ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങളെ സംബന്ധിച്ചുള്ള കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പോസ്റ്റ് വിവാദത്തിലായി. 'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന പോസ്റ്റാണ് വിവാദമായത്. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി രംഗത്തെത്തി. വിവാദമായതിന് പിന്നാലെ പോസ്റ്റ് കോണ്‍ഗ്രസ് പിന്‍വലിക്കുകയും ചെയ്തു.

To advertise here,

'ആദ്യം, നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അപമാനിച്ചു, ഇപ്പോള്‍ മുഴുവന്‍ ബിഹാറിനും സംഭവിച്ച അപമാനം - ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്വഭാവം, ഇത് രാജ്യത്തിന് മുന്നില്‍ ആവര്‍ത്തിച്ച് തുറന്നുകാട്ടപ്പെടുന്നു.' ബിഹാര്‍ ഉപമുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ അങ്ങേയറ്റം ലജ്ജാകരമായ പ്രവൃത്തിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിശേഷിപ്പിച്ചു. 'ബി എന്നാല്‍ ബീഡി മാത്രമല്ല, ബുദ്ധി (ബുദ്ധി) എന്നും അര്‍ത്ഥമാക്കുന്നുവെന്ന് കോണ്‍ഗ്രസിനോട് പറയുന്നു, അത് നിങ്ങള്‍ക്ക് കുറവാണ്. ബി എന്നാല്‍ ബജറ്റ് എന്നും അര്‍ത്ഥമാക്കുന്നു, ബീഹാറിന് പ്രത്യേക സഹായം ലഭിക്കുമ്പോള്‍ അത് നിങ്ങളെ അസൂയപ്പെടുത്തുന്നു.' ജെഡിയു നേതാവ് സഞ്ജയ് കുമാര്‍ ഝാ പ്രതികരിച്ചു.

കോണ്‍ഗ്രസ് വീണ്ടും ബിഹാറിലെ ജനങ്ങളെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മഹത്തായ ചരിത്രത്തെ പരിഹസിക്കുകയും ചെയ്തുവെന്നും രാജ്യസഭാ എംപികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ഫോര്‍ ബീഡിസ് എന്നും ബി ഫോര്‍ ബിഹാര്‍ എന്നും പറയുന്നവര്‍ സി ഫോര്‍ കോണ്‍ഗ്രസ്സ് എന്നും സി ഫോര്‍ കറപ്ഷന്‍ (അഴിമതി) എന്നുകൂടി പറണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നടത്തിയിട്ടില്ല.

ബുധനാഴ്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പുതിയ നിരക്കുകള്‍ അനുസരിച്ച്, നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തിന് പകരം ബീഡിക്ക് ഇനി 18 ശതമാനം നികുതി ഈടാക്കും. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍നിന്ന് 5 ശതമാനമായും ജിഎസ്ടി കൗണ്‍സില്‍ കുറച്ചിട്ടുണ്ട്.

അതേസമയം പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങള്‍ക്കായി 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.