ന്യൂഡൽഹി: കേരളത്തിൽ അധികാരത്തിലെത്തുകയും കർണാടകയിൽ അധികാര കൈമാറ്റം പൂർത്തീകരിക്കുകയും ചെയ്തശേഷം രാജ്യവ്യാപകമായി പുനഃസംഘടനയ്‌ക്കൊരുങ്ങുകയാണ് കോൺഗ്രസ്. കർണാടകത്തിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ ബി.കെ. ഹരിപ്രസാദിനെ പാർട്ടി അധ്യക്ഷനായി നിയമിക്കുകയും ചെയ്തിരുന്നു. ഇനി കേരളത്തിലടക്കം ആറ് സംസ്ഥാനങ്ങളിലെ സംസ്ഥാന അധ്യക്ഷന്മാരെയും ചുമതലയുള്ള നേതാക്കളേയും മാറ്റാനുള്ള നീക്കത്തിലാണ് പാർട്ടി.

To advertise here,

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച പ്രാഥമിക കൂടിക്കാഴ്ച നടത്തി മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്തതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള ഖാർഗെയുടെ കാലാവധിയിലെ അവസാനത്തെ പ്രധാന പുനഃസംഘടനയായിരിക്കും വരാനിരിക്കുന്നത്.

അടുത്തവർഷം ആദ്യം തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പുർ എന്നിവിടങ്ങളിലാണ് അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത വർഷം അവസാനത്തോടെയും തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്-ബിജെപി കക്ഷികൾ തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് അധികാരത്തിലുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയ നേതൃത്വത്തിലും പുനഃസംഘടനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് വർഷമായി സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള കെ.സി. വേണുഗോപാലിനെ ചുറ്റിപ്പറ്റിയാണ് ഈ ചർച്ചകൾ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത തീരുമാനം ദേശീയ തലത്തിൽ വേണുഗോപാലിന് പിന്തുണ ഉയർത്തിയിട്ടുണ്ട്. ഖാർഗെയുടെ കാലാവധി തീരുന്ന മുറയ്ക്ക് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ എത്തിയേക്കുമെന്ന സൂചനകൾ ചില നേതാക്കൾ നൽകുന്നുണ്ട്.

കഴിഞ്ഞ രണ്ടര വർഷമായി നേരിട്ടുള്ള, സംഘടനാപരമായ ഒരു ചുമതലയുമില്ലാത്ത പ്രിയങ്കാ ഗാന്ധിയും സുപ്രധാന പദവിയിലെത്തിയേക്കും. വരാനിരിക്കുന്ന പുനഃസംഘടനയിൽ അവർക്ക് എന്തെങ്കിലും വലിയ പങ്ക് നൽകുമോ എന്നത് വ്യക്തമല്ല. ഈ പുനഃസംഘടന മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള അവസാനത്തെ പ്രധാന നീക്കമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷാവസാനത്തോടെ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. 

സംസ്ഥാനങ്ങളിലും നേതൃമാറ്റം

സണ്ണി ജോസഫ് മന്ത്രിയായതോടെ കേരളത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.

പഞ്ചാബിൽ നിലവിലെ അധ്യക്ഷൻ അമരീന്ദർ സിങ് ബ്രാറിനെ മാറ്റിയേക്കും. നിലവിലെ അധ്യക്ഷനും നിയമസഭാ കക്ഷി നേതാവ് പ്രതാബ് സിങ് ബജ്‌വയും ഒരേ സാമുദായി വിഭാഗത്തിൽപ്പെടുന്നവരാണ്. ഈ സാഹചര്യത്തിൽ ഒരു മാറ്റംവേണമെന്ന ആവശ്യം ഉയരുന്നുണ്ട്. പഞ്ചാബിലെ കോൺഗ്രസിന്റെ 'ഹിന്ദു മുഖമായി' കണക്കാക്കുന്ന ദേശീയ സഹ ട്രഷറർ വിജയ് ഇന്ദർ സിംഗള അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. അതേസമയം മറുവശത്ത്, ദളിത് വോട്ടർമാരെ ആകർഷിക്കാൻ മുൻ മുഖ്യമന്ത്രിയും എംപിയുമായ ചരൺജിത് സിങ് ചന്നിക്കായി സംസ്ഥാന നേതാക്കളിൽ വലിയൊരു വിഭാഗം രംഗത്തുണ്ട്. പഞ്ചാബിൽ ആം ആദ്മി പാർട്ടി, ബിജെപി, അകാലി ദൾ എന്നീ പാർട്ടികളിൽനിന്ന് ഒരുപോലെ കോൺഗ്രസ് വെല്ലുവിളി നേരിടുന്നുണ്ട്.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മൂന്നാം തവണയും അധികാരത്തിലെത്തുന്നത് തടയുകയാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ദളിത് വോട്ടർമാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും സംസ്ഥാനത്തെ പുനഃസംഘടന എന്നാണ് വിവരം. സംസ്ഥാനത്ത് എസ്പിയുമായി കോൺഗ്രസ് സഖ്യം തുടർന്നേക്കും. സീറ്റ് വിഭജനം ഇതിനോടകം ചർച്ചയായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗോവയിൽ, ഗിരീഷ് ചോദങ്കറെ സംസ്ഥാന അധ്യക്ഷനായി കോൺഗ്രസ് അടുത്തിടെ നിയമിച്ചിരുന്നു. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചുവരുന്നതിനിടെയായിരുന്നു നിയമനം. ഇതോടെ തമിഴ്‌നാടിനും പുതുച്ചേരിക്കും ചുമതല വഹിക്കാൻ പുതിയ ജനറൽ സെക്രട്ടറി വരും. ഈ സംസ്ഥാനങ്ങളിലെ പുതിയ സംസ്ഥാന അധ്യക്ഷൻമാരെ നിയമിക്കുന്നതും പരിഗണിക്കുന്നുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ മണിപ്പുരിലും കഴിഞ്ഞവർഷം നവംബറിൽ ഉത്തരാഖണ്ഡിലും കോൺഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിച്ചിട്ടുണ്ട്.