ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒരിടവേളക്ക് ശേഷം ഇന്ത്യയില്‍ റഫാല്‍ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളില്‍ ഫ്രഞ്ച് സർക്കാർ ജുഡീഷ്യല്‍ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
അഴിമതി ആരോപണത്തിലെ സത്യം പുറത്തുവരാന്‍ ഏകവഴി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നിട്ടിറങ്ങി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
56000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 37 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇടപാടിലെ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്കാന് ഒരു ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'റഫാലിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞു' കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഇക്കാര്യത്തില്‍ സ്വതന്ത്രമായ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം മാത്രമാണ് പോംവഴി. സുപ്രീംകോടതി അല്ലെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു. ഇടപാടില്‍ അഴിമതി ഉണ്ടെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അഴിമതി നടന്ന രാജ്യത്ത് ജെപിസി അന്വേഷണം നടത്തേണ്ടതില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഈ വിഷയം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമായി കാണേണ്ടതില്ല. മറിച്ച് രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും പ്രതിരോധ ഇടപാടിലെ അഴിമതിയെ കുറിച്ചുമുള്ള വിഷയമാണിതെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
Content Highlights: France Inquiry Into Rafale Deal Revives Political Controversy In India
Published: 03 Jul 2021, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented