ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി.) പാർലമെന്റ് മാർച്ച് തിങ്കളാഴ്ച. പാർലമെന്റ് സമ്മേളനവും തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല. നിലവിൽ സമരം നടക്കുന്ന ജന്തർമന്തറിൽ വെച്ചുതന്നെ മാർച്ച് പോലീസ് തടയും.
മാർച്ച് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ പാർലമെന്റ്, ജന്തർമന്തർ പരിസരങ്ങളിൽ സർക്കാർ സുരക്ഷാ സന്നാഹം വർധിപ്പിച്ചു. വാങ്ചുക്കിനെ ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് മാറ്റിയതിനേത്തുടർന്ന് ജന്തർമന്തറിലെ സമരം ശക്തമായിട്ടുണ്ട്. സി.ജെ.പി.ക്ക് പുറമേ വിദ്യാർഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ., എ.ഐ.വൈ.എഫ്. തുടങ്ങിയവരും സമരം ശക്തമാക്കി.
തിങ്കളാഴ്ച രാവിലെ 11-ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാർച്ച് നടത്താനാണ് സി.ജെ.പി.യുടെ നീക്കം. ജൂൺ 20-നാണ് സി.ജെ.പി. ജന്തർമന്തറിൽ സമരം തുടങ്ങിയത്. ഇവരോടൊപ്പം ചേർന്ന സോനം വാങ്ചുക്ക് ജൂൺ 28-ന് നിരാഹാര സമരം തുടങ്ങി. ഇതോടൊപ്പംതന്നെ തൊട്ടടുത്ത പന്തലിൽ ഐസയുടെ നേതാക്കളും നിരാഹാരം ആരംഭിച്ചു.
വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും ഐസയുടെ മൂന്ന് വിദ്യാർഥികൾ നിരാഹാരം തുടരുകയാണ്. വാങ്ചുക്കിനെ മാറ്റിയതോടെ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ ശനിയാഴ്ച നിരാഹാരം തുടങ്ങിയിട്ടുണ്ട്.
വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്കുമാറ്റിയ നടപടി: ഇടപെടാതെ ഹൈക്കോടതി
ജന്തർമന്തറിൽ നിരാഹാരസമരം തുടരുന്നതിനിടെ സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്കുമാറ്റിയ പോലീസ് നടപടിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. നിരാഹാരസമരം നടത്തുന്നവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുന്നത് സ്വേച്ഛാപരമായ നടപടിയായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ നൽകിയ ഹർജിയിൽ നോട്ടീസയച്ചുകൊണ്ടാണ് ജസ്റ്റിസ് മിനി പുഷ്‌കർണയുടെ നിരീക്ഷണം. മൂന്നുദിവസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നാവശ്യപ്പെട്ട കോടതി കേസ് 24-ന് പരിഗണിക്കാനായി മാറ്റി.
ഹർജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, അവധിദിനമായിട്ടും ഞായറാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുകയായിരുന്നു. വാങ്ചുക്ക് തടങ്കലിലല്ലെന്നും അതിനാൽ ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തേടാൻ അവകാശമുണ്ടെന്നും ഗീതാഞ്ജലിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
ലഡാക്കിൽ വാങ്ചുക്ക് ഒരു പ്രശ്നവുമില്ലാതെ 35 ദിവസം നിരാഹാരം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്വന്തംനിലയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടാൻ വാങ്ചുക്ക് തയ്യാറാവാതിരുന്ന സാഹചര്യത്തിൽ സർക്കാരിന് നടപടിയെടുക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർമാർ വാങ്ചുക്കിന്റെ സമ്മതത്തോടെ ഉപ്പില്ലാത്ത ഒ.ആർ.എസും പൊട്ടാസ്യം ക്ലോറൈഡ് ഗുളികകളും മാത്രമാണ് നൽകുന്നത്. അതിനാൽ ബലപ്രയോഗം നടത്തിയെന്നോ ശരീരത്തിൻമേലുള്ള സ്വയംനിർണയാവകാശം ലംഘിച്ചുവെന്നോ പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഈഘട്ടത്തിൽ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി.
വാങ്ചുക്കിന്റെ ജീവൻരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ ഡോക്ടർമാർക്ക് അവകാശമുണ്ടെന്ന് ഉത്തരവിൽ എഴുതണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ, ഏത് ചികിത്സയ്ക്കും ഡോക്ടർമാരുമായി വാങ്ചുക്ക് സഹകരിക്കുമെന്ന് ഉത്തരവിൽ എഴുതിയെങ്കിലും കപിൽ സിബലിന്റെ എതിർപ്പിനെത്തുടർന്ന് ആ ഭാഗം ഒഴിവാക്കി.
അല്ലാത്തപക്ഷം, വാങ്ചുക്കിന്റെ സമ്മതമില്ലാതെ അദ്ദേഹത്തെ ബലമായി ചികിത്സിക്കുന്നതിലേക്ക് നയിക്കുമെന്ന് സിബൽ പറഞ്ഞു. തുടർന്ന്, ആരോഗ്യനിലയെക്കുറിച്ച് ആത്യന്തിക തീരുമാനം ഡോക്ടർമാരുടെ സംഘം തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി.
വാങ്ചുക്ക് കിടക്കുന്ന മുറിയിൽ പോലീസുകാരുടെ കാവലുണ്ടെന്നും അവരെ മാറ്റണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, ആശുപത്രി മുറിയിൽ പോലീസില്ലെന്ന് കേന്ദ്രം അറിയിച്ചു. തടങ്കലിലല്ലാത്തിടത്തോളം ആർക്കും ഒരിടത്തും തങ്ങളെ തടഞ്ഞുനിർത്താനാവില്ലെന്ന് ഗീതാഞ്ജലി പറഞ്ഞു.
Content Highlights: CJP organizes a protest march to Parliament demanding the Education Minister's resignation. Delhi Police denies permission for the march, planning to intercept protesters at Jantar Mantar. Sonam Wangchuk moved to Safdarjung Hospital; High Court refuses to intervene in medical transfer. Student organizations including AISA, SFI, and AIYF join the ongoing agitation. Court upholds medical team's authority while rejecting immediate intervention in police presence claims.
Published: 20 Jul 2026, 06:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented