ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ 'ഒന്നിനും കൊള്ളാത്തവനെ'ന്ന് വിളിച്ചതിനാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നോട്ടീസയച്ചത്. വ്യാഴാഴ്ച അഞ്ച് മണിക്ക് മുമ്പ് നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

To advertise here,

അധിക്ഷേപ പരാമര്‍ശത്തിലൂടെ പ്രിയങ്ക് ഖാര്‍ഗെ പ്രധാനമന്ത്രിയെ അപമാനിച്ചുവെന്ന് കാണിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചടത്തിന്റെ ലംഘനമാണെന്നും അനുവദിച്ച സമയപരിധിക്കുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ മറ്റൊരു അറിയിപ്പില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. 

കല്‍ബുര്‍ഗിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ബഞ്ചാര സമുദായത്തിലെ ജനങ്ങളോട് 'നിങ്ങള്‍ പേടിക്കേണ്ട, ബഞ്ചാരയിലെ ഒരു മകന്‍ ഡല്‍ഹിയില്‍ ഇരിപ്പുണ്ട്' എന്ന മോദിയുടെ അവകാശവാദത്തെ പരിഹസിച്ചായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശം. 'ഒരു കഴിവുകെട്ട മകന്‍ ഡല്‍ഹിയില്‍ ഇരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ കുടുംബം നയിക്കാനാകും' എന്ന പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശമാണ് വിവാദമായത്. 

മോദി വിഷപ്പാമ്പ് ആണെന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതോടെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അധിക്ഷേപ രാഷ്ട്രീയത്തില്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മറികടക്കുകയാണെന്നും കര്‍ണാടകയിലെ ജനങ്ങള്‍ മോദിക്ക് വലിയ പിന്തുണ നല്‍കുന്നതില്‍ നിരാശരായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും മോദിയെ അധിക്ഷേപിക്കുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു.

അതേസമയം, പ്രധാനമന്ത്രി മോദിക്കെതിരേയല്ല തന്നെ അപമാനിച്ച പാര്‍ലമെന്റ് അംഗത്തിനെതിരേയാണ്‌ പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.