ന്യൂഡൽഹി: അയോധ്യ സംഭാവനക്കൊള്ളയിൽ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. എല്ലാ ബി.ജെ.പി.ക്കാരും സംഭാവനക്കൊള്ളക്കാരല്ലെങ്കിലും എല്ലാ സംഭാവനക്കൊള്ളക്കാരും ബി.ജെ.പി.ക്കാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ പ്രമോദ് തിവാരി പറഞ്ഞു. അയോധ്യയിലെ കൊള്ള സംഭാവനയിൽ മാത്രമല്ല, ശിലാപൂജമുതൽ അത് തുടങ്ങി. വിഷയം രാജ്യസഭയിൽ തിങ്കളാഴ്ച ഉന്നയിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

‘‘ഞാനും അവധ് മേഖലയിൽനിന്നുള്ളയാളാണ്. യു.പി.യിൽ ടൂറിസം മന്ത്രിയുമായിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തെ അടുത്തുനിന്ന് കണ്ടയാളാണ്. അന്നുണ്ടായിരുന്ന മുദ്രാവാക്യം രാംലല്ല വരുമെന്നും ക്ഷേത്രം പണിയുമെന്നുമായിരുന്നു. എ.ബി. വാജ്‌പേയി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ എപ്പോൾ ക്ഷേത്രം പണിയുമെന്നു ചോദിച്ചപ്പോൾ പറഞ്ഞത്, കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ്. ശരിക്കും ബി.ജെ.പി. ഒരിക്കലും അയോധ്യയിൽ ക്ഷേത്രം പണിയാൻ ആഗ്രഹിച്ചിരുന്നില്ല. ഈ വിഷയം എപ്പോഴും സജീവമായി നിർത്തുക മാത്രമായിരുന്നു ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷേത്രത്തെക്കാൾ പ്രധാനമായിരുന്നു തിരഞ്ഞെടുപ്പ്. അതിനാൽ, അപൂർണമായ ക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങ് അദ്ദേഹം നിർവഹിച്ചു. ക്ഷേത്രട്രസ്റ്റിലെ ഓരോ അംഗത്തെയും മോദി ഇഷ്ടപ്രകാരം നിയമിച്ചു. അദ്ദേഹം ഉത്തരവാദിത്വം ഏൽപ്പിച്ച ആളുകൾ ചെയ്ത പാപങ്ങളിൽനിന്ന് മോദി എങ്ങനെ മോചിതനാകും?

ചമ്പത് റായി ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. വിഷയം കാലക്രമേണ മങ്ങുമെന്ന് മോദിസർക്കാർ കരുതുന്നു. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണത്‌. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരും. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ എസ്.ഐ.ടി.യുടെ നിഷ്പക്ഷ അന്വേഷണം വേണം’’ -പ്രമോദ് തിവാരി ആവശ്യപ്പെട്ടു.