ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ 45 സ്‌കൂളുകള്‍ക്കും മൂന്ന് കോളേജുകള്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരായി. വിശദപരിശോധനയില്‍ ഭീഷണി വ്യാജമായിരുന്നെന്ന് കണ്ടെത്തി. ഈ ആഴ്ചയില്‍ തന്നെ ഇത്തരത്തിലിത് നാലാമത്തെ സംഭവമാണിത്.

To advertise here,

ഭീഷണിനേരിട്ട സ്‌കൂളുകളില്‍ ഭൂരിഭാഗവും ജാഗ്രതയോടെ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കുടുംബങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചില രക്ഷിതാക്കള്‍ മക്കളെ സ്‌കൂളില്‍ അയച്ചില്ല.

ഡല്‍ഹി പോലീസും ദ്രുതകര്‍മ്മ സേനകളും തിരച്ചിലും ഒഴിപ്പിക്കല്‍ നടപടികളും നടത്തി.  സ്ഥാപനങ്ങള്‍ക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ, പോലീസിനൊപ്പം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും, അഗ്‌നിരക്ഷാ സേനയും സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും കുതിച്ചെത്തിയിരുന്നു.

വടക്കന്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ (ഐപി) വനിതാ കോളേജ്, ഹിന്ദു കോളേജ്, ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ് (എസ്ആര്‍സിസി) എന്നീ മൂന്ന് കോളേജുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഹലോ. സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഞാന്‍ നിരവധി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനാണ് ഞാനിതെഴുതുന്നത്. കറുത്ത പ്ലാസ്റ്റിക് ബാഗുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയാണ്' സ്‌കൂളുകള്‍ക്ക് ലഭിച്ച ഭീഷണി ഇ-മെയിലുകളിലൊന്നില്‍ ഇങ്ങനെ പറയുന്നു.

എന്നാല്‍ സ്‌കൂളുകളില്‍ നിന്ന് സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.