ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന കോൺഗ്രസ് എം.പിമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുന്നു. പല എംപിമാർക്കും പരിക്കേറ്റതായാണ് വിവരം. വനിതകളുൾപ്പെടെയുള്ള എംപിമാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. 

To advertise here,

എംപിമാർക്ക് പുറമെ പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട അറസ്റ്റ്. അതീവ സുരക്ഷാ മേഖലയിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തുന്നത്. വൻ സുരക്ഷാ സന്നാഹമാണ് പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടില്ലെന്നാണ് വിവരം. തുടർന്ന്, മന്ത്രി തിരികെ പോയി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കോൺഗ്രസ് നിലപാട്. 

സിജെപി പ്രതിഷേധത്തിനുനേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞദിവസം സി.ജെ.പി. നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.