മംഗളൂരു: യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന കായികാധ്യാപകന്‍ മോഹന്‍ കുമാറിന് ജീവപര്യന്തം തടവ്. കാസര്‍കോട് ബദിയഡുക്ക സ്വദേശി ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

To advertise here,

മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹന്‍ ഒടുക്കണം. മറ്റ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസില്‍ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി സയീദുനിസ പറഞ്ഞു.

2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആരതി മോഹന്‍ കുമാറിനെ പരിചയപ്പെടുന്നത്. ആരതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. 2006 ജനുവരി 3ന് വിനോദ യാത്ര പോകുന്നെന്നും പറഞ്ഞാണ് ആരതി വീട്ടില്‍ നിന്നിറങ്ങുന്നത്. മോഹന്‍കുമാറിനൊപ്പം മൈസൂരുവിലെത്തിയ ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 

പിറ്റേന്നു രാവിലെ മറ്റ് കേസുകളിലെപ്പോലെ തന്നെ ആഭരണങ്ങള്‍ അഴിച്ചു വെയ്ക്കാന്‍ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞാണ് സയനൈഡ് ഗുളിക ആരതിക്ക് നല്‍കുന്നത്. ശൗചാലയത്തില്‍ കയറി ഗുളിക കഴിച്ച ആരതി മരിക്കുകയായിരുന്നു. മുറിയിലെത്തിയ മോഹന്‍ കുമാര്‍ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി.

തുടര്‍ന്ന് ആരതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കവേയാണ് മോഹന്‍ കുമാര്‍ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാള്‍ മൊഴി നല്‍കിയത്. 

മൊത്തം 20 യുവതികളെയാണു മോഹന്‍ കുമാര്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇതില്‍ പത്തൊമ്പതാമത്തെ കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചത്. സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു വിധി പറയാന്‍ ബാക്കിയുള്ളത്. 

ഇയാള്‍ക്ക് 5 കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 

Content Highlights: Cyanide Mohan has been sentenced to life imprisonment for the murder of a 23-year old woman from Kasaragod