ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജി ദേശീയ ഐക്യം നിലനിർത്താനുള്ള ത്യാഗമായി ഉയർത്തിക്കാട്ടി ന്യായീകരിക്കാൻ ബി.ജെ.പി. നീക്കം. ദേശവിരുദ്ധശക്തികൾ മുതലെടുക്കാതിരിക്കാനാണ് പാർട്ടി ശ്രമിച്ചതെന്നാണ് വ്യാഖ്യാനം. അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി. ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് പ്രക്ഷോഭത്തിന്റെ അലയൊലികളെ ഒതുക്കാൻ ദേശീയതയെ ബി.ജെ.പി. പ്രത്യായുധമാക്കും.

To advertise here,

പ്രധാൻ രാജിപ്രഖ്യാപിച്ച് എഴുതിയ കത്തിൽ സാഹചര്യം ചൂഷണംചെയ്യാൻ നോക്കുന്ന ദേശവിരുദ്ധശക്തികൾക്ക് ഇടംനൽകാതിരിക്കാനും ദേശീയൈക്യം സംരക്ഷിക്കാനുമാണ് ഒഴിയുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

സമരം തുടങ്ങിയ ദിവസംതന്നെ രാജിവെക്കാൻ പ്രധാൻ തയ്യാറായിരുന്നതായി മധ്യപ്രദേശിലെ മുതിർന്ന ബി.ജെ.പി. നേതാവ് കൈലാസ് വിജയവർഗിയ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാർട്ടിനേതൃത്വം അനുകൂലിച്ചില്ല. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേതുപോലെ കലാപത്തിന് ദേശവിരുദ്ധ ശക്തികൾ നോക്കിയിരുന്നു. അതിന് ധർമേന്ദ്ര പ്രധാൻ ഇടനൽകിയില്ലെന്നും വർഗിയ പറയുന്നു. പ്രധാന്റെ രാജി രാജ്യതാത്‌പര്യം മുൻനിർത്തിയാണെന്ന വാദം കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള മന്ത്രിമാരും ഉയർത്തുന്നു.

ഇക്കുറി സമരംചെയ്ത വിദ്യാർഥികളെ അപ്പാടെ തള്ളിപ്പറയാതിരിക്കാനുള്ള ജാഗ്രതയും മുതിർന്ന നേതാക്കൾ കാട്ടുന്നു. രാജ്യവും യുവത്വവും വിദ്യാർഥികളും ബി.ജെ.പി.ക്കാർക്ക് ഏതു പദവിയെക്കാളും പ്രധാനമാണെന്ന് അമിത് ഷായുടെ സന്ദേശത്തിൽ പറഞ്ഞു. രാജ്നാഥ് സിങ്ങും വിദ്യാർഥികളുടെ വികാരങ്ങളെ മാനിക്കുന്നതായി വ്യക്തമാക്കി. അവസരം മുതലെടുക്കാതിരിക്കാൻ രാജി അനിവാര്യമായെന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്.

വിഷയം മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടത്തിലാണ് രാജി അനിവാര്യമായത്. എന്നാൽ, രാജിയുടെ ഓളങ്ങളിൽ പാർട്ടി ഉലയാതിരിക്കാനാണ് ഇപ്പോൾ നേതൃത്വത്തിന്റെ ശ്രമം. അമിത് ഷാ, നിർമലാ സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവർ വെള്ളിയാഴ്ചതന്നെ ധർമേന്ദ്ര പ്രധാന്റെ വീട്ടിൽ എത്തിയിരുന്നു. പുതിയ വിദ്യാഭ്യാസനയത്തിന് രൂപംനൽകിയ പ്രധാനെ തള്ളിപ്പറയാൻ പാർട്ടിക്ക് കഴിയില്ല.

ആർ.എസ്.എസ്. ഇടപെടലും നിഷ്‌ഫലമായി

സി.ജെ.പി.സമരത്തെ നിർവീര്യമാക്കാൻ ആർ.എസ്.എസ്. ഇടപെട്ട് ഉന്നതയോഗം ചേർന്നെങ്കിലും തന്ത്രങ്ങൾ വിജയിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പാർലമെൻറ് മാർച്ചോടെ സ്ഥിതി വഷളായപ്പോൾ ജൂലായ്‌ 22-നായിരുന്നു രഹസ്യയോഗം. പ്രധാനമന്ത്രിയും അമിത് ഷായും ജെ.പി. നഡ്ഡയും ജിതേന്ദ്ര പ്രസാദും സർക്കാർ ഭാഗത്തുനിന്ന് പങ്കെടുത്തു. ആർ.എസ്.എസ്. സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ, സഹ സർകാര്യവാഹുമാരായ കൃഷ്ണ ഗോപാൽ, അരുൺ കുമാർ എന്നിവരും സംബന്ധിച്ചു. പ്രധാൻ തുടരുന്നതിനെപ്പറ്റി മോദിക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അമിത് ഷാ പിന്തുണച്ചു. രാജി ഒരു സാധ്യതയായി കണ്ടുകൊണ്ടുതന്നെ അഞ്ചുദിവസത്തെ കർമപരിപാടി തയ്യാറാക്കി.

വാങ്ങ്ചുക്കിനെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കുക, മോദി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുക, സമരസ്ഥലത്ത് സ്വന്തം ആളുകളെയും എത്തിക്കുക എന്നിവയായിരുന്നു പരിപാടികൾ. വാങ്ചുക്കിന്റെ നിരാഹാരം 22-ന് അവസാനിപ്പിക്കുന്നതിൽ വിജയിച്ചു. പക്ഷേ, മറ്റു പരിപാടികളൊന്നും വിജയിച്ചില്ല. മോഹൻ ഭാഗവതും വിദ്യാർഥികളുടെമേൽ അഭിപ്രായം അടിച്ചേൽപ്പിക്കരുതെന്ന സൂചന നൽകി. അതോടെ പ്രധാന്റെ രാജിമാത്രമേ വഴിയുള്ളൂവെന്ന് വ്യക്തമായി.