ചെന്നൈ: മറീന ബീച്ചില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോയ്ക്കായി എത്തിയ ജനക്കൂട്ടം എന്ന പേരിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോയ്ക്കായി ഞായറാഴ്ച ചെന്നൈയിലെ മറീന ബീച്ചില്‍ തടിച്ചുകൂടിയ കാണികളില്‍ അഞ്ചുപേര്‍ മരിക്കുകയും 50-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നിര്‍ജലീകരണവും കടുത്ത ക്ഷീണവും മൂലമാണ് ജനങ്ങള്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്നും ഗതാഗത ക്രമീകരണങ്ങള്‍ പാളിയെന്നും പരിപാടിയില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ പോലും ഇടമില്ലാതെ ജനങ്ങള്‍ നില്‍ക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. 

'ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്' എന്ന തലക്കെട്ടുകളോടെ പങ്കുവെച്ചിട്ടുള്ള വീഡിയോകളില്‍ ജനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്നത് കാണാം. ചിലര്‍ റെയില്‍വേപാളത്തിലേക്ക് കാലുംനീട്ടി ഇരിക്കുന്നുണ്ട്. അതേസമയം, ട്രെയിനിന്റെ വാതിലുകളില്‍ വരെ തൂങ്ങിപ്പിടിച്ച് കിടക്കുന്ന യാത്രക്കാരെയും ചില വീഡിയോകളില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.