ന്യൂഡല്‍ഹി: മോശമായി സംസാരിച്ചുവെന്നാരോപിച്ച് എ.എ.പി പ്രവര്‍ത്തകനെ തല്ലാന്‍ കയ്യോങ്ങിയ അല്‍ക ലാംബയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. തല്ലാന്‍ കയ്യോങ്ങുന്ന വീഡിയോയും പോലീസുകാര്‍ പിടിച്ചുമാറ്റുന്ന വീഡിയോയും പുറത്തുവന്നതോടെ എ.എ.പി അല്‍കയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അല്‍ക ലാംബ എന്ന 40കാരി എന്നും എപ്പോഴും ഇങ്ങനെയായിരുന്നു. തനിക്ക് തെറ്റെന്ന് തോന്നുന്നതിനെതിരേ അവര്‍ കലഹിച്ചുകൊണ്ടിരുന്നു. പാര്‍ട്ടിക്ക് അകത്തും പുറത്തും നടത്തിയ ഈ  പ്രതിഷേധങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടിയിലേക്കുള്ള കൂടുമാറ്റത്തിലാണ് കലാശിച്ചത്. 

To advertise here,

അഭിഭാഷക കൂടിയായ അല്‍ക ലാംബ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് 1994 ല്‍ കോണ്‍ഗ്രസിലൂടെയാണ്. പക്ഷേ 2013ല്‍ ആപ്പ് തരംഗത്തിനിടെ അല്‍ക ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാല്‍ 2019ല്‍ ആംആദ്മിയോട് വിടപറയുകയും ചെയ്തു.

കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന വന്ന അല്‍കയെ 2002ല്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 2003ല്‍  കോണ്‍ഗ്രസ് ടിക്കറ്റില്‍ മോതി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെങ്കിലും ബിജെപി മുതിര്‍ന്ന നേതാവ് മദന്‍ ലാല്‍ ഖുറാനയോട് പരാജയപ്പെട്ടു.

പിന്നീട് 2014 ഡിസംബറില്‍  ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനാണ് അല്‍ക കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കുപോരുന്നത്. 2015ല്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് എ.എ.പി ടിക്കറ്റില്‍ ജനവിധി തേടിയ അല്‍ക ബിജെപി സ്ഥാനാര്‍ത്ഥിയായ സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി.

അരവിന്ദ് കേജ്രിവാളും അല്‍ക്കയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അല്‍ക്കയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള വഴി വീണ്ടും തുറന്നുകൊടുത്തത്. ഇരുവരും പൊതു ജനമധ്യത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി. അല്‍ക്ക 2019ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. വൈകാതെ എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തുകയും ചെയ്തു. 

ആം ആദ്മി നേതാക്കളുമായുള്ള നിരന്തരമായ തര്‍ക്കത്തിനിടെ  പാര്‍ട്ടിയുടെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് അല്‍കയെ നീക്കം ചെയ്തിരുന്നു. 2018 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനും അവര്‍ വിസമ്മതിച്ചു. കൂടാതെ കെജ്‌രിവാളിന്റെ റോഡ്ഷോയില്‍ നിന്ന് അല്‍ക വിട്ടു നില്‍ക്കുകയും ചെയ്തു.

ഏപ്രിലില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും കൈലാഷ് എംഎല്‍എയുമായ സൗരഭ് ഭരദ്വാജുമായി അല്‍ക ട്വിറ്ററില്‍ ഏറ്റുമുട്ടി. ഇതേ തുടര്‍ന് സൗരഭ് അല്‍കയോട് പാര്‍ട്ടിയില്‍ നിന്ന്  രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്‍ക പാര്‍ട്ടി നേതൃത്വം തന്നെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിച്ചു.

1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തെ ചൊല്ലി രാജീവ് ഗാന്ധിക്ക് ഭാരത് രത്ന റദ്ദാക്കണമെന്ന് ആംആദ്മി പ്രമേയം പാസാക്കിയിരുന്നു. ഈ പ്രമേയത്തെ ചൊല്ലിയാണ് അല്‍കയും ആംആദ്മിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ആരംഭിക്കുന്നത്. 

പാര്‍ട്ടിയുടെ പ്രമേയത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് അല്‍ക രംഗത്തെത്തി. അല്‍കയുടെ ഈ നീക്കം ആംആദ്മിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. 

'2013ല്‍ നിങ്ങളോടൊപ്പം ആരംഭിച്ച എന്റെ യാത്ര 2020ല്‍ അവസാനിച്ചു. പാര്‍ട്ടിയ്ക്കായ് ജീവിതം സമര്‍പ്പിച്ച വിപ്ലവകാരികളായ തൊഴിലാളികള്‍ക്കൊപ്പമായിരിക്കും എന്റെ ആശംസകള്‍. നിങ്ങള്‍ ഡല്‍ഹിയില്‍ ശക്തമായ ഒരു ബദലായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളോടൊപ്പമുള്ള എന്റെ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ അവിസ്മരണീയമാണ്, ഞാന്‍ നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു'. പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെ ചാന്ദ്നിചൗക്ക് എം.എല്‍.എ ആയ അല്‍ക ട്വീറ്റ് ചെയ്തു.

പിന്നീട് അല്‍ക വാര്‍ത്തകളില്‍ നിറയുന്നത് 2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. കോണ്‍ഗ്രസ് ചാന്ദ്‌നി ചൗക്കില്‍ തന്നെ അല്‍കയ്ക്ക്  സ്ഥാനാര്‍ത്ഥിത്തം നല്‍കി.  

'പോളിങ് ബൂത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ അകത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനുമായി എഎപി സ്ഥാനാര്‍ഥി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതാണ് ഞാന്‍ കണ്ടത്. ആ സമയത്ത് എഎപി പ്രവര്‍ത്തകനായ ഹര്‍മേഷ് മോശമായ ഭാഷയില്‍ എനിക്കെതിരെ സംസാരിച്ചു. അദ്ദേഹത്തെ പെട്ടെന്ന് അറസ്റ്റ് ചെയ്ത പോലീസിന് ഞാന്‍ നന്ദി അറിയിക്കുന്നു.'- അല്‍ക പറഞ്ഞു. ചാന്ദ്നി ചൗക്കില്‍ നടന്ന സംഭവത്തോടുള്ള അല്‍ക്കയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.  

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടയിലാണ് അല്‍ക ലാംബയും എ.എ.പി പ്രവര്‍ത്തകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. 

മന്‍ജു ക ടിലയ്ക്ക് സമീപമുള്ള പോളിങ് ബൂത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ പോലീസ് വിഷയത്തില്‍ ഇടപെടുകയും അല്‍ക പരാതി ഉന്നയിച്ചതോടെ എഎപി പ്രവര്‍ത്തകനെ പോലീസ് പിടിച്ചുമാറ്റുകയുമായിരുന്നു.   

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മിയില്‍ ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ട്ടിമാറിയുള്ള അല്‍കയുടെ അങ്കത്തെ ഡല്‍ഹിയിലെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.  

Content Highlight: Congress candidate Alka Lamba