
ജയ്പുര്‍: രാജപദവിയായ മഹാറാണാ മേവറായി ബി.ജെ.പി. എം.എല്‍.എ വിശ്വരാജ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മേവാര്‍ രാജകുടംബാംഗങ്ങള്‍ തമ്മിൽ ഉദയ്പുർ കൊട്ടാരത്തിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അധികാര തർക്കമാണ് രാജകുടുംബത്തിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
77-ാം മഹാറാണാ മേവാര്‍ പദവിയായിരുന്നു വിശ്വരാജ് സിങ് ഏറ്റെടുത്തത്. സ്ഥാനമേറ്റെടുത്തതിന് പിന്നാലെയുള്ള ചടങ്ങുകകള്‍ക്കായി ഉദയ്പുര്‍ കൊട്ടാരത്തിലെത്തിയ വിശ്വരാജ് സിങ്ങിനെ അര്‍ധസഹോദരനായ അര്‍വിന്ദ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് കല്ലേറ് നടന്നതോടെ സംഘര്‍ഷം രൂക്ഷമായി. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 16-ാം നൂറ്റാണ്ടില്‍ കൊട്ടാരം ഭരിച്ചിരുന്ന മഹാറാണ പ്രതാപിന്റെ പിന്‍ഗാമിയാണ് വിശ്വരാജ് സിങ്ങും അര്‍വിന്ദ് സിങ്ങും.
കഴിഞ്ഞമാസമായിരുന്നു പിതാവ് മഹേന്ദ്ര സിങ് മേവാര്‍ മരിച്ചതിനെ തുടര്‍ന്ന് വിശ്വരാജ് സിങ് രാജപദവിയേറ്റെടുത്തത്. എന്നാല്‍, അര്‍ധസഹോദരന്‍ അര്‍വിന്ദ് സിങ്ങായിരുന്നു കൊട്ടാരവുമായി ബന്ധപ്പെട്ട എക്‌ലിങ്ജി ട്രസ്റ്റിന്റെ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയും. എക്‌ലിങ്ജി ക്ഷേത്രം, ഉദയ്പുര്‍ സിറ്റി പാലസ് എന്നിവയുടെയെല്ലാം നടത്തിപ്പ് ഈ ട്രസ്റ്റിനായിരുന്നു. ഇതിന്റെ അധികാരം നഷ്ടപ്പെടുമെന്ന തോന്നലാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വിശ്വരാജ് സിങ് കൊട്ടാരത്തിലെത്തുന്നത് അര്‍വിന്ദ് സിങ്ങിന്റെ ആളുകള്‍ ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ഇതിന് പുറമെ കൊട്ടാരത്തില്‍ അനധികൃതമായി പ്രവേശിക്കുന്നതിനെതിരേ അര്‍വിന്ദ് സിങ് നിയമപരമായ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, ശക്തമായ പോലീസ് സുരക്ഷയില്‍ വിശ്വരാജ് സിങ്ങ് കൊട്ടാരത്തില്‍ എത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
രാജ്യത്തെമ്പാടുമുള്ള രാജകുടംബാംഗങ്ങള്‍ കൊട്ടാരത്തില്‍ എത്തിയിരുന്നു. അവരെ സാക്ഷിയാക്കി 21 ഗണ്‍ സല്യൂട്ടോടെ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതുമായിരുന്നു കൊട്ടാരത്തിലെ ചടങ്ങ്. ഇത് കാലങ്ങളായി നടക്കുന്നതാണെന്നും ഇതിനെ തടസ്സപ്പെടുത്തിയത് ശരിയായില്ലെന്നും വിശ്വരാജ് സിങ് പ്രതികരിച്ചു. രജ്‌സാമന്ദിലെ ബി.ജെ.പി എം.എല്‍.എ.യാണ് വിശ്വരാജ് സിങ്.
Content Highlights: Dispute between members of erstwhile royal family triggers clash at Udaipur palace
Published: 26 Nov 2024, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented