ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പാസായ പുതിയ ക്രിമിനല്‍ നിയമ പ്രകാരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രിമിനല്‍ നിയമങ്ങളില്‍ സമൂലമാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ ബില്ലുകള്‍ സഭയിലവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. 1860ല്‍ രൂപീകൃതമായ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ലക്ഷ്യം ശിക്ഷിക്കുക എന്നതായിരുന്നു, നീതി നല്‍കാനല്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അതിന് മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

രാജ്യദ്രോഹ നിയമം ഇല്ലാതാക്കാന്‍ കേന്ദ്രം തീരുമാനമെടുത്തതായും അമിത് ഷാ വ്യക്തമാക്കി. സ്വാതന്ത്ര്യ സമരസേനാനികളെ ജയിലലടയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ ആ നിയമം ഉപയോഗിച്ചതിനെ അമിത് ഷാ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. 

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹനിയമത്തിലൂടെയാണ് ബാലഗംഗാധര്‍ തിലകിനെയും മഹാത്മാ ഗാന്ധിയേയും സര്‍ദാര്‍ പട്ടേലിനെയും പോലെയുള്ള നിരവധി സ്വാതന്ത്ര്യ സമരസേനാനികളെ ജയിലിലടച്ചത്. 'ഇതാദ്യമായി, മോദിസര്‍ക്കാര്‍ രാജ്യദ്രോഹ നിയമം പൂര്‍ണമായും നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു'- അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി.