ജയ്പുർ: അശ്ലീല വീഡിയോകൾ സാമൂ​ഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുൻ എം.എൽ.എയെ സസ്പെൻഡ് ചെയ്ത് രാജസ്ഥാൻ കോൺ​ഗ്രസ്. ബാർമറിലെ മുൻ എം.എൽ.എ മേവാരം ജയിനിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിൻ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 

To advertise here,

പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അധാർ‍മിക പ്രവർത്തനങ്ങൾ ജയിനിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. തുടർന്ന് കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുന്നതായി സംസ്ഥാന അധ്യക്ഷൻ ​ഗോവിന്ദ് സിങ് ദോട്ടസാര അറിയിച്ചു. 

നേരത്തെ, 2023 ഡിസംബർ 20-ന് കൂട്ടബലാത്സം​ഗം ആരോപിച്ച് ജയിനിനെതിരെ ഒരു യുവതി പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, അന്ന് എം.എൽ.എ ആയിരുന്ന ജയിൻ തന്റെ സ്വാധീനം ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പിന്നാലെ, ജയിനിന് പകരം പണം തട്ടാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും അവർ വ്യക്തമാക്കിയിരുന്നു. 

ജോധ്പുരിലെ രാജിവ് ​ഗാന്ധി പോലീസ് സ്റ്റേഷനിലായിരുന്നു ജെയിൻ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ യുവതി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, രാജസ്ഥാൻ ഹെെക്കോടതി ജനുവരി 25 വരെ എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പോലീസ് അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.