ന്യൂഡല്‍ഹി: വഖഫ് ബില്‍ ചര്‍ച്ച ചെയ്യാനുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്ല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തര്‍ക്കത്തിനിടെ വെള്ളം കുടിക്കുന്ന കുപ്പി കല്ല്യാണ്‍ ബാനര്‍ജി മേശയില്‍ അടിച്ചുപൊട്ടിച്ച് അധ്യക്ഷന് നേരെ വലിച്ചെറിഞ്ഞു. കുപ്പിയുടെ ഭാഗം കൊണ്ട് കല്യാണ്‍ ബാനര്‍ജിയുടെ വിരലുകള്‍ക്ക് മുറിവേറ്റു. എഐഎംഐഎം(ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍) നേതാവ് അസദുദ്ദീന്‍ ഒവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേര്‍ന്നാണ് കല്ല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. 

To advertise here,

ബിജെപി എംപി ജഗദാംബിക പാല്‍ ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. വിരമിച്ച ജഡ്ജിമാരും അഭിഭാഷകരും അടങ്ങുന്ന സംഘത്തിന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യം എതിര്‍പ്പുമായി തര്‍ക്കം തുടങ്ങിയത്. അസഭ്യ ഭാഷ ഉപയോഗിച്ചും ശബ്ദമുയര്‍ത്തിയും തര്‍ക്കം രൂക്ഷമായി. വഖഫ് സ്വത്ത് മാനേജ്മെന്റ് പരിഷ്‌കരിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ബില്‍ ഭേദഗതി ആവശ്യമാണെന്ന് വാദിച്ച് ബിജെപി അംഗങ്ങള്‍ ബില്ലിനെ ന്യായീകരിച്ചു. വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.അബദ്ധവശാല്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

തുടര്‍ന്ന് വഖഫ് ബില്ല് പരിഗണിക്കുന്ന പാര്‍ലമെന്ററി കമ്മറ്റിയിൽ നിന്ന് കല്യാണ്‍ ബാനര്‍ജിയെ സസ്‌പെന്‍ഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷസഖ്യം പിന്നീട് യോഗം ബഹിഷ്‌കരിച്ച് പുറത്തുപോയി. കമ്മിറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് ജഗദാംബിക പാലിനെ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചട്ടവിരുദ്ധമായാണ് അധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. 

തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലും രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ നടന്നിരുന്നു. വഖഫ് ഭേദഗതി ബില്ലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടാണ് ബില്ലില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ പ്രതിനിധികള്‍ പറഞ്ഞു. 

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമവിദഗ്ധര്‍, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, കമ്മ്യൂണിറ്റി പ്രതിനിധികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ ജെപിസി തുടര്‍ച്ചയായി യോഗങ്ങള്‍ നടത്തുന്നുണ്ട്.വഖഫ് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ 15 യോഗങ്ങളാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്.  കഴിഞ്ഞ ഓഗസ്തിലാണ് വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷസഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ബില്‍ ജോയിന്റ് പാര്‍ലമെന്ററി സമിതിക്ക് വിട്ടത്.