ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ പാര്‍ട്ടി വിട്ടതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പുമായി ബി.ജെ.പി. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതാക്കളോട് 'ന്യായം' ചെയ്യൂ എന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്യായ് യാത്ര അതിനുശേഷമാകാം എന്നും അമിത് മാളവ്യ ട്വീറ്റില്‍ പറയുന്നു. 'ഭാരത് ജോഡോ ന്യായ് യാത്ര' ഇന്ന് മണിപ്പുരില്‍ നിന്ന് ആരംഭിക്കാനിരിക്കെയാണ് യാത്രയുടെ പേര് തന്നെ ഉപയോഗിച്ച് ബി.ജെ.പി. രാഹുലിനെ വിമര്‍ശിച്ചിരിക്കുന്നത്. 

To advertise here,

ഞായറാഴ്ച രാവിലെയാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതായി അറിയിച്ചത്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിലിന്ദ് ദേവ്‌റയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് മാളവ്യ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 67 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ സഞ്ചരിക്കുന്ന തരത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ന്യായ് യാത്ര കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. ഇന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20-ന് മുംബൈയില്‍ സമാപിക്കും. 

അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര ആരംഭിക്കുന്ന വേദിയില്‍ മാറ്റമുണ്ട്. മണിപ്പുരിലെ തൗബാല്‍ ജില്ലയിലെ ഖോങ്‌ജോം ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വേദി മാറ്റിയെങ്കിലും യാത്രാമാര്‍ഗം പഴയത് തന്നെയായിരിക്കും. 

നേരത്തേ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച പൗരസമൂഹസംഘടനകളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചനടത്തിയിരുന്നു. ദളിതുകള്‍, ആദിവാസികള്‍, മറ്റു പിന്നാക്കവിഭാഗക്കാര്‍, സ്ത്രീകള്‍, തൊഴില്‍രഹിതര്‍, അസംഘടിത തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന അനീതിയാണ് പ്രധാനമായും ചര്‍ച്ചാവിഷയമായത്. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍നിന്ന് നിര്‍ദേശങ്ങളെ സ്വാഗതംചെയ്ത രാഹുല്‍, യാത്രയിലൂടെ നീതിക്കായി പോരാടാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിച്ചു.