റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബഘേല്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഭൂപേഷ് ബഘേലിന്റെ ഭിലായിയിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഭൂപേഷ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് ഛത്തീസ്ഗഢ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം ആരംഭിച്ചത്.
സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ ചേര്‍ന്ന് സമാന്തര എക്‌സൈസ് വകുപ്പ് നടത്തുകയായിരുന്നു എന്നാണ് ഇഡി ആരോപണം. മദ്യം വില്‍പന നടത്തിയെങ്കിലും പണം സംസ്ഥാന ഖജനാവിലെത്തിയിരുന്നില്ല. ഇതിലൂടെ സര്‍ക്കാരിന് 2,161 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സി കണക്കാക്കിയിരിക്കുന്നത്. അഴിമതിപ്പണത്തിലൊരു ഭാഗം ചൈതന്യയും അടുത്ത അനുയായികളും ചേര്‍ന്ന് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെടുത്തെന്നാണ് ആരോപണം.
അതേസമയം പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ചൈതന്യയുടെ അറസ്റ്റിന് പിന്നാലെ ഭൂപേഷ് ബഘേല്‍ പ്രതികരിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം, അദാനി വിഷയം ഞങ്ങള്‍ സഭയില്‍ ഉന്നയിക്കാനിരിക്കെ അവരുടെ ബോസിനെ സന്തോഷിപ്പിക്കാന്‍ മോദിയും ഷായും ഇഡിയെ എന്റെ വീട്ടിലേക്ക് അയച്ചു. അവര്‍ രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ നേതാക്കളെ അവര്‍ ലക്ഷ്യംവെക്കുകയാണ്. ജനാധിപത്യത്തെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയാണ്, ബഘേല്‍ പറഞ്ഞു.
Content Highlights: ed arrests bhupesh baghel son
Published: 18 Jul 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented