ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാ എം.പിയുമായ അമര്‍ സിങ് (64) അന്തരിച്ചു. സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി അമര്‍ സിങ് സിങ്കപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2013 മുതല്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
1956ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച അമര്‍സിങ് 1996ല്‍ ആണ് ആദ്യമായി രാജ്യസഭയില്‍ എത്തുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങിന്റെ അടുത്ത വിശ്വസ്തനായിരുന്നു അമര്‍ സിങ്. ഡല്‍ഹിയിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. 2010 ജനുവരിയിൽ അദ്ദേഹത്തെ സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീടും അദ്ദേഹം പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അഖിലേഷ് യാദവ് പാര്‍ട്ടി അധ്യക്ഷനായിരിക്കെ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് വീണ്ടും അകന്നു.
പിന്നീട് അദ്ദേഹത്തിന്റെ അനുയായിയായ ജയപ്രദയുമായി ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ പാര്‍ട്ടി വിജയമായിരുന്നില്ല. ഒറ്റയ്ക്ക് നിയസമഭാ തിരിഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. 2014ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളില്‍ ജയിച്ചു. കഴിഞ്ഞ വര്‍ഷം ബിജെപിയുടെകൂടി പിന്തുണയോടെ രാജ്യസഭയിലേയ്ക്ക് തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.
2008ല്‍ യുപിഎ സര്‍ക്കാരിന് വേണ്ടി വിശ്വാസ വോട്ട് രേഖപ്പെടുത്താന്‍ മൂന്ന് ബിജെപി എംപിമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം അമര്‍ സിങ്ങിനെതിരെ ഉയര്‍ന്നിരുന്നു. വലിയ രാഷ്ട്രീയ വിവാദമായി വളര്‍ന്ന ഈ സംഭവത്തില്‍ 2011ല്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവരുമായി അമര്‍ സിങ്ങിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 1990കളില്‍ അമിതാഭ് ബച്ചന്‍, അനില്‍ അംബാനി, അമര്‍ സിങ്ങ് എന്നിവര്‍ തമ്മില്‍ അടുത്ത സൗഹൃദബന്ധം നിലനിന്നിരുന്നു.
Conent Highlights: Former SP Leader and Rajya Sabha MP Amar Singh Dies
Published: 01 Aug 2020, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented