കൊല്‍ക്കത്ത: ഓണ്‍ലൈന്‍ പഠനത്തിനിടെ നെറ്റ്‌വര്‍ക്ക് പോയാല്‍ എന്ത് ചെയ്യും? നെറ്റ്‌വര്‍ക്ക് ഉള്ളിടത്തേക്ക് മാറുക തന്നെ പരിഹാരം. അത് എവിടെ എന്ന് ചോദിച്ചാല്‍ ബംഗാളില്‍ നിന്നുള്ള ചരിത്രാധ്യാപകനായ സുബ്രത പാട്ടി പറയും മരത്തിന്റെ മുകളില്‍ എന്ന്..! കാരണം ദിവസങ്ങളായി വീടിനുമുന്നിലെ വേപ്പ് മരത്തിന്റെ മുകളില്‍ കെട്ടിയ ഏറുമാടത്തിലിരുന്നാണ് ഈ അധ്യാപകന്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. 

To advertise here,

കൊല്‍ക്കത്തയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചരിത്രക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകനാണ് സുബ്രത. ലോക്ക് ഡൗണില്‍ പഠനം മുടങ്ങരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഗ്രാമപ്രദേശമായ അഹാന്തയിലാവട്ടെ നെറ്റ്വര്‍ക്ക് പ്രശ്‌നം വളരെ രൂക്ഷമാണു താനും. ഇതേ തുടര്‍ന്നാണ് സുബ്രത മരത്തിന്റെ മുകളില്‍ കയറിയുള്ള സാഹസികത ആരംഭിച്ചത്. 

ആദ്യ ദിവസം മരത്തിന്റെ മുകളില്‍ കയറി റേഞ്ച് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. പഠിപ്പിക്കാന്‍ സാധിക്കുമെന്ന് കണ്ടതോടെ താല്‍ക്കാലികമായൊരു ഷെഡ്ഡ് മരത്തിന്റെ മുകളില്‍ കെട്ടിയുണ്ടാക്കി. എന്നും രാവിലെ മുകളില്‍ കയറും. മണിക്കൂറുകളോളം ക്ലാസ്സുകള്‍ എടുക്കും. ഇറങ്ങിവരും. ഇതിപ്പോള്‍ അദ്ദേഹത്തിന്റെ ശീലമായി മാറിയിരിക്കുന്നു. 

ഏത് സാഹചര്യമായാലും പഠനം മുടങ്ങരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇത്തരത്തില്‍ മരത്തിന്റെ മുകളില്‍ കയറാന്‍ തീരുമാനിച്ചത്. പാഠങ്ങള്‍ നന്നായി പഠിച്ച് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടി വിദ്യാര്‍ഥികളും തനിക്ക് ഈ കഷ്ടപ്പാടിന്റെ ഫലം തരുമെന്നാണ് പ്രതീക്ഷയെന്ന് സുബ്രത പറഞ്ഞു. 

Content Highlights: Teacher climbs tree to cross internet hurdle to teach students during lockdown