ലഖ്‌നൗ: കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച സംശയങ്ങള്‍ ഉയരുന്നതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം രംഗത്തെത്തി. ദുബെയെ ഉജ്ജെയ്‌നില്‍നിന്ന് കാന്‍പൂരിലേക്ക് കൊണ്ടുവന്ന വാഹനത്തിന് മുന്നില്‍ അപ്രതീക്ഷിതമായി കന്നുകാലിക്കൂട്ടം എത്തുകയും ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതോടെ വാഹനം മറിയുകയും ചെയ്തുവെന്നാണ് എസ്ടിഎഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

To advertise here,

വാഹനം മറിഞ്ഞതോടെ ദുബെ പോലീസുകാരുടെ പിസ്റ്റള്‍ തട്ടിയെടുക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് ദുബെയെ പിന്‍തുടര്‍ന്ന് ജീവനോടെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ വെടിവെപ്പ് തുടര്‍ന്നതോടെ പോലീസിന് പ്രാണരക്ഷാര്‍ഥം വെടിവെക്കേണ്ടി വന്നു. ഏതാനും വെടിയുണ്ടകളേറ്റ ദുബെയെ കാന്‍പുര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് വിശദീകരണം.

യു.പിയിലെ കാന്‍പുരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനിടെയാണ് ദുബെ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍നിന്ന് കാന്‍പുരിലേക്ക് ദുബെയെ കൊണ്ടുവന്ന വാഹനം കാന്‍പുരില്‍വച്ച് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം. കാന്‍പുരില്‍ ജൂലായ് മൂന്നിന് എട്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് വികാസ് ദുബെ. ഏഴ് ദിവസം നടത്തിയ തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍നിന്ന് ദുബെ അറസ്റ്റിലാകുന്നത്. 

ദുബെയുമായി ബന്ധമുള്ളത് ആര്‍ക്കൊക്കെയാണെന്ന വിവരം പുറത്തുവരാതിരിക്കാന്‍ അയാളെ കൊലപ്പെടുത്തുകയായിരുന്നോ എന്ന ചോദ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. ദുബെ കൊല്ലപ്പെടുമെന്ന് പലരും പ്രവചിച്ചിരുന്നു. രാഷ്ട്രീയ ബന്ധങ്ങള്‍ വെളിപ്പെടാതിരിക്കാനും തെളിവ് നശിപ്പിക്കാനുമായി ആരെങ്കിലും ഗൂഢാലോചന നടത്തിയോ എന്നും സിബല്‍ ചോദിച്ചിരുന്നു. 

ദുബെ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അയാള്‍ക്ക് സംരക്ഷണം നല്‍കിയവരെ കണ്ടെത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടിരുന്നു. കൊടുംകുറ്റവാളി കൊല്ലപ്പെട്ടതിനാല്‍ അയാള്‍ക്ക് സംരക്ഷണം നല്‍കിയവരെ എങ്ങനെ കണ്ടെത്താനാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Content Highlights: Cows, buffaloes caused accident of car carrying Dubey, claims STF