
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായി സൂചന. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യകക്ഷികളെ തേടി നെട്ടോട്ടമോടുമ്പോൾ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തങ്ങളുടെ ദീർഘകാല ശത്രുവായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
ടിവികെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. പതിറ്റാണ്ടുകളായി പരസ്പരം പൊരുതിയിരുന്ന മുഖ്യശത്രുക്കൾ ഒന്നിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി വിജയ് അവകാശവാദം ഉന്നയിക്കുമ്പോൾ, പരമ്പരാഗത പാർട്ടികൾ തങ്ങളുടെ നിലനിൽപ്പിനായി കൈകോർക്കുന്നു എന്നതാണ് ഇതിലെ പ്രധാന വശം.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ലെങ്കിലും, ഈ പുതിയ സഖ്യ സാധ്യത തമിഴ് രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന നിർണായക തീരുമാനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ. ചർച്ചകൾ നടന്നതായി എഐഎഡിഎംകെ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു, ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
തമിഴ്നാട് രാഷ്ട്രീയത്തിൽ അഭൂതപൂർവമായ ഈ മാറ്റത്തിന് ഡിഎംകെ തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. അതേസമയം, ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ പോലും അവർക്ക് ആകെയുള്ള 106 എംഎൽഎമാരുടെ പിന്തുണ കേവല ഭൂരിപക്ഷത്തിന് മതിയാകില്ല എന്നതാണ് മറ്റൊരു വസ്തുത. തിരഞ്ഞെടുപ്പിൽ ഡിഎംകെക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം 118 ആണ്.
ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംഖ്യമുണ്ടാക്കിയിരുന്നു. കോൺഗ്രസിന് അഞ്ച് എംഎൽഎമാരാണ് ഉള്ളത്. എങ്കിലും വിജയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. അതിന് ഇനിയും ആറോളം എംഎൽഎമാരുടെ പിന്തുണ വേണം. അതേസമയം ഡിഎംകെ- എഐഡിഎംകെ സഖ്യത്തിന് ബിജെപിയും കോൺഗ്രസും ഒഴികെയുള്ള കക്ഷികളുടെ പിന്തുണ നേടാനായാൽ ഭൂരിപക്ഷം തികയ്ക്കാനുള്ള സാധ്യതയുണ്ട്. ഡിഎംകെയുടെ സഖ്യകക്ഷിയായ മുസ്ലിം ലീഗിന് രണ്ട് എംഎൽഎമാരുണ്ട്. ഇതിനൊപ്പം എഐഎഡിഎംകെയുടെ ഒപ്പമുള്ള പട്ടാളിമക്കൾ കക്ഷിക്ക് നാല് എംഎൽഎമാരുണ്ട്. കൂടെ വിടുതലൈ ചിരുതഗൈ കക്ഷി (2), സിപിഐ (2), സിപിഎം(2), ഡിഎംഡികെ (1) എന്നീ കക്ഷികളെ കൂടി ചേർത്തുള്ള കൂട്ടുകക്ഷി മുന്നണി വന്നാൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കും. എന്നാൽ ഈ സഖ്യത്തിന്റെ സാധ്യതകൾ വിരളമാണ്. നിലവിൽ തന്നെ മുസ്ലീം ലീഗ് ഒഴികെയുള്ള ചെറുകക്ഷികൾ ടിവികെയുമായി സഖ്യം ചേരാനുള്ള താത്പര്യത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പാർട്ടിക്കുള്ളിലെ അഴിമതി ആരോപണങ്ങളെ തുടർന്നുണ്ടായ തർക്കങ്ങൾക്ക് പിന്നാലെ, എം. കരുണാനിധിയാണ് എംജിആറിനെ ഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് 1972-ലാണ് എംജിആർ എഐഎഡിഎംകെ രൂപീകരിച്ചത്. ഈ പിളർപ്പാണ് പതിറ്റാണ്ടുകളോളം തമിഴ്നാട് രാഷ്ട്രീയത്തെ സ്വാധീനിച്ച രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള ശത്രുതയ്ക്ക് വഴിയൊരുക്കിയത്.
Content Highlights: DMK and AIADMK holding backchannel talks for a potential 2026 coalition. The alliance remains short of the 118-seat majority mark despite combined strength. Tamilaga Vettri Kazhagam (TVK) entry is disrupting traditional political dynamics. The historical rivalry between DMK and AIADMK is facing an unprecedented challenge.
Published: 06 May 2026, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented