ന്യൂഡൽഹി: സിപിഐ 25-ാം പാർട്ടി കോൺഗ്രസിന് ഞായറാഴ്ച ചണ്ഡീഗഢിൽ പതാകയുയരുമ്പോൾ, പുതിയ ജനറൽസെക്രട്ടറി ആരായിരിക്കുമെന്ന ചോദ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. 75 വയസ്സ് പ്രായപരിധി കർശനമായി പാലിക്കാൻ തീരുമാനിച്ചാൽ ജനറൽസെക്രട്ടറി ഡി. രാജയ്ക്ക്‌ പിന്മാറേണ്ടിവരും. രാജയ്ക്ക് ജൂണിൽ 75 തികഞ്ഞു.

To advertise here,

73-കാരിയായ എഐടിയുസി ജനറൽസെക്രട്ടറി അമർജിത്കൗറിൻറെ പേര് രാജയ്ക്കുപകരമായി ഉയരുന്നുണ്ട്. അമർജിത്തിന്റെ ജന്മനാടായ പഞ്ചാബിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവർ ജനറൽ സെക്രട്ടറിയായാൽ, നൂറാം വാർഷികമാഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിതാ ജനറൽസെക്രട്ടറി എന്ന ചരിത്രം സ്വന്തമാകും.

21-ന് രാവിലെ 11 മണിക്ക് റാലിയോടെ സമ്മേളനം തുടങ്ങും. 22 മുതൽ പ്രതിനിധി സമ്മേളനം ചണ്ഡിഗഢ് സെക്ടർ 35-ലെ കിസാൻഭവനിൽ നടക്കും. പ്രതിനിധിസമ്മേളനം ഡി. രാജ ഉദ്ഘാടനംചെയ്യും. 25-ന് പുതിയ ജനറൽസെക്രട്ടറിയെയും ദേശീയ കൗൺസിൽ, എക്സിക്യുട്ടീവ്, സെക്രട്ടേറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കും.

കേന്ദ്ര സെക്രട്ടേറിയറ്റിൽ നിലവിൽ ഒഴിവില്ല. അന്തരിച്ച അതുൽകുമാർ അൻജാൻ, കാനം രാജേന്ദ്രൻ എന്നിവർക്ക് പകരമായി ഗിരീഷ് ശർമ, ആനി രാജ എന്നിവരെ നേരത്തേ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. പ്രായപരിധി നിബന്ധന കർക്കശമാക്കിയാൽ ഡി. രാജ, ഡോ. കെ. നാരായണ, പല്ലബ്സെൻ ഗുപ്ത, അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവർ ഒഴിവാകും. പകരം, കേരളത്തിൽനിന്ന് ആരെങ്കിലും എത്തുമോയെന്ന ആകാംക്ഷയുണ്ട്.

സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റിലുണ്ട്. പുതുതായി ആരെയെങ്കിലും പരിഗണിച്ചാൽ മുതിർന്ന നേതാവ് കെ. പ്രകാശ്ബാബു, രാജ്യസഭാകക്ഷിനേതാവ് പി. സന്തോഷ് കുമാർ എന്നിവർക്ക് സാധ്യതയുണ്ട്.