ന്യൂഡല്‍ഹി: രമേശ് ബിധുരിയുടെ അധിക്ഷേപപരാമര്‍ശത്തിന് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ഇത്രയും തരംതാണ പ്രസ്താവന നടത്താമോയെന്ന് അതിഷി ബിധുരിയോട് ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയം ഇത്രയും അധഃപതിക്കുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

To advertise here,

'ജീവിതകാലത്തുടനീളം ഒരധ്യാപകനായിരുന്നു എന്റെ പിതാവ്. ദരിദ്ര- മധ്യവര്‍ഗ പശ്ചാത്തലത്തില്‍നിന്ന് വരുന്ന ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം പഠിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് 80 വയസ്സാണ്. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്തത്രയും അസുഖബാധിതനാണ് അദ്ദേഹമിപ്പോള്‍. പ്രായമായ ഒരാളെ അധിക്ഷേപിക്കുന്നത്രയും അധഃപതിച്ചിരിക്കുകയാണ് രമേശ് ബിധുരി'; അതിഷി കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രമേശ് ബിധുരി അതിഷിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. അതിഷി അച്ഛനെ മാറ്റിയെന്നായിരുന്നു ബിധുരിയുടെ പ്രസ്താവന. 'ഈ മര്‍ലേന ഇപ്പോള്‍ സിങ് ആയിരിക്കുകയാണ്. അവര്‍ പേര് മാറ്റിയിരിക്കുകയാണ്. മര്‍ലേന തന്റെ പിതാവിനെപ്പോലും മാറ്റി. ഇത് ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ നിരവധി ധീര സൈനികരെ ഇല്ലായ്മചെയ്ത അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടത്തരുതെന്നാവശ്യപ്പട്ട് ദയാഹര്‍ജി നല്‍കിയവരാണ് അതിഷി മര്‍ലേനയുടെ മാതാപിതാക്കള്‍. അങ്ങനെയുള്ളവരെ പിന്തുണയ്ക്കണോ എന്ന് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്', ബിധുരി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ കല്‍ക്കാജി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. ആം ആദ്മി പാര്‍ട്ടി സ്ഥാനാർഥിയായി അതിഷിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക ലാംബയുമാണ് മത്സരിക്കുന്നത്. നേരത്തെ പ്രിയങ്കാ ഗാന്ധിക്കെതിരേയും ബിധുരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.