ന്യൂഡൽഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ പണ-ആഭരണ ശേഖരമാണ് പിടികൂടിയത്. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന നടത്തിയത്. ഇന്ദർജിത് സിങ് യാദവ് എന്നയാളെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം. കള്ളപ്പണ ഇടപാടുകൾക്ക് പുറമേ ഒട്ടനവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

To advertise here,

ഇന്ദർജിത് സിങ്ങിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാകട്ടെ കോടിക്കണത്തിന് രൂപയാണ് കണ്ടെത്തിയത്. ഏകദേശം 5 കോടി രൂപയോളമാണ് പണമായി പിടികൂടിയത്. അതിന് പുറമേ എട്ടുകോടി വിലമതിക്കുന്ന വിവിധ ആഭരണങ്ങളും കണ്ടെത്തി. 35 കോടി രൂപയോളം വിലവരുന്ന സ്വത്തുക്കളുടെ രേഖകളും ഇഡി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ പാസ്ബുക്കുകളും ചെക്ക്ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഇഡിയുടെ അന്വേഷണം തുടരുകയാണ്. ഇയാൾക്ക് ആയുധ ഇടപാടുകളിലടക്കം ബന്ധമുണ്ടെന്നാണ് വിവരം.

ഇയാൾ ഒരു വെബ്‌സൈറ്റ് നിർമിക്കുകയും അതുവഴി വിവിധ കമ്പനികൾക്ക് ലോൺ ഇടപാടുകൾ സെറ്റിൽചെയ്തുകൊടുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരേ പതിനഞ്ചോളം എഫ്ഐആറുകളുണ്ട്. മാത്രമല്ല, ഹരിയാണ, യുപി പോലീസ് കേസുകളിൽ കുറ്റപത്രം അടക്കം സമർപ്പിച്ചിട്ടുമുണ്ട്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ലോൺ നിർബന്ധിച്ച് തീർപ്പാക്കൽ, നിയമവിരുദ്ധമായി ഭൂമി കൈയ്യടക്കൽ, അതിക്രമം തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.

നിലവിൽ ഇന്ദർജിത് സിങ് യാദവ് ഒളിവിലാണെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറിയിക്കുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമേ നിരവധി ആരോപണങ്ങളും നേരിടുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റും ലോൺ നിർബന്ധിച്ച് തീർപ്പാക്കുന്നത് സംബന്ധിച്ചാണ് പ്രധാന ആരോപണം. ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അതുവഴി കമ്മീഷൻ നേടിയിരുന്നതായും വിവിധ റിപ്പോർട്ടുകളിൽ പറയുന്നു.

അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് പോലുള്ള ചില കോർപ്പറേറ്റ് സ്ഥാപനങ്ങളും മറ്റുള്ളവരും ഹരിയാനയിലെ ദിഗൽ, ജജ്ജാർ എന്നിവിടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുകകൾ കടം വാങ്ങിയിരുന്നു. പണമായി ആണ് ഇത് വാങ്ങിയിരുന്നത്. പകരമായി ചെക്കുകളാണ് നൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടുകളിലൊക്കെ ഇന്ദർജിത് സിങ്ങിന് പങ്കുണ്ടെന്നാണ് വിവരം. ഈ അന്വേഷണങ്ങൾ നടന്നുവരികയാണ്. ഏകദേശം നൂറുകോടിയോളം രൂപയുടെ ലോണുമായി ബന്ധപ്പെട്ടാണ് ഇയാൾ ഇടപെടലുകൾ നടത്തിയതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇത്തരം പ്രവർത്തനങ്ങൾ വഴി അനധികൃതമായി കോടിക്കണക്കിന് രൂപ ഇയാൾ സമ്പാദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പ്രാദേശിക ഗുണ്ടാ സംഘങ്ങളെയടക്കം ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുൾപ്പെടെ ഇതിൽ ഉൾപ്പെട്ടതായും വിവരമുണ്ട്. "ഇന്ദർജിത് സിങ് യാദവ് ഇത്തരം മാർഗങ്ങളിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചു. ഇത് സ്വത്തുക്കൾ വാങ്ങാനും, ആഡംബര കാറുകൾ സ്വന്തമാക്കാനും ഉപയോഗിച്ചതായും മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.