ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതിവിധിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും.
ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഭരണഘടനാ പരിരക്ഷയുണ്ട്. തങ്ങളുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ മറുപടി നല്‍കാന്‍ അവര്‍ക്ക് ബാധ്യതയില്ല. എന്നിരിക്കേ സുപ്രീംകോടതി സമയക്രമം നിശ്ചയിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന വാദമാകും കേന്ദ്രം ഉയര്‍ത്തുക. ഇത്രയും വലിയ ഭരണഘടനാ വ്യാഖ്യാനം നടത്തേണ്ടത് രണ്ടംഗ ബെഞ്ചായിരുന്നില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്. അതിനാല്‍ വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്ന വാദവും കേന്ദ്രം ഉയര്‍ത്തിയേക്കാം.
വിധിപറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജിയും പരിഗണിക്കുക. സാധാരണയായി ജഡ്ജിമാര്‍ അവരുടെ ചേംബറില്‍ത്തന്നെ പരിശോധിക്കുകയാണ് പതിവ്. അതേസമയം, പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിച്ച് വാദംകേള്‍ക്കണമെന്ന ആവശ്യവും ഉന്നയിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ അതനുവദിക്കുകയും ചെയ്യും. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നെങ്കില്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള അപേക്ഷയും കേന്ദ്രം നല്‍കാനാണ് സാധ്യത.
ഭരണത്തിന് ഗവർണർ തടസ്സമാകരുത് -സുപ്രീംകോടതി
എന്തുകാരണംകൊണ്ടായാലും ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കാൻ വിമുഖതയോ അലസതയോ കാണിക്കുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. ഗവർണർ ബോധപൂർവമോ അല്ലാതെയോ ഭരണത്തിന് തടസ്സം നിന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെ ബാധിക്കും. കേന്ദ്രത്തിലും സംസ്ഥാനത്തും വെവ്വേറെ പാർട്ടികളാണ് ഭരിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകുമെന്നതിനാൽ പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ ഗവർണർമാർ ജാഗ്രത പുലർത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.
പത്ത് ബില്ലുകൾ തടഞ്ഞുവെച്ച തമിഴ്നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച വിധിന്യായത്തിലാണ് കോടതി ഇക്കാര്യം വിശദീകരിച്ചത്. ബില്ലുകൾക്ക് അനുമതി നൽകുന്നതിലോ രാഷ്ട്രപതിക്കയക്കുന്നതിലോ ഗവർണറുടെ ഭാഗത്തുനിന്ന് ബോധപൂർവമായ നിഷ്‌ക്രിയത്വമുണ്ടായാൽ അത് ഫെഡറൽ തത്ത്വങ്ങൾക്ക് ഗുരുതര ഭീഷണിയാകും. ഗവർണർ തീരുമാനമെടുക്കാതിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പോംവഴികളില്ലാതാവരുത് -സുപ്രീംകോടതി.
കേന്ദ്രവും സംസ്ഥാനവും വെവ്വേറെ പാർട്ടികളാണ് ഭരിക്കുന്നതെങ്കിൽ ഗവർണർ ജാഗ്രത പുലർത്തണം
Content Highlights: Center objects to Supreme Courts time schedule for President and Governor
Published: 14 Apr 2025, 06:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented