മധുര: മുഖ്യശത്രുവായ ആര്‍എസ്എസ്-ബിജെപി സഖ്യം ആശയപ്രചാരണത്തിലും ജനസ്വാധീനത്തിലും ഏറെ മുന്നിലാണെന്നും ഇതിനെ ചെറുക്കാന്‍ പുതിയ ഇടങ്ങളിലേക്ക് ചേക്കേറി ശക്തികൂട്ടണമെന്നും സിപിഎം. പുതിയ സംഘടനകളുണ്ടാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാറിപ്പോര്‍ട്ടിലെ കര്‍മപദ്ധതി. 

To advertise here,

പ്രാദേശികസമരങ്ങള്‍ ഏറ്റെടുക്കാന്‍ ജനങ്ങളുടെ ജീവിതം ആഴത്തില്‍ പഠിക്കും. കുട്ടികള്‍മുതല്‍ പെന്‍ഷന്‍കാര്‍ക്കുവരെ ദേശീയതലത്തില്‍ സംഘടനയുണ്ടാക്കും. തൊഴിലാളി ഫെഡറേഷനുകള്‍, സാമൂഹികസേവന സംഘടനകള്‍ തുടങ്ങി പലവിധത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

ബാലസംഘം മാതൃകയില്‍ രാജ്യമെങ്ങും കുട്ടികളുടെ സംഘടനകള്‍ വേണം.ഗ്രാമീണത്തൊഴിലാളികളെ സംഘടിപ്പിക്കാനാവണം ശ്രദ്ധ. ബന്ധപ്പെട്ട തൊഴിലാളിസംഘടനകളെല്ലാം ഇതിനായി ഒന്നിച്ചു യത്‌നിക്കണം. പ്രാദേശികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇത് അനിവാര്യമാണ്. ജനജീവിതം പഠിക്കാന്‍ ബുദ്ധിജീവികളുടെയും ട്രസ്റ്റുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍ എന്നിവയുടെയും സേവനം പ്രയോജനപ്പെടുത്തും

ചേരികളിലും ബസ്തികളിലും ഇടത്തരക്കാരുടെ താമസകേന്ദ്രങ്ങളിലുമൊക്കെ പലതരം സംഘടനകളുണ്ടാക്കി നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിര്‍മാണമേഖലകളിലെ തൊഴിലാളികളെയും സംഘടിതമേഖലയിലെ കരാര്‍ത്തൊഴിലാളികളെയും സംഘടിപ്പിക്കും. ആദിവാസി ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകം ശ്രദ്ധനല്‍കും.

പരമ്പരാഗതരീതി പോരാ

മധ്യവര്‍ഗത്തെ സ്വാധീനിക്കാന്‍ പരമ്പരാഗത സംഘടനാപ്രവര്‍ത്തനം പോരാ. പൗരസമിതി, സാംസ്‌കാരികവേദി, റെസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവയിലൂടെ സ്വാധീനമുറപ്പിക്കണം. ഭൂരിപക്ഷം മധ്യവര്‍ഗവും സര്‍വീസ് മേഖലയിലാണിപ്പോള്‍. ഇവരെ സ്വാധീനിക്കാന്‍ വിവിധ തന്ത്രങ്ങള്‍ വേണം.