ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി.) നേതാവ് മായാവതി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബി.എസ്.പിക്ക് കാര്യമായ പ്രയോജനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനമെന്ന് മായാവതി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല എന്നും മായാവതി വ്യക്തമാക്കി.
സഖ്യങ്ങളുമായി ചേര്‍ന്ന് മത്സരിച്ചിട്ടുള്ളപ്പോഴെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ബി.എസ്.പിക്ക് ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ഇതിനെ മുതലെടുക്കാന്‍ തക്കവണ്ണം രാജ്യത്തെ എല്ലാ പാര്‍ട്ടികളും ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് ശ്രമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുപറയാന്‍ കഴിയില്ല എന്നും മായാവതി വ്യക്തമാക്കി. ദളിത്, ആദിവാസി, മുസ്ലിം അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ സഹായത്തോടെ 2007-ല്‍ ബി.എസ്.പി. സംസ്ഥാനത്തെ അധികാരം പിടിച്ചിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മായാവതി വ്യക്തമാക്കി.
വര്‍ഗ്ഗീയതയിലും ജാതീയതയിലും വിശ്വസിക്കുന്നവരുടെ അടുത്തുനിന്നും സുരക്ഷിതമായ അകലം പാലിക്കുമെന്നും ബി.എസ്.പി. വിജയിക്കുന്നതിനായി പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മായാവതി പറഞ്ഞു. അതേസമയം, താന്‍ പാര്‍ട്ടിയില്‍ നിന്നും വിരമിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസമാണ് അനന്തരവന്‍ ആകാശ് ആനന്ദിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചത്.
ഇതോടെ മായാവതി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ആകാശിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് ശരിയാണെങ്കിലും അതിന് താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്ന് മായാവതി വ്യക്തമാക്കി. കൂടുതല്‍ ആര്‍ജവത്തോടെതന്നെ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പാര്‍ട്ടിയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
1990-2000 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായിരുന്നു മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി. എന്നാല്‍ പിന്നീട് ബി.എസ്.പിക്ക് സംസ്ഥാനത്തുള്ള പിന്തുണ കുറഞ്ഞുവരികയായിരുന്നു. 2022-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.8 ശതമാനം വോട്ട് മാത്രമാണ് ബി.എസ്.പിക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ബി.എസ്.പി. ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമായിരുന്നു ഇത്.
Content Highlights: mayawati's bsp to fight election alone, bsp declines alliance with any party, lok sabha election
Published: 15 Jan 2024, 06:45 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented