മുംബൈ: യുദ്ധത്തിൽ മരണംസംഭവിച്ചാൽ അഗ്നിവീർമാരുടെ അടുത്തബന്ധുക്കൾക്ക് പെൻഷന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ ബോംബെ ഹൈക്കോടതിയിൽ വ്യക്തമാക്കി. അഗ്നിവീർ സൈനികർക്ക് സാധാരണ സൈനികരെപ്പോലെ സമാനമായ സ്ഥാനം അവകാശപ്പെടാനാവില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീറിന്റെ അമ്മ നൽകിയ ഹർജിക്കെതിരേ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി രൂപകല്പനചെയ്ത ഒരു ഹ്രസ്വകാല ഇടപെടലാണ് അഗ്നിപഥ് പദ്ധതി. അതിനാൽ ഈ വ്യത്യാസം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കേന്ദ്രംവാദിച്ചു.
കഴിഞ്ഞവർഷം മേയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിനിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അഗ്നിവീർ മുരളി നായിക്കിന്റെ അമ്മ ജ്യോതിഭായ് നായിക്ക്, സാധാരണ സൈനികർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
കേന്ദ്രത്തിന്റെ അഗ്നിപഥ്പദ്ധതി അഗ്നിവീർമാരും സാധാരണ സൈനികരും തമ്മിൽ വേർതിരിവ് സൃഷ്ടിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അഗ്നിവീർമാർ നാല് വർഷത്തെ നിശ്ചിതകാലയളവിലേക്ക് നിയമിതരാണെങ്കിലും, സായുധസേനയിലെ പെൻഷൻ ആനുകൂല്യങ്ങളും മറ്റ് ശമ്പളവും ദീർഘകാലസേവനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഇതിന് മറുപടിനൽകി.
പുതിയ അഗ്നിപഥ് പദ്ധതി വഴി സായുധസേനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ദേശീയ സുരക്ഷാകാരണങ്ങളാലെടുത്ത നയപരമായ തീരുമാനമാണെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം നയപരമായ തീരുമാനങ്ങളിൽ ജുഡീഷ്യൽ അവലോകനങ്ങൾക്ക് പരിമിതിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി പ്രകാരം അനുവദനീയമായ എല്ലാ സാമ്പത്തികാനുകൂല്യങ്ങളും ഹർജിക്കാരന് കൃത്യമായി വിതരണംചെയ്തിട്ടുണ്ട്.
ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും ഉൾപ്പെടെ മൊത്തം നഷ്ടപരിഹാരം ഏകദേശം 2.3 കോടി രൂപയാണെന്നും കേന്ദ്രംവ്യക്തമാക്കി.
Content Highlights: Centre clarifies Agniveers are not entitled to military pensions. Agnipath scheme is defined as a short-term national security intervention. Government argues judicial review is limited for policy-based defense decisions. Agniveer family received 2.3 crore in insurance and compensation benefits.
Published: 12 May 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented