
അഹമ്മദാബാദ്: സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരേ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലെടുത്ത നിലപാടുകളെ ഉയര്‍ത്തിക്കാട്ടുന്ന പ്രമേയം എഐസിസി വിശാലപ്രവര്‍ത്തക സമിതിയോഗം അംഗീകരിച്ചു. പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് അഹമ്മദാബാദ് ഷാഹിബാഗിലെ പട്ടേല്‍ സ്മാരകത്തിലാണ് യോഗംചേര്‍ന്നത്.
വല്ലഭ്ഭായ് പട്ടേലിന്റെ പൈതൃകം ഏറ്റെടുക്കാനും നെഹ്റു-പട്ടേല്‍ വൈരുധ്യം പ്രചരിപ്പിക്കാനും ബിജെപി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. 'ഞങ്ങളുടെ സര്‍ദാര്‍' എന്ന തലക്കെട്ടിലുള്ള പ്രമേയത്തില്‍ ഗാന്ധിവധത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരി എട്ടിന് ആര്‍എസ്എസിനെ നിരോധിച്ചത് ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. അന്ന് നെഹ്റുവിനൊപ്പം പട്ടേലിനെയും ഗാന്ധിവധത്തിന് പിന്നിലെ ശക്തികള്‍ വിമര്‍ശിച്ചു. തന്നെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടതായി പട്ടേല്‍തന്നെ ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള കത്തില്‍ സൂചിപ്പിരുന്നതായി പ്രമേയത്തില്‍ പറയുന്നു. ഇന്ന് അതേ വര്‍ഗീയതയുടെ ശക്തികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ 'ഉരുക്കുമനുഷ്യന്റെ' പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മതധ്രുവീകരണത്തിന് എതിരേ പോരാടാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം പറയുന്നു.
ഗാന്ധിജിക്കും നെഹ്റുവിനുമൊപ്പമുള്ള സ്ഥാനം വല്ലഭ്ഭായ് പട്ടേലിനും നല്‍കുന്നതായി പ്രമേയം വ്യക്തമാക്കുന്നു. രാജ്യത്ത് പാര്‍ട്ടി നടത്തുന്ന ആശയസമരത്തിന്റെ അടിസ്ഥാനം ഗാന്ധി-നെഹ്റു ചിന്താസരണിയും പ്രചോദനം വല്ലഭ്ഭായ് പട്ടേലുമാണെന്ന് പ്രമേയത്തിലുണ്ട്. ഗാന്ധിജിയുടെ അഹിംസയുടെ അടിയുറച്ച വക്താവായ പട്ടേലിനെ അക്രമാസക്ത വര്‍ഗീയതയ്ക്ക് ഏറ്റെടുക്കാനാവില്ല. നെഹ്റുവും പട്ടേലും തമ്മില്‍ ഭിന്നതയായിരുന്നുവെന്ന് വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത് സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശത്തിനുതന്നെ എതിരാണെന്നും പ്രമേയം പറയുന്നു.
നെഹ്റു കുടുംബത്തിനായി സര്‍ദാര്‍ പട്ടേലിനെ കോണ്‍ഗ്രസ് തമസ്‌കരിച്ചെന്ന വാദമാണ് ബിജെപി ഗുജറാത്തില്‍ ഉയര്‍ത്തുന്നത്. ഏറ്റവും ദീര്‍ഘകാലം സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത് വല്ലഭ്ഭായ് പട്ടേലായിരുന്നിട്ടും സംസ്ഥാന ആസ്ഥാനത്തിന് രാജീവ്ഗാന്ധിയുടെ പേരിട്ടത് വിമര്‍ശനമായി അവര്‍ ഉന്നയിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ഭരണത്തിന് പുറത്തായ ഗുജറാത്തില്‍ ഇത് തിരുത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പ്രമേയത്തിലൂടെ പുറത്തുവരുന്നത്.
'ബിജെപി ഭരണം ബ്രിട്ടീഷുകാര്‍ക്ക് സമാനം'
കര്‍ഷകരുടെ സമരങ്ങളെ അടിച്ചമര്‍ത്തിയും തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കിയും ബ്രിട്ടീഷുകാര്‍ക്ക് സമാനമായ ഭരണമാണ് ബിജെപി നടത്തുന്നത്. തൊഴിലുറപ്പു പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നത് ഉദാഹരണമാണ്. നാട്ടുരാജ്യങ്ങളെ യോജിപ്പിച്ചത് നെഹ്റുവും പട്ടേലും ചേര്‍ന്നായിരുന്നെങ്കില്‍ സംസ്‌കാരം, ഭാഷ, പ്രാദേശികത എന്നിവയുടെ പേരില്‍ വിഭജിപ്പിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം. പട്ടേലിന്റെ പാത പിന്തുടര്‍ന്ന് 'വെറുപ്പിനെ അകറ്റൂ-ഇന്ത്യയെ ഒന്നിപ്പിക്കൂ...' എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പ്രമേയം വ്യക്തമാക്കി. യോഗത്തിനുമുന്‍പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പട്ടേല്‍ സ്മാരകത്തിലെ മ്യൂസിയം സന്ദര്‍ശിച്ചു.
ഗാന്ധിജിയുടെ കണ്ണടയും വടിയും മോഷ്ടിക്കാം; ആശയങ്ങള്‍ പിന്തുടരാനാവില്ലെന്ന് ഖാര്‍ഗെ
#സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഗാന്ധിജിയുടെ കണ്ണടയും വടിയും മോഷ്ടിക്കാമെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരാന്‍ മോഷ്ടാക്കള്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.ബിജെപിയുടെയും സംഘപരിവാറിന്റെയും ആളുകള്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ഗാന്ധിവിരുദ്ധ പ്രത്യയശാസ്ത്രക്കാര്‍ക്ക് കൈമാറുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
ഗാന്ധിജിയുടെ പ്രത്യയശാസ്ത്രപൈതൃകമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂലധനം. ബിജെപി ഇപ്പോള്‍ വര്‍ഗീയവിഭജനം നടത്തി അടിസ്ഥാനപ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും രാജ്യത്തിന്റെ വിഭവങ്ങള്‍ നിയന്ത്രിച്ച് ഒരു സംഘത്തിന്റെ കുത്തക സൃഷ്ടിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. അഹമ്മദാബാദിലെ സര്‍ദാര്‍പട്ടേല്‍ സ്മാരകത്തില്‍ കോണ്‍ഗ്രസിന്റെ വിശാലപ്രവര്‍ത്തക സമിതിയില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയ നേതാക്കള്‍ക്കെതിരേ ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. സ്വാതന്ത്ര്യസമരത്തിന് സംഭാവനചെയ്യാത്തവരും സ്വന്തമായി നേട്ടമൊന്നും കാണിക്കാനില്ലാത്തവരുമാണ് ഇതുചെയ്യുന്നത്. സര്‍ദാര്‍ പട്ടേലും നെഹ്‌റുവും എതിരായിരുന്നുവെന്ന് കാട്ടാന്‍ ഇവര്‍ ശ്രമിക്കുന്നു. സത്യം പറഞ്ഞാല്‍ അവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. 1937-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് ജയിച്ചാല്‍ നെഹ്റുവിനെ പൂക്കളാല്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച് പട്ടേല്‍ പറഞ്ഞതടക്കമുള്ള രേഖകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ആര്‍എസ്എസ് വിരുദ്ധമായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആശയം. ആര്‍എസ്എസ്സിനുനേരേ ആരോപണമുന്നയിച്ച അദ്ദേഹം സംഘടനയെ നിരോധിച്ചു. ബാബാ അംബേദ്കറെ ഭരണഘടനാകമ്മിറ്റിയുടെ അധ്യക്ഷനാക്കിയതില്‍ ഗാന്ധിജിക്കും പട്ടേലിനും വലിയ പങ്കുണ്ട്. 1949 നവംബര്‍ 25-ന് ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ അവസാനപ്രസംഗത്തില്‍ ഡോ. അംബേദ്കര്‍ പറഞ്ഞത്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഹകരണമില്ലാതെ ഭരണഘടന നിര്‍മിക്കപ്പെടുമായിരുന്നില്ല എന്നാണ്. എന്നാല്‍, ഭരണഘടനയുണ്ടാക്കിയപ്പോള്‍ ഗാന്ധിജി, നെഹ്‌റു, ഡോ. അംബേദ്കര്‍, കോണ്‍ഗ്രസ് എന്നിവരെ ആര്‍എസ്എസ് വിമര്‍ശിച്ചു'' -ഖാര്‍ഗെ പറഞ്ഞു.
Content Highlights: Congress highlights Sardar Patel`s anti-RSS stance & his crucial role in India`s freedom struggle
Published: 09 Apr 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented