ന്യൂഡൽഹി: തെളിവുകൾ ചൂണ്ടിക്കാണിക്കുന്നവരെ നോട്ടീസ് കാണിച്ച് പേടിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിചാരിക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. ജനാധിപത്യം കൊല ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ഇതിന് കൂട്ട് നിൽക്കുന്ന ഇലക്ഷൻ കമ്മിഷൻ ഉദ്യോഗസ്ഥൻമാരെ എന്ത് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ. ശിവകുമാർ കർണാടക ഇലക്ഷൻ കമ്മിഷനെ കണ്ട് പ്രധാനപ്പെട്ട തെളിവുകൾ കൈമാറിയതാണ്. അവർക്ക് അന്വേഷിക്കാൻ ഏജൻസികളില്ലേ, കോൺഗ്രസാണോ തെളിവുകൾ നൽകേണ്ടത്. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിലെ എല്ലാ എംപിമാരും തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് വേണ്ടി ഏജന്റ് പണിയെടുക്കുകയാണോ ഇലക്ഷൻ കമ്മിഷൻ ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. എന്തുകൊണ്ടാണ് അവർ ഇലക്ട്രോണിക് വോട്ടർ ലിസ്റ്റ് നൽകാത്തത്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ എന്തിനാണ് തീരുമാനം എടുത്തത്. ഈ രണ്ടു ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കമ്മിഷൻ നൽകണം. ബിജെപി കമ്മിഷനെ പിന്തുണയ്ക്കുമെന്നും അവരിലൊരാൾ പ്രധാനമന്ത്രിയായത് ഇങ്ങനെയല്ലേയെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിന്റെ പക്കൽ വ്യക്തമായ രേഖകളുണ്ട്. ചോദ്യം ചോദിച്ച കോൺഗ്രസിനെതിരെയാണ് നടപടിയെടുക്കുന്നതിൽ എടുക്കട്ടെ. എത്ര വലിയ സ്വർണ്ണ പാത്രം കൊണ്ടുവന്നാലും സത്യം മൂടിവെയ്ക്കാൻ കഴിയില്ല. വോട്ടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടുന്നതിന് ജനപിന്തുണക്കായി രാഹുൽ ഗാന്ധി ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമാകാൻ ആറുമണിക്കൂറിനുള്ളിൽ അഞ്ചുലക്ഷം പേരാണ് വിളിച്ചത്.
പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോമാണ് ഫോം 6. ഫോം 6 ഉപയോഗിച്ച് 70 വയസ്സ് കഴിഞ്ഞ ശകുൻ റാണിയുടെ പേര് രണ്ടിടത്ത് ചേർത്തു. ബൂത്ത് ലെവൽ ഓഫീസർ ടിക്ക് ചെയ്ത സ്ലിപ്പ് പ്രകാരം ഇവർ രണ്ടിടത്തും വോട്ട് ചെയ്തിട്ടുണ്ട്. ഇവരാണോ ഈ വോട്ട് ചെയ്തതെന്ന് അറിയില്ലെന്നും മറ്റാരെങ്കിലും ശകുൻ റാണിയുടെ പേരിൽ വോട്ട് ചെയ്തതാണോയെന്ന് നിശ്ചയമില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടിയിരുന്നതാണ്. ഇലക്ഷൻ കമ്മിഷൻ പറയുന്നത് ശകുൻ റാണി നിഷേധിച്ചുവെന്നാണ്. ശകുൻ റാണിയുടെ പേരിൽ മറ്റാരെങ്കിലും വോട്ട് ചെയ്തതാവാം. കോൺഗ്രസ് ഇത്രയും വിസ്ഫോടനകരമായ ഒരു കാര്യം ഉന്നയിച്ചിട്ട് അതിനൊന്നും മറുപടി പറയാതെ രാഹുൽ ഗാന്ധി തെളിവ് ഹാജരാക്കണെന്ന് ചൂണ്ടികാട്ടി കത്തയച്ചിരിക്കുകയാണ്. ഇത് ബാലിശമാണെന്നും ഇലക്ഷൻ കമ്മിഷൻ ഇന്ത്യയിൽ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നത് വെളിച്ചത്തുവന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Congress leader K.C. Venugopal questions Election Commission`s actions, alleging bias towards BJP
Published: 10 Aug 2025, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented