടെ അമ്മയെന്ന പരിഗണന ആരെങ്കിലും കാട്ടിയാല്‍ 'ഞാനും നിങ്ങളെപ്പോലെത്തന്നെ... ഇതൊന്നും എന്റെയല്ല...' എന്ന മറുപടിയും നല്‍കും. 

ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മോദി സംസ്ഥാനത്തെ അധ്യാപകരെ ആദരിക്കുന്നതിനായി ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അമ്മയോളം വലിയ ഗുരുവില്ലെന്ന് വിശ്വസിച്ച മോദി ആ ചടങ്ങിലേക്ക് ഹീരാബെന്നിനെയും ക്ഷണിച്ചു. എന്നാല്‍ താനൊരു സാധാരണക്കാരി മാത്രമെന്ന് പറഞ്ഞ് ആ ക്ഷണം അവര്‍ നിരസിച്ചു. പകരം മോദിയെ കുഞ്ഞുനാളില്‍ അക്ഷരം പഠിപ്പിച്ച ജേതാഭായ് ജോഷിയുടെ കുടുംബത്തെ ചടങ്ങിനായി ക്ഷണിക്കാന്‍ അവർ ആവശ്യപ്പെട്ടു. അന്ന് അമ്മയൊഴിച്ച് എല്ലാ അധ്യാപകരേയും ആദരിക്കാനായെന്നും മോദി ഓര്‍മ്മിച്ചു. 

ഗുജറാത്തിലെ മെഹ്സാനയില്‍ 1922 ജൂണ്‍ 18-നാണ് ഹീരാബെന്നിന്റെ ജനനം. ചെറുപ്രായത്തിലേ ചായക്കച്ചവടക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടെ ഭാര്യയായി. സോമ മോദി, അമൃത് മോദി, നരേന്ദ്ര മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിങ്ങനെ അഞ്ച് ആണ്‍മക്കളും വാസന്തിബെന്‍ എന്ന പെണ്‍കുട്ടിയുമടക്കം ആറ് മക്കള്‍. ഇവരില്‍ മൂന്നാമനായിരുന്നു മോദി. വഡ്നഗറിലെ കുടുംബവീട്ടിലായിരുന്നു ഹീരാബെന്മൻ താമസിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം ഇളയമകന്‍ പങ്കജിന്റെ വീട്ടിലേക്ക് താമസം മാറ്റി. വിശേഷാവസരങ്ങളിലും നിര്‍ണായക തീരുമാനങ്ങള്‍ക്കും യോഗങ്ങള്‍ക്കും മുന്‍പും അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്ന പതിവ് മോദിക്കുണ്ടായിരുന്നു. 2019-ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് വേളയില്‍ മോദിയും ബിജെപിയും വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഹീരാബെൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും മോദിആരാധകര്‍ വളരെവേഗം ഏറ്റെടുത്തു. 

placeholder
2022 ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ ഹീരാബെന്‍ | ഫോട്ടോ: PTI
2022 ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ ഹീരാബെന്‍ | ഫോട്ടോ: PTI

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. അമ്മയുടെ മരണവിവരം അറിഞ്ഞ ഉടൻ തന്നെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെ ഗാന്ധിനഗറിലെ വസതിയിൽ എത്തിയിരുന്നു. തുടർന്ന് ആദരാഞ്ജലിയർപ്പിച്ച് സംസ്കാരത്തിനായി തന്റെ തോളിലേറ്റിയായിരുന്നു മൃതദേഹം കൊണ്ടുപോയത്. ഗാന്ധിനഗറിലായിരുന്നു സംസ്കാരം. മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായി. നിസ്വാർഥ കർമ്മയോഗിയുടെ പ്രതീകമായിരുന്നു മാതാവെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.