ന്യൂഡല്‍ഹി:   പോലീസിന്റെ ബാരിക്കേഡിനെയും സകല പ്രതിസന്ധികളെയും  മറികടന്ന്  കര്‍ഷകരുടെ ട്രാക്ടറുകള്‍ തലസ്ഥാന വീഥികളിലൂടെ മാര്‍ച്ച് ചെയ്യുന്നു.  72ാമത് റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് അമ്പരിക്കുന്ന ജന പങ്കാളിത്തത്തോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. പതിനായിരത്തിലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. 

To advertise here,

കുഞ്ഞുങ്ങളെ കയ്യിലേന്തി സ്ത്രീകള്‍ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടര്‍ ഓടിച്ചു.  മാസങ്ങള്‍ക്ക് മുമ്പേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍  ടാക്ടര്‍ ഓടിക്കാനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. 

ത്രികിയില്‍ 15 കിലോമീറ്ററുകളോളം ദൂരത്തില്‍ ടാക്ടറുകള്‍ അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. കര്‍ഷക സംഘടനകള്‍ നിയോഗിച്ച വാളന്റിയര്‍മാരാണ് റാലിയെ നിയന്ത്രിക്കുന്നത്. റോഡുകളുടെ ഇരുവശവും കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാല്‍നട ജാഥയായും ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. 

ആറുമണിക്കുള്ളില്‍ ഡല്‍ഹി വിടണമെന്നാണ് പോലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആറുമണി ആയാല്‍ പോലും തയ്യാറായി നില്‍ക്കുന്ന ട്രാക്ടറുകള്‍ ഡല്‍ഹിയില്‍ എത്തിച്ചേരില്ല.  ബാരിക്കേഡുകള്‍ നീക്കി മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ചിലയിടങ്ങളില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. അനുമതി നല്‍കിയതിലും പതിന്മടങ്ങ് ട്രാക്ടറുകളാണ് ഡല്‍ഹിയിലേക്ക് എത്തുന്നത്. പലയിടത്തും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പോലീസും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlight:  Farmers' rally: Hundreds of women to drive tractors