ഹൈദരാബാദ്: ഡോക്ടര്‍ മൊബൈല്‍ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആശുപത്രിയില്‍ കറണ്ട് പോയതിന് പിന്നാലെയാണ് ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായം തേടിയത്. ആശുപത്രിയിലെ ജനറേറ്റര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല എന്നാണ് വിവരം.
ഇതേത്തുടർന്ന് സഹീറാബാദ് മേഖലാ ആശുപത്രി സൂപ്രണ്ട് വി. ശ്രീധര്‍ കുമാറിനെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കറണ്ടില്ലാത്ത ആശുപത്രിയില്‍ ഡോക്ടര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ രോഗിയെ ചികിത്സിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലായി. ദൃശ്യം ശ്രദ്ധയില്‍പെട്ട തെലങ്കാന ആരോഗ്യ മന്ത്രി സി. ദാമോദര്‍ രാജ നരസിംഹയാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് ആശുപത്രി സൂപ്രണ്ടിനുമേല്‍ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടത്.
ഇരുട്ടുനിറഞ്ഞ മുറിയില്‍ ഡോക്ടർമാർ മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നുനീങ്ങുകയും കിടക്കയിലുള്ള രോഗികളെ ഇതേ വെളിച്ചം ഉപയോഗിച്ച് പരിശോധിക്കുന്നതുമാണ് വൈറലായ ദൃശ്യങ്ങളില്‍ കാണാനാവുക. തെലങ്കാനയിലെ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ടും ആശുപത്രി അധികൃതര്‍ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമാണ് മിക്കവരും ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
രോഗികളുടെ ജീവനെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് യാതൊരുവിധ ആകുലതയും ഇല്ലെന്നും സര്‍ക്കാര്‍ ഉടനടി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. ഇത്രയും മോശമായ സാഹചര്യത്തില്‍ ജോലിചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാരെക്കുറിച്ചും, ഈ സാഹചര്യത്തിലും രോഗികളെ പരിശോധിക്കാന്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥയെ പ്രശംസിച്ചുകൊണ്ടും കമന്റുകളുണ്ട്.
അതേസമയം, ആശുപത്രിയിലെ ജനറേറ്റര്‍ സംവിധാനം ഓണായി വരാന്‍ താമസം നേരിട്ടതാണ് ഇത്തരം ഒരവസ്ഥയ്ക്ക് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇത് ശരിയാണെന്ന്, സംഭവത്തില്‍ അന്വേഷണം നടത്തിയ സാംഗറഡ്ഡി ജില്ലാ കളക്ടറുടെയും തെലങ്കാന വൈദ്യ വിധാന പരിഷത്ത് കമ്മീഷണറുടെയും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കാലമായതിനാല്‍ നിരവധി കാരണങ്ങളാല്‍ കറണ്ട് ഇല്ലാതാകുന്ന സാഹചര്യമുണ്ടെന്നും, ഈ സഹാചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ആശുപത്രിയിലെ ജനറേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കുകയും ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വലിയ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Content Highlights: doctor treated patient with mobile torch light video went viral hospital chief suspended telangana
Published: 01 Jun 2025, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented