
മുംബൈ: കടുത്ത രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, രാജ് താക്കറെ എന്നിവർ ഒരേ വേദിയിലെത്തി. കാർട്ടൂണിസ്റ്റ് പ്രശാന്ത് കുൽക്കർണി രചിച്ച, മറാഠി രാഷ്ട്രീയ കാർട്ടൂണുകളുടെ ചരിത്രം വിവരിക്കുന്ന "മഹാരാഷ്ട്രാച്യ ഹാസ്യരേഖ" എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനാണ് മൂവരും വേദിയിൽ ഒന്നിച്ചെത്തിയത്.
രാജ് താക്കറെയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയ ഫഡ്‌നാവിസിനെ സാംസ്കാരിക മന്ത്രി ആശിഷ് ഷെലാർ പ്രശംസിച്ചു. കലയ്ക്കും സംസ്കാരത്തിനും വേണ്ടി രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ ഭിന്നതകൾ മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. 2029 വരെ ഫഡ്‌നാവിസ് മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് ഷെലാർ ഉറപ്പുനൽകിയാൽ അദ്ദേഹത്തെ വീണ്ടും വീണ്ടും ക്ഷണിക്കാൻ താൻ തയ്യാറാണെന്ന് രാജ് താക്കറെ തമാശയായി പറഞ്ഞു.
തുടർന്ന് സംസാരിച്ച ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ ക്ഷണിച്ചാൽ പോലും താൻ വരാൻ തയ്യാറാണെന്ന് തിരിച്ചടിച്ചു. 2019 വരെ ഉദ്ധവ്ജി വിളിച്ചപ്പോഴൊക്കെ താൻ പോയിട്ടുണ്ടെന്നും എന്നാൽ 2019-ന് ശേഷം അദ്ദേഹം വിളിച്ചിട്ടില്ലെന്നും താൻ കാത്തിരിക്കുകയായിരുന്നുവെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, മുഖ്യമന്ത്രി പദം പങ്കിടുന്നതിനെച്ചൊല്ലി ബി.ജെ.പിയും ശിവസേനയും വേർപിരിയുകയും കടുത്ത എതിരാളികളായി മാറുകയും ചെയ്തിരുന്നു.
വ്യത്യസ്ത പാർട്ടിയിലുള്ള രാഷ്ട്രീയക്കാർക്ക് ഒരുമിച്ച് പരിപാടികളിൽ പങ്കെടുക്കാനും ചിരിക്കാനും ചായ കുടിക്കാനും സാധിക്കുമെന്നും ഇത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തിൽ, കഴിവുള്ള കാർട്ടൂണിസ്റ്റായ രാജ് താക്കറെ കാർട്ടൂൺ വരയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഷ്ട്രീയം കൈകാര്യം ചെയ്യാൻ തന്നെ അനുവദിക്കണമെന്നും ഫഡ്‌നാവിസ് തമാശയായി പറഞ്ഞു.
Published: 30 Oct 2026, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented