
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് കോൺഗ്രസും ഇടതുപക്ഷവും തൃണമൂലും അടക്കമുള്ള പ്രതിപക്ഷത്തിന് വൻ ഊർജംപകരുന്നതാണ്. പാർലമെന്റിന്റെ വർഷകാലസമ്മേളനം മുഴുവൻ സ്തംഭിപ്പിച്ചും ഗാന്ധിപ്രതിമയ്ക്കുമുന്നിൽ അന്തിയുറങ്ങിയും പ്രതിപക്ഷ എം.പി.മാർ നടത്തിയ സമരത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന് ഒടുവിൽ പിന്നാക്കംപോകേണ്ടിവന്നു.
കാർഷിക കരിനിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് ആവർത്തിച്ചും പാർലമെന്റിലേക്ക് ട്രാക്ടറോടിച്ചും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും തുടർപ്രവർത്തനങ്ങൾക്ക് ഇന്ധനം നൽകുന്നതാണ് ഈ തിരിച്ചിറക്കം. ആദ്യ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് ഒരുവർഷം പിന്നിട്ടപ്പോൾ ഭൂമിയേറ്റെടുക്കൽ ഓർഡിനൻസുമായി മുന്നോട്ടുവന്നപ്പോഴാണ് സർക്കാരിന് ഇതിനുമുമ്പ് കൈ പൊള്ളിയത്. പ്രതിപക്ഷകക്ഷികളും കർഷകരും സംഘപരിവാറിൽ ഒരു വിഭാഗംതന്നെയും ഇതിനെതിരേ രംഗത്തുവന്നപ്പോൾ ഓർഡിനൻസ് റദ്ദാക്കി. ഇന്ധനവിലവർധനയ്ക്കും വിലക്കയറ്റത്തിനുമെതിരേ സമരരംഗത്തുള്ള കോൺഗ്രസിനും മറ്റുപ്രതിപക്ഷ പാർട്ടികൾക്കും ഇത് ആവേശം പകരും. .
രാഹുലിന്റെ പ്രവചനം
കേന്ദ്രസർക്കാർ കാർഷികനിയമങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി രാഹുൽഗാന്ധിയുടെ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ. ‘‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ... ഈ (കാർഷിക) നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാവും. ഞാൻ പറഞ്ഞത് ഓർമിച്ചോളൂ’’ - എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. മധുര വിമാനത്താവളത്തിലാണ് രാഹുൽ മാധ്യമപ്രവർത്തകരെ കണ്ടത്. ജനുവരി 14-ന് ഈ വീഡിയോ രാഹുൽ ട്വീറ്റും ചെയ്തു.
സമരം ഇനി വിലയ്ക്കും വേതനത്തിനും വേണ്ടി
മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു കഴിഞ്ഞു. കർഷക പ്രക്ഷോഭത്തിന്റെ മുഖ്യമായ ആവശ്യമാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. അത് കർഷകരുടെ മാത്രമല്ല ജനാധിപത്യത്തിന്റെയും വിജയമാണ്. നവ ഉദാരീകരണ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണദാസ് പറയുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ കർഷകർക്കൊപ്പം തോളോടുതോൾ ചേർന്ന് തൊഴിലാളികളും സമരംചെയ്തു. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തൊഴിലാളി-കർഷക ഐക്യം യാഥാർഥ്യമായി. 2022 ഫെബ്രുവരിയിൽ രണ്ടു ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് സമരം തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നു. അതിന് കർഷകസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. മൂന്നു കാർഷിക നിയമങ്ങളും നാലു ലേബർ കോഡുകളും പിൻവലിക്കണം. എല്ലാ വിളകൾക്കും മൊത്തം കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് (C2+50 ശതമാനം) താങ്ങുവില നൽകി സംഭരിക്കാൻ നിയമ നിർമാണം നടത്തണം. ഇലക്‌ട്രിസിറ്റി ബിൽ സ്വകാര്യ വത്‌കരണം പിൻവലിക്കണം. സ്വകാര്യവത്‌കരണം നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി പിൻവലിക്കണം. വിലക്കയറ്റവും തൊഴിലില്ലായ്മയും നിയന്ത്രിക്കണം. ഇവയാണ് ആവശ്യങ്ങൾ. അതിൽ മൂന്നു കാർഷികനിയമങ്ങൾ റദ്ദാക്കൽ ഒഴികെയുള്ള ആവശ്യങ്ങളിൽ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Farm laws repealed - Energy for opposite parties
Published: 20 Nov 2021, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented