ന്യൂഡൽഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്യുന്നത് സംബന്ധിച്ച് കൊളീജിയം മാറിചിന്തിച്ചേക്കും. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തേക്കുറിച്ച് കാലാകാലങ്ങളായി ഉയർന്നുവന്ന ആക്ഷേപംകൂടി കണക്കിലെടുത്താകാം ഇതുസംബന്ധിച്ച നീക്കം. കൊളീജിയം സമ്പ്രദായത്തിന് പകരം കേന്ദ്രം കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻ.ജെ.എ.സി.) നിയമം 2015-ൽ സുപ്രീംകോടതി റദ്ദാക്കിയെങ്കിലും ജഡ്ജി നിയമനം കൂടുതൽ സുതാര്യമാക്കാൻ ശ്രമങ്ങളാരംഭിച്ചിരുന്നു.
ലക്ഷ്യം സ്വജനപക്ഷപാതമെന്ന ആരോപണത്തിന് തടയിടൽ
സുപ്രീംകോടതിയിലയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ മക്കളേയും ബന്ധുക്കളേയും ശുപാർശ ചെയ്യുന്നത് വഴി ജുഡീഷ്യറിയിൽ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തിന് തടയിടാനാണ് കൊളീജിയത്തിന്റെ ശ്രമം. ജഡ്ജിമാരടങ്ങുന്ന കൊളീജിയം ജഡ്ജിമാരെ ശുപാർശ ചെയ്യുന്നതിലെ പ്രശ്നങ്ങളും സ്വജനപക്ഷപാതത്തിന്റെ സാധ്യതകളും ചർച്ചയാവാറുണ്ട്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിൽ പകുതിയോളവും സിറ്റിങ് ജഡ്ജിമാരുടെയോ വിരമിച്ച ജഡ്ജിമാരുടെയോ ബന്ധുക്കളാണെന്ന് എൻ.ജെ.എ.സി. കേസിന്റെ വാദത്തിനിടെ ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഒന്നാം തലമുറ അഭിഭാഷകർക്ക് ജഡ്ജിമാരാവാൻ കൂടുതൽ അവസരമൊരുക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കമെന്ന് കരുതാം.
ആശയം മുന്നോട്ടുവെച്ചത് കൊളീജിയത്തിലെ ജഡ്ജി
ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകരെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും ശുപാർശ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി കൊളീജിയങ്ങൾക്ക് നിർദേശം നൽകാമെന്ന ആശയം സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാരിലൊരാളാണ് മുന്നോട്ടുവെച്ചത്. കൊളീജിയത്തിലെ മറ്റുചില ജഡ്ജിമാരും ഇതിനോട് യോജിച്ചു. ജഡ്ജിമാരുടെ ബന്ധുക്കളിൽ യോഗ്യരായവർ തഴയപ്പെട്ടേക്കാമെങ്കിലും: ഒട്ടേെറ ആദ്യതലമുറ അഭിഭാഷകർക്ക് അവസരം ലഭിക്കട്ടേയെന്ന നിലപാടാണ് കൊളീജിയത്തിന്.
Content Highlights: Collegium to prevent nepotism in judiciary, decisive move
Published: 31 Dec 2024, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented