ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധം. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. പോലീസുമായി സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രിയിലും പ്രതിഷേധം തുടരുകയാണ്. മെഴുകുതിരി കത്തിച്ച് വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഓള്‍ഡ് രജിന്ദര്‍ നഗറില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ റോഡ് തടയുകയും ചെയ്തു.
കരോള്‍ ബാഗ് മെട്രോ സ്‌റ്റേഷന് സമീപത്തെ റോഡ് തടഞ്ഞതോടെ വലിയ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത്. പോലീസ് ഇടപെട്ടതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ ക്യാമറയടക്കം ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നിരീക്ഷിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.
സംഭവത്തിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസ് അന്വേഷണത്തിനായി വിവിധ സംഘങ്ങൾ രൂപവത്കരിച്ചു. സ്ഥാപനത്തിന്റെ ഉടമയേയും നടത്തിപ്പുകാരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉടമ അഭിഷേക് ഗുപ്ത എന്നയാളേയും ദേശ്പാല്‍ സിങ് എന്ന മറ്റൊരാളേയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കെട്ടിടത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡല്‍ഹി അഗ്നി രക്ഷാസേനയോട് ചോദിച്ചിട്ടുണ്ട്. ലൈബ്രറിയായി ഉപയോഗിച്ചുവരുന്ന ബേസ്‌മെന്റ് സ്‌റ്റോര്‍ റൂമാണ് വെള്ളത്തിൽ മുങ്ങിയതെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) ആണ് മരിച്ച മലയാളി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
വിദ്യാർഥികളുടെ മരണം കൊലപാതകമാണെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Content Highlights: Delhi coaching centre deaths Students protest owner coordinator arrested
Published: 28 Jul 2024, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented