മുംബൈ: തിരഞ്ഞെടുപ്പിന് ശേഷവും എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ ഭിന്നത അവസാനിക്കുന്നില്ല. മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തില്‍ ഇടംലഭിക്കാതിരുന്നതിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ പാര്‍ട്ടി അധ്യക്ഷന്‍ അജിത് പവാറിനെതിരെ രൂക്ഷപ്രതികരണമുയര്‍ത്തി. തന്റെ ഭാവി പദ്ധതി കാത്തിരുന്ന് കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി.

To advertise here,

'എല്ലാം അന്ധമായി പിന്തുടരുന്ന നിങ്ങളുടെ കയ്യിലെ കളിപ്പാട്ടമല്ല ഞാന്‍... ഛഗന്‍ ഭുജ്ബല്‍ അങ്ങനെയുള്ള ആളല്ല... മുഖ്യമന്ത്രി (ദേവേന്ദ്ര ഫഡ്നവിസ്) ഞാന്‍ മന്ത്രിസഭയില്‍ വരണമെന്ന് ആഗ്രഹിച്ചു. ഞാന്‍ അത് തിരിച്ചറിഞ്ഞു. മന്ത്രിസഭയില്‍ എന്നെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നതായി ഞാന്‍ മനസ്സിലാക്കി. പക്ഷേ എന്നെ ഒഴിവാക്കി. ഇനി ആരാണ് അതിന് പിന്നലെന്ന് കണ്ടെത്തണം' ഭുജ്ബല്‍ പറഞ്ഞു.

എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, എല്ലാ പാര്‍ട്ടിയിലും ആ പര്‍ട്ടിയുടെ തലവന്‍മാരായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബിജെപിയില്‍ ദേവേന്ദ്ര ഫഡ്നവിസും ശിവസേനയില്‍ ഏക്‌നാഥ് ഷിന്ദെയുമാണ് തീരുമാനം എടുക്കുന്നത്. അതുപോലെ, അജിത് പവാര്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ തീരുമാനമെടുക്കുന്നു. തന്നെ പുറംതള്ളിയതിന് പിന്നില്‍ അജിത് പവാറാണെന്ന് പറയാതെ പറഞ്ഞു ഭുജ്ബല്‍.

മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ തനിക്ക് വിഷമമില്ലെന്നും എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. 'അദ്ദേഹം (അജിത് പവാര്‍) എന്നോട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായും പറഞ്ഞു. ഞാന്‍ ഒരു മാസം മുമ്പ് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി, പക്ഷേ അവര്‍ എന്റെ പേര് പ്രഖ്യാപിച്ചില്ല. ഞാന്‍ ഒഴിവായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രാജ്യസഭയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചപ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എന്നോട് പറഞ്ഞു. എട്ട് ദിവസം മുമ്പ് എനിക്ക് രാജ്യസഭ വാഗ്ദാനം ചെയ്തു, അത് ഞാന്‍ നിരസിച്ചു. എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എങ്ങനെ രാജ്യസഭാംഗം സ്വീകരിക്കും? എനിക്ക് എങ്ങനെ രാജിവെക്കാനാകും? അത് ഇപ്പോള്‍ എന്റെ വോട്ടര്‍മാരോട് ചെയ്യുന്ന വഞ്ചനയാകും. ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം രാജ്യസഭയിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഇപ്പോള്‍ അല്ല' നാസികില്‍ തന്റെ അനുയായികളുമായി സംവദിക്കുന്നതിനിടെ ഭുജ്ബല്‍ പറഞ്ഞു.

രാജ്യസഭയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണ് ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

എന്നാല്‍ ആറ് മാസംമുമ്പാണ് താന്‍ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ഭുജ്ബല്‍ ഇതിന് മറുപടി നല്‍കി. അന്ന് അവര്‍ അത് നിരസിച്ചു. സുനേത്ര പവാറിനായിട്ടാണ് അന്ന് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്നും താന്‍ അതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷവും അവര്‍ അവസരം നിഷേധിച്ചു.

'പിന്നീട് രാജ്യസഭാ സീറ്റ് ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. നിങ്ങളില്ലാതെ യോല മണ്ഡലത്തില്‍ വിജയിക്കുക പ്രയാസമാണ്. നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ നിങ്ങളുടെ അനുയായികള്‍ സംസ്ഥാനത്തുടനീളം ശക്തമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. അതിനെ ഞാന്‍ എതിര്‍ത്തില്ല. അതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാനും എന്റെ പ്രവര്‍ത്തകരും വളരെ കഠിനാധ്വാനം ചെയ്തു, ഞാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു, നിങ്ങള്‍ രാജ്യസഭയിലേക്ക് അയക്കാമെന്ന്.
പക്ഷേ, അതിന് നിയമസഭയില്‍ നിന്ന് രാജിവെക്കേണ്ടി വരും. ഞാന്‍ ഇത് ചെയ്താല്‍ അത് എന്റെ മണ്ഡലത്തിലെ ജനങ്ങളോടുള്ള വഞ്ചനയാകില്ലേ'  ഭുജ്ബല്‍ ചോദിച്ചു.